അഞ്ജുവും മഞ്ജുവുമല്ല, അഗസ്റ്റീന

അജു വർഗീസ് ഭാര്യ അഗസ്റ്റീന

തട്ടത്തിൻ മറയത്തിൽ അഞ്ജുവിനെയും മഞ്ജുവിനെയും മാറി മാറി പ്രണയിച്ച പഞ്ചാരക്കുട്ടൻ അജു വർഗീസ് ഒടുവിൽ വിവാഹിതനാകുന്നു. എന്നാൽ സിനിമയിലെ പോലെ പ്രണയ വിവാഹമൊന്നുമല്ല കേട്ടോ അജുവിന്റേത്.

കൊച്ചി സ്വദേശിയായ അഗസ്റ്റീനയാണ് വധു. ഈ മാസം 24ന് കൊച്ചി കടവന്ത്രയിലെ എളംകുളം പള്ളിയിൽ വെച്ചാണ് വിവാഹം. കല്യാണ സങ്കൽപ്പങ്ങളും പുതിയ സിനിമാ വിശേഷങ്ങളും അജു മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നു.

∙വിവാഹം ചെയ്യുന്ന പെൺകുട്ടി?

1— സിനിമ ഇഷ്ടപ്പെടുന്ന ആളായിരിക്കണം

2— എന്റെ ജോലിയെക്കുറിച്ച് നന്നായി മനസിലാക്കണം

3— കുക്കിങ്ങ് നന്നായി അറിയണം

4— എല്ലാത്തിനുമുപരി വിദ്യാഭ്യാസം.

ഇതെല്ലാം ഒത്തിണങ്ങിയ കുട്ടിയെ തന്നെ കിട്ടി എന്നു പ്രത്യേകം പറയേണ്ടല്ലോ?

∙കോമഡിയിൽ തകർത്ത് പ്രണയിത്തിലെത്തുമ്പോൾ?

കോമഡിയും പ്രണയവുമെല്ലാം അഭിനയിക്കാം, പക്ഷേ, എല്ലാത്തിന്റേയും പെർഫെക്ഷൻ എന്നു പറയുന്നത് സംവിധായകനുമായുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കും. എനിക്കു കംഫർട്ടബിൾ ആകുന്ന സംവിധായകനാണെങ്കിൽ കോമഡിയും പ്രണയവും മാത്രമല്ല വേണമെങ്കിൽ വില്ലനാകാനും ഞാൻ റെഡി. ചെയ്യുന്ന കഥാപാത്രങ്ങൾ ആത്മാർത്ഥതയോടെ ചെയ്യാൻ സംവിധായകരുമായി നല്ലൊരു ബന്ധം ഉണ്ടാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്്.

∙ചെയ്ത സിനിമകളിൽ ഏറ്റവുമിഷ്ടം?

അതൊരു വല്ലാത്ത ചോദ്യമാണ്. എല്ലാ കാരക്ടറും ഓരോ രീതിയിൽ എനിക്കിഷ്ടാണ്. എങ്കിലും കൂടുതൽ ഇഷ്ടം എപ്പോഴും മലർവാടി ആർട്സ് ക്ലബ് തന്നെ. മലർവാടി ഇല്ലായിരുന്നെങ്കിൽ ഞങ്ങളാരും ഉണ്ടാകുമായിരുന്നില്ല. അല്പം സാഹിത്യം കലർത്തിപ്പറഞ്ഞാൽ എന്നെ ഞാനാക്കിയത് മലർവാടിയാണ്.

∙കിട്ടുവെന്ന ഞാൻ...!!!

നാട്ടുകാർ എന്നെ ഇപ്പോഴും വിളിക്കുന്നത് കിട്ടുവെന്നാണ്. നിവിൻ പോളിയുടേയും ഭഗതിന്റേയും ഫോണിൽ ഇപ്പോഴും എന്റെ നമ്പർ കിട്ടു എന്ന പേരിൽ. മലർവാടി എന്ന ചിത്രം അജു വർഗീസിനിട്ട ചെല്ലപ്പേര് അങ്ങനെയങ്ങ് ഒഴിവാക്കാൻ പറ്റോ?

∙വാലന്റൈൻ ആഘോഷത്തിന് ഇരട്ടിമധുരം?

ഇത്തവണത്തെ വാലന്റൈൻ സ്പഷ്യൽ ‘ഓം ശാന്തി ഓശാന തന്നെ. പ്രേക്ഷകർക്കിഷ്ടപ്പെടുന്നൊരു ചിത്രം, അതിലും വലിയ ആഘോഷം വേറെയെന്താണ്? പിന്നെ സുഹൃത്തുകൂടിയായ നടൻ രജിത് മേനോൻ സംവിധാനം ചെയ്യുന്ന ‘ലൗ പോളിസി എന്ന മ്യൂസികൽ ആൽബം. ഫെബ്രുവരി 14നാണ് ആൽബത്തിന്റെ ഒഫീഷ്യൽ റിലീസിങ്ങ്.

∙അടുത്ത പ്രൊജക്്ടുകൾ?

ദിലീപേട്ടൻ നായകനാകുന്ന റാഫിചിത്രം റിങ്ങ് മാസ്റ്റർ. അതിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. വൊക്കേഷൻ തകർക്കാനൊരുങ്ങുന്ന കംപ്ലീറ്റ് എന്റർടെയ്നർ. പ്രധാന കഥാപാത്രങ്ങൾ രണ്ടു നായകളാണെന്ന പ്രത്യേകത തന്നെ സിനിമയ്ക്കുണ്ട്.

ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുമെന്നുറപ്പാണ്. അവധിക്കാലത്ത് തീയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം പോളി ടെക്നിക്ക്. നല്ല നാടൻ സിനിമ. അതാണ് പോളി ടെക്നിക്. അവധിക്കാലം ആഘോഷിക്കാൻ സിനിമകൾ റെഡിയായിക്കൊണ്ടിരിക്കുന്നു.