പേളി പറയുന്നു ബീ പൊസിറ്റിവ്

Pearle Maaney

ടിവി ഷോകളിൽ കട്ടയ്ക്കു നിൽക്കുന്ന, കുഞ്ഞുകുട്ടികളെപ്പോലും കൈയിലെടുക്കുന്ന, ആരെയും ബോർ അടിപ്പിക്കാത്ത അവതാരകയും  സിനിമയിൽ ബോൾഡ്, ബോയിഷ്, ബ്യൂട്ടിഫുൾ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന നടിയും– ഇത്രയും മനക്കട്ടി എങ്ങനെ കിട്ടിയെന്നു ചോദിച്ചാൽ പേളി മാണി പറയും, അച്ഛൻ തന്നതാണെന്ന്. അച്ഛൻ എന്നാൽ  ഡോ. മാണി പോൾ എന്ന മോട്ടിവേഷനൽ ട്രെയിനർ.

പേളിയുടെ പാഠങ്ങൾ

1. ബോഡി ലാംഗ്വേജ് 

ഓഫിസിൽ വച്ച് ഒരു പെൺകുട്ടിയെ എങ്ങനെ നോക്കണം, എങ്ങനെ ഷേക് ഹാൻഡ് കൊടുക്കണം, എങ്ങനെ വിഷ് ചെയ്യണം, എത്ര വലിയ  ഉദ്യോഗസ്ഥരായാലും പലർക്കും ഇതൊന്നും അറിയില്ല.  ബോഡി ലാംഗ്വേജ് പഠിപ്പിക്കുകയാണ്  ആദ്യം വേണ്ടത്. 

2. ഇക്യു കൂടി വേണം

ഐക്യു മാത്രം പോര ഇക്യു കൂടി ഉണ്ടെങ്കിലേ ജോലിയിൽ ഉയർച്ചയുണ്ടാകൂ.  വികാരപ്രകടനങ്ങൾ എങ്ങനെ വേണമെന്നു പരിശീലിപ്പിക്കണം. ദേഷ്യത്തോടെയോ സങ്കടത്തോടെയോ ഇരിക്കുമ്പോൾ ഒരു വലിയ അസൈൻമെന്റ് ഏൽപിച്ചാൽ എങ്ങനെ ചെയ്യും. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള വഴികൾ അറിയണം.

3. ഹ്യൂമർ ക്ലാസുകൾ

ചിരിക്കാൻ പഠിപ്പിക്കുന്ന ക്ലാസ് ചിരിച്ചുകൊണ്ട്, ചിരിപ്പിച്ചുകൊണ്ട് എടുക്കണം.

 ശ്ശ്..സൂക്ഷിക്കൂ...

വിമർശിക്കാനെത്തുന്നവരെ വല്ലാതങ്ങ് മൈൻഡ് ചെയ്യേണ്ടന്നാണ് പേളി പറയുന്നത്. കാരണം ഭൂരിഭാഗം വിമർശകരുടെയും ലക്ഷ്യം നമ്മളെ ഇല്ലാതാക്കലാണ്. നല്ല വിമർശകരെ തിരിച്ചറിയാൻ ഒരു തന്ത്രമുണ്ട്. അവർ ഒരിക്കലും നമ്മെ വേദനിപ്പിക്കില്ല. തുറന്നടിച്ചപോലെ വിമർശിക്കുന്നവരെ സൂക്ഷിച്ചോ..നമ്മെ മാനസികമായി തളർത്തുകയാണ് അവരുടെ ലക്ഷ്യം. 

ഇനി കട്ടവിമർശനം കേട്ട് ആകെ നെഗറ്റീവ് ആയിപ്പോയാലോ. ‘ഞാൻ ചെയ്യുന്നതുപോലെ ചെയ്തോളൂ’ എന്നു പേളി പറയുന്നു. ‘പേളി.. യു ആർ എക്സലന്റ്. പോയി തകർത്തിട്ടു വാ..മക്കളേ’ എന്ന് മനസ്സിൽ പറഞ്ഞു നേരെ സ്റ്റേജിൽ കയറും. 

വിത്തു വിതയ്ക്കൽ

മോട്ടിവേഷൻ ക്ലാസിനെ പേളി  കാണുന്നതു നല്ല ചിന്തകളുടെ വിത്തു വിതയ്ക്കലായാണ്. എത്ര ഫലം തരുന്ന വിത്തും മാർബിൾ സ്ലാബിൽ വിതച്ചിട്ടു കാര്യമില്ലല്ലോ. 

ചെളിയിൽ തന്നെ വീഴണം. 

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആളുകളുടെ മനസ്സു തുറപ്പിക്കലാണ് ആദ്യം ചെയ്യുന്നത്. ചിരിക്കുമ്പോഴാണു നാം  നന്നായി മനസ്സു തുറക്കുന്നത്. 

 ചിന്തയാണ് എല്ലാം

നാം എന്തു ചിന്തിക്കുന്നുവോ എത്ര ശക്തമായി ചിന്തിക്കുന്നുവോ അങ്ങനെ തന്നെ വരും. ചിലർ കല്യാണം കഴിക്കുന്നതു തന്നെ ഇതു ഡിവേഴ്സ് ആകുമോ എന്നു ചിന്തിച്ചാണ്.

ഒരു സംശയവുമില്ല. ഡിവോഴ്സ് ആയിരിക്കും. പ്രകൃതിയെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രിക് സിഗ്‌നലുകളാണ് ചിന്തകൾ. അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പ്രകൃതിയിൽ എത്തിയിരിക്കും. നല്ല ചിന്തകൾ ഉണ്ടാക്കിയെടുക്കുക എന്നതാണു പ്രധാനം.