ഞാൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല; സന്തോഷ് പണ്ഡിറ്റ് അഭിമുഖം

സന്തോഷ് പണ്ഡിറ്റ് സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ സിനിമയിൽ സ്വപ്നറോൾ കിട്ടിയ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. ഇത് ആദ്യമായാണ് മുഖ്യധാരസിനിമകളുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് മാറുന്നത്. രാജാധിരാജ എന്ന സൂപ്പർഹിറ്റിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാറിനൊപ്പം പണ്ഡിറ്റ് എത്തുക. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. പുതിയ സിനിമയെക്കുറിച്ചും സിനിമ വന്ന വഴിയെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്നു.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണോ?

തീർച്ചയായും. ഇതുപോലൊരു അവസരം ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമയിൽ അഭിനയിക്കുക എന്നുള്ളത്. അതിന്റെ ത്രില്ലിലാണ് ഞാൻ. പ്യൂണിന്റെ റോളാണ്. നിരവധി കോംബിനേഷൻ രംഗങ്ങളുണ്ട്. നന്നായിട്ട് ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

മുഖ്യധാര സിനിമകളെ പരിഹസിച്ച ആൾ മുഖ്യധാര സിനിമയുടെ ഭാഗമാകുമ്പോൾ?

ഞാൻ സിനിമയെ പരിഹസിച്ചിട്ടില്ല.  ഇങ്ങനെയും സിനിമയെടുത്ത് വിജയം നേടാം എന്നുകാണിച്ചു തന്നുവെന്ന് മാത്രം. എന്നും എപ്പോഴും എന്റെ ലക്ഷ്യം മുഖ്യധാരസിനിമകൾ തന്നെയായിരുന്നു. പക്ഷെ ആരോടും നേരിട്ട് പോയി വേഷം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല. അങ്ങനെ ചോദിക്കണമെങ്കിൽ അഭിനയത്തിൽ മുൻപരിചയം വേണം. ഞാൻ ഇത്രയും സിനിമകൾ എടുത്തത് എക്സ്പീരിയൻസിന് വേണ്ടിയാണ്. എന്റെ സിനിമകളാണ് എന്നെ മുഖ്യധാരയിലേക്ക് എത്തിച്ചത്. മാർഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നാണല്ലോ. എന്റെ ലക്ഷ്യം എന്നും ഇതായിരുന്നു.

താങ്കളെ വിമർശിച്ചവർക്കൊപ്പമാണ് അഭിനയിക്കുന്നത്. അതിനെക്കുറിച്ച്?

എല്ലാവരുടെയും ലക്ഷ്യം ഉയർച്ചയാണ്. എല്ലാവരും എന്നെ വിമർശിച്ചതും ചവുട്ടിതേച്ചതും അവരുടെ ഉയർച്ചയ്ക്കുവേണ്ടിയാണ്. ഞാൻ സിനിമയിൽ നിലനിൽക്കുന്ന ചില കാര്യങ്ങളെയാണ് വിമർശിച്ചിട്ടുള്ളത്. മമ്മൂട്ടിയെയും മോഹൻലാലിനെയും ഞാൻ വിമർശിച്ചിട്ടില്ല, ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. അതുകൊണ്ട് എനിക്ക് ആരോടൊപ്പവും അഭിനയിക്കാൻ മടിയില്ല. പക്ഷെ എന്ത് ഉയർച്ചയുടെ പേരിലാണെങ്കിലും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. </p>

മമ്മൂട്ടി ചിത്രത്തിന് വേണ്ടി സ്വന്തം സിനിമകൾ മാറ്റിവയ്ക്കേണ്ടി വന്നോ?

ഈ ചിത്രം കമിറ്റ് ചെയ്തതുകാരണം എന്റെ ഉരുക്കുസതീശന്റെ ഷൂട്ടിങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു. അതിൽ തലമൊട്ടയടിച്ച ഗെറ്റപ്പിലാണ് എത്തേണ്ടത്. ആ ഗെറ്റപ്പ് ഈ സിനിമയിൽ പറ്റില്ല. ഇതിന്റെ ഷൂട്ടിങ്ങ് തീർന്നാലുടൻ ഉരുക്കുസതീശന്റെ വർക്കുകൾ പുനരാരംഭിക്കും. പ്രതീക്ഷിച്ച സമയത്ത് സിനിമ റീലീസ് ചെയ്യാൻ സാധിക്കാത്തതിൽ ആരാധകരോട് ക്ഷമചോദിക്കുന്നു.

സന്തോഷ്പണ്ഡിറ്റിന്റെ പോസ്റ്റുകൾ വൈറലാണല്ലോ?

സാധാരണക്കാരന്റെ പൾസ് അറിയുന്ന സാധരണക്കാരനല്ലേ ഞാൻ. സാധരണക്കാരുടെ പ്രശ്നങ്ങൾ അവരുടെ മനസ് എനിക്കറിയാം. എന്റെയും അവരുടെയും ചിന്താഗതി ഒരുപോലെയാണ്. എന്റെ മനസിൽ തോന്നുന്ന കാര്യങ്ങൾ മറയില്ലാതെ എഴുതുന്നത് ആളുകൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. സന്തോഷ്പണ്ഡിറ്റ് ഒരു സിനിമാനടൻ മാത്രമല്ലല്ലോ ഒരു സർക്കാർ ജീവനക്കാരൻ കൂടിയായിരുന്നല്ലോ. അത് അറിയാവുന്നവർ എന്റെ അഭിപ്രായങ്ങൾ മാനിക്കാറുണ്ട്.