സിനിമയല്ല, അങ്കമാലിക്കാരുടെ ജീവിതം! ; റിവ്യു

സംഭവകഥകൾ സിനിമകളാവുമ്പോൾ അതിൽ സിനിമാറ്റിക്ക് ഇലമെന്റുകൾ ചേർക്കപ്പെടുക സ്വാഭാവികം. ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകൾ സംഭവകഥയെ അസംഭവ്യമായി ചിലപ്പോഴെങ്കിലും പ്രേക്ഷകന് അനുഭവപ്പെടുന്നതാക്കും. എന്നാൽ അത്തരം ‘കലാപരമായി കൈകടത്തലുകൾ’ ഇല്ലാത്ത യാഥാർഥ്യ ബോധത്തോട് ചേർന്നു നിൽക്കുന്ന സിനിമയാണ് അങ്കമാലി ഡയറീസ്.
പേരു പോലെ തന്നെ അങ്കമാലിയിലെ ശരാശരിക്കാരുടെ ജീവിതമാണ‌് ഡയറീസിന്റെ ക്യാൻവാസിലുള്ളത്.‌

പോർക്കും പെരുന്നാളും പൊടിപാറുന്ന അടിയുമായി ജീവിതം ആഘോഷമാക്കുന്ന അങ്കമാലിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. പറയത്തക്ക കാരണമൊന്നുമില്ലാതെ ഇവർ ഏർപ്പെടുന്ന ചില കയ്യാങ്കളികൾ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. ചോരത്തിളപ്പിന്റെ പുറത്ത് ചാടിക്കേറുന്ന സ്വഭാവം അവനവന് ദോഷകരമായി ഭവിക്കുന്നതും അതിനെ നേരിടാൻ ഇവർ‌ നടത്തുന്ന പരിശ്രമവുമാണ് ചിത്രം പറയുന്നത്.

അങ്കമാലിക്കാരുടെ ജീവിത – സ്വഭാവ ശൈലികൾ പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഫ്ലാഷ് ബാക്കിലേക്കു പോകുന്ന ചിത്രം കഥാപാത്രങ്ങളുടെ രൂപപ്പെടലുകൾ പ്രേക്ഷകന് വിവരിച്ചു കൊടുക്കുന്നു. ആദ്യ അരമണിക്കൂറിൽ തന്നെ കാഴ്ചക്കാരനെ സിനിമയ്ക്കുള്ളിലേക്കും കഥാപാത്രങ്ങൾക്കിടയിലേക്കും ആകർഷിക്കാൻ അണിയറക്കാർക്കാവും. പ്രണയവും ‌പ്രണയപരാജയവും കശപിശകളും മാത്രമുള്ള ഒന്നാം പകുതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രണ്ടാം പകുതിയിലേക്കാണ് ചിത്രം പോകുന്നത്. ‌

അടിപിടികൾ വെട്ടിനും കുത്തിനും വഴിമാറുന്ന രണ്ടാം പകുതിയിൽ കഥ കുറച്ചു കൂടി ഗൗരവതരമാവുന്നു‌. ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ നിന്ന് പൊരുതുന്ന കഥാപാത്രങ്ങളെയാണ് അവിടെ കാണാനാകുക. ക്ലൈമാക്സിലെ 11 മിനിറ്റ് നീളുന്ന ഒറ്റ ഷോട്ടും പ്രധാന ആകർഷണമാണ്.

അതിസാധാരണമാം വിധം അഭിനയിച്ച 86 കലാകാരന്മാരെ അങ്കമാലി ഡയറീസ് മലയാളത്തിനു സമ്മാനിച്ചു. നായക വേഷത്തിലെത്തിയ ആന്റണി ‌ഭാവിയുള്ള താരമാണെന്ന് തെളിയിച്ചു. ചെമ്പൻ വിനോദ് ജോസിന്റെ അനിയനായ ഉല്ലാസ് ജോസ് ചെമ്പൻ മുതൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും മികച്ചു നിന്നു. അസ്വാഭാവികമായ അഭിനയമുഹൂർത്തങ്ങൾ ചൂഴ്ന്നു നോക്കിയാൽ പോലും കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാവും.

ഛായാഗ്രഹണം നിർവഹിച്ച ഗിരീഷ് ഗംഗാധരൻ ക്യാമറയുമായി സിനിമയിലുടനീളം അഭിനേതാക്കളെ പിന്തുടരുയാണ്. അവസാന ഷോട്ടൊക്കെ സംവിധായകന്റെ മനസ്സറിഞ്ഞ് ഒപ്പിയെടുത്തു അദേഹം. എഡിറ്റിങ്ങും റീ റിക്കോർഡിങ്ങും ഒന്നിനൊന്ന് മികച്ചു നിന്നു. പ്രശാന്ത് പിള്ളയയുടെ മിതത്വം കലർന്ന സംഗീതം സിനിമയ്ക്ക് യോജിച്ചതായി. പ്രതിഭയുള്ള സംവിധായകനാണ് താനെന്ന് പണ്ടേ തെളിയിച്ച ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കൽ കൂടി അത് ഉൗട്ടിയുറപ്പിച്ചു. പുതുമുഖങ്ങളെ വച്ചു മാത്രം കുറ്റമറ്റതെന്നു പറയാവുന്ന സിനിമയെടുത്ത അദ്ദേഹം അഭിനന്ദനമർഹിക്കുന്നു.

അങ്കമാലിയിലെ കമ്മട്ടിപ്പാടം എന്നതാണ് ഇൗ ചിത്രത്തിന് കൊടുക്കാവുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം. കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചു തെളിഞ്ഞ പ്രതിഭകൾ ഒരുപാടുണ്ടായിരുന്നെങ്കിൽ ഇവിടെ എല്ലാവരും പുതുമുഖങ്ങളാണെന്നതാണ് പ്രത്യേകത. എന്റെർടെയിനറെന്നോ ആന്റനെന്നോ കോമഡിയെന്നോ ഒന്നും ഇൗ ചിത്രത്തെ തരംതിരിക്കാനാവില്ല. ഇതിൽ എല്ലാമുണ്ട്. ഒന്നും അധികമല്ല താനും.

ഒരു സിനിമ കണ്ടതു പോലെയല്ല മറിച്ച് അങ്കമാലിയിൽ ഒരു 5 കൊല്ലം താമസിച്ച അനുഭവമാണ് ഇൗ ചിത്രം കാഴ്ചക്കാരന് സമ്മാനിക്കുക. സംഭവകഥയാണെന്ന അവകാശവാദമൊന്നും അണിയറക്കാർ ഒരിടത്തും ഉന്നയിക്കുന്നില്ലെങ്കിലും പ്രേക്ഷകന് അങ്ങനെയൊരു അനുഭവമാകും ഇൗ സിനിമ കൊടുക്കുക.