ആ യുദ്ധരംഗങ്ങൾക്ക് പിന്നിൽ സാലു ജോർജ്

പൊടിപ്പറത്തി മുന്നേറുന്ന ടാങ്കുകളും യുദ്ധ സന്നാഹങ്ങളും 1971 ബിയോണ്ട് ദ് ബോർഡേഴ്സ് എന്ന മേജർ രവി -മോഹൻലാൽ ചിത്രത്തെ പ്രേക്ഷകർക്കിടിയിൽ ചർച്ചയാക്കിയിരിക്കയാണ്. കലാസംവിധായകനായ സാലു കെ.ജോർജിന്റെ കരവിരുതിൽ വിടർന്ന ട്രെഞ്ചുകളും ടാങ്കുകളുമാണു സിനിമയിൽ കാണുന്നത്.പലപ്പോഴും ഒറിജിനലിനെ വെല്ലുന്നതു എന്നു തോന്നിപ്പോകുന്ന തരത്തിലുള്ള കാഴ്ചകളെ എങ്ങനെ ഉണ്ടായെന്നു സാലു കെ.ജോർജ് പറയുന്നു. 

1971ലെ യുദ്ധരംഗങ്ങൾ പുനസൃഷ്ടിക്കുക എന്ന വെല്ലുവിളിയാണു സാലുവിനും സംഘത്തിനു മുന്നിലുണ്ടായിരുന്നത്. യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ പലരെയും കാണുകയും ഇത് സംബന്ധിച്ചു പുസ്തകങ്ങളൽ നിന്നുള്ള അറിവുമാണു ഇതിനു സഹായിച്ചതെന്നു സാലു പറയുന്നു. മേജർ രവിയുടെ ബന്ധങ്ങളും ഏറെ ഗുണം ചെയ്തു. 

അന്നത്തെ ആയുധങ്ങളും ടാങ്കുകളുമെല്ലാം ഇന്നത്തേതിൽ‌‍‍ നിന്നു ഏറെ വ്യത്യസ്തമായിരുന്നു. സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്നതു മാത്രമാണു യഥാർത്ഥ ടാങ്ക്. 1971ലെ ടാങ്കാക്കി ഇതിനെ മാറ്റാൻ പുതിയ ടാങ്കിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫൈബറും മെറ്റലും ഉപയോഗിച്ചാണു ബാക്കി ടാങ്കുകൾ നിർമിച്ചിരിക്കുന്നത്. കൊച്ചിയിലെ സാലുവിന്റെ വർക്‌ഷോപ്പിലാണു മറ്റ് ആയുധങ്ങളൊക്കെ നിർമിച്ചത്. 

പഴയ കാലത്തെ ഒരു ട്രെയിൻ ബോഗിയും സിനിമയ്ക്കായി നിർമിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സൂറത്ത്കലിലാണു ഇതിന്റെ സെറ്റ് തയ്യാറാക്കിയത്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ട്രഞ്ചാണു സിനിമയ്ക്കു വേണ്ടി രാജസ്ഥാനിൽ കുഴിച്ചത്. അസോസിയേറ്റുമാരായ ശ്യാം,ലിജു എന്നിവരുടെ നേതൃത്വത്തിൽ 60 അംഗ സംഘമാണു ഒരു മാസത്തോളം രാജസ്ഥാനിൽ തങ്ങി െസറ്റുകൾ തയ്യാറാക്കിയത്.

മണൽ അണലിയുടെ ശല്യം കാരണം ജൂനിയർ ആർട്ടിസ്റ്റ് ഉൾപ്പെടെ ബൂട്ടുകൾ ധരിച്ചാണു മരുഭൂമിയിൽ ജോലി ചെയ്തത്. പൊള്ളാച്ചി,ഒറ്റപ്പാലം, ജോർജിയ എന്നിവടങ്ങളാണു സിനിമയുടെ മറ്റ് ലൊക്കേഷനുകൾ.മോഹൻലാൽ യുഎൻ സേനയുടെ ഭാഗമാകുന്ന രംഗങ്ങളാണു ജോർജിയയിൽ ചിത്രീകരിച്ചത്. എപ്പോഴും മഞ്ഞു വീഴുന്ന ജോർജിയ പ്രക്ഷേകരെ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഞങ്ങൾ കഴിവിന്റെ പരമാവധി വർക്ക് ചെയ്തിട്ടുണ്ട്. ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരമാണ്. ഏറെ അഭിമാനം തന്ന വർക്കാണു ഇതെന്നു സാലു.കെ.ജോർജ് പറയുന്നു.