ലാലിസമല്ല, അനന്യയുടെ കല്യാണിസം

അനന്യ

‘കല്ല്യാണിസം എന്ന വാക്ക് ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്നത് അനന്യയുടെ ജീവിതവുമായിട്ടാണ്. ഒരു പ്രണയ വിവാഹവും അതിനെചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കല്ല്യാണിസം എന്ന സിനിമയുടെ പ്രമേയമെങ്കിൽ അനന്യയുടെ ജീവിതം കീഴ്മേൽ മറിച്ചത് പ്രണയവും വിവാഹവുമൊക്കെയായിരുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ഈ പ്രിയ നായിക അഭിനയലോകത്ത് വീണ്ടും സജീവമാകുകയാണ്.

∙ പുതിയ ചിത്രമായ കല്ല്യാണിസത്തിലെ വിശേഷങ്ങൾ?

ഇത് ഒരു ദുബായ് കഥയാണ്. അവിടുത്തെ ജീവിതമാണ് ഈ ചിത്രത്തിന്റെ കഥ. അവിടെ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകൻ അനുറാം കഥയെഴുതിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് കല്യാണി എന്നാണ്. വിവാഹശേഷമുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ.

∙ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ നായികയായെത്തുന്നത് ടെൻഷനുണ്ടായിരുന്നോ?

ടെൻúഷനൊന്നും ഇല്ലായിരുന്നു. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ്. വീട്ടമ്മയുടെ വേഷം. ഒരു മകളുണ്ട്. വസ്ത്രധാരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഈ ചിത്രത്തിൽ മുഴുനീളം സാരിയാണ് ഉടുക്കുന്നത്. അതും കോട്ടൻസാരി. സാരി ഉടുക്കുമ്പോൾ തന്നെ നമുക്ക് സ്വയം ഒരു പക്വത തോന്നും. പിന്നെ മേക്കപ്പ് തീരെയില്ലായിരുന്നുവെന്ന് പറയാം. ഒരു സാധാരണ വീട്ടമ്മയുടെ രീതിയിലാണ് മുടിയൊക്കെ കെട്ടിയിരുന്നത്.

കല്യാണി നാട്ടിൻപുറത്തെ കുട്ടിയാണ്. ഒരു പെൺകുട്ടിയുടെ പോസിറ്റീവ് എനർജിയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളെ അടിച്ചമർത്തി നാലു ചുവരുകൾക്കുള്ളിൽ നിർത്തരുത്. അവരുടെ കഴിവുകൾ പുറത്തെടുക്കാൻ അവസരം നൽകിയാൽ നല്ലൊരു ജീവിതം ഉണ്ടാകും. സ്ത്രീക്കു വളരെ പ്രാധാന്യമുള്ള സിനിമയാണ് കല്യാണിസം. അതേ സമയം കുടുംബചിത്രവുമാണ്. കൈലാഷ് ആണ് നായകൻ. മുകേഷ് ഏട്ടനും ഈ ചിത്രത്തിലുണ്ട്. ദുബായിൽ ചെന്നിട്ടും നാട്ടിൻ പുറത്തെ വേഷങ്ങളാണ് കല്യാണി ധരിക്കുന്നത്. സാധാരണ സ്ത്രീകളൊക്കെ ദുബായിൽ എത്തിയാൽ അവിടുത്തെ വസ്ത്രധാരണം സ്വീകരിക്കും എന്നാൽ കല്യാണിയുടെ ജീവിതത്തിൽ പതുക്കെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.

∙ കുറച്ച് നാളായി മലയാള സിനിമയിൽ കണ്ടിട്ട് മാറിനിന്നതാണോ?

കഥാപ്രാധാന്യമുള്ള മലയാള സിനിമയ്ക്കുവേണ്ടി മാറി നിന്നതാണ്. നല്ലൊരു തിരിച്ചു വരവ് ആഗ്രഹമുണ്ടായിരുന്നു. ഈ സമയത്ത് തമിഴിൽ മൂന്നു ചിത്രങ്ങളിലും തെലുങ്കിൽ ഒരുചിത്രത്തിലും അഭിനയിച്ചു.

∙ സിനിമയുടെ ട്രെയ്ലറിൽ മുഴുവൻ സംഘർഷങ്ങളാണ്, അഭിനയം പ്രയാസമായിരുന്നോ?

ദുബായ്യിൽ നടക്കുന്ന കഥയാണ് ഇപ്പോഴും മലയാളികൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും സാമ്പത്തിക പ്രശ്നങ്ങളും ചെറിയ പ്രശ്നങ്ങളുമുണ്ടായാൽ പൊലീസ് ഇടപെടുന്നത് സാധാരണ സംഭവമാണ്. കല്യാണി വളരെ നിഷ്കളങ്കയായ വീട്ടമ്മയാണ്. എല്ലാം തുറന്നു പറയുന്ന കഥാപാത്രം. കൈലാഷ് സ്വന്തം കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭർത്താവ്.

∙ വിവാഹശേഷം കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിച്ചു എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം ജീവിതത്തിലിതുപോലെയാണോ കല്യാണി എന്ന കഥാപാത്രം?

ഭാര്യയും ഭർത്താവും പ്രണയ വിവാഹത്തിനുശേഷം ദുബായ്യിൽ പോകുന്നു. അവിടെ ചെന്നുകഴിയുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു. കുട്ടിയെ പഠിപ്പിക്കാൻ കഴിയുന്നില്ല. തേയില വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ. അങ്ങനെ ടെൻഷൻ കൂടുന്ന ഒരു വീട്ടമ്മയുടെ കഥയാണ്. ഭർത്താവ് വളരെ കൂളായ കഥാപാത്രമാണ്. സ്വന്തം കാര്യങ്ങളൊക്കെ നടക്കണം. വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ല. ഓരോ ദിവസവും തള്ളി നീക്കുന്ന കാര്യം കല്യാണിക്കേ അറിയൂ. ബുദ്ധിമുട്ടനുഭവിക്കുന്ന കഥാപാത്രമാണെന്ന് സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു.

∙ മുകേഷുമായുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നു?

ആദ്യമായാണ് മുകേഷേട്ടനുമായി അഭിനയിക്കുന്നത്. ടെൻഷനൊന്നും തോന്നിയില്ല. മുകേഷേട്ടനുമൊത്ത് ‘ അമ്മ സംഘടനയ്ക്കുവേണ്ടി സ്കിറ്റ് ചെയ്തിരുന്നു. അഭിനയിക്കുന്നതിന് മുമ്പായി അദ്ദേഹം എന്നോട് സംസാരിച്ച് ടെൻഷനൊക്കെ മാറ്റിയിരുന്നു.

∙ ‘ലാലിസത്തിന് ‘കല്ല്യാണിസവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

അയ്യോ.. ഇല്ല. രണ്ടും രണ്ടാണ്. 2014 ആദ്യംതന്നെ ചിത്രത്തിന് കല്ല്യാണിസം എന്ന പേരിട്ടു. അതിനുശേഷമാണ് ലാലിസം വരുന്നത്. കല്ല്യാണിസം ഒരു വ്യത്യസ്തതയ്ക്കുവേണ്ടി സംവിധായകൻ ഇട്ടപേരാണ്. ലാലിസം ഒരു ബാൻഡാണ്. കല്ല്യാണിസം ഒരു സിനിമയാണ്. രണ്ടിനേയും താരതമ്യം ചെയ്യേണ്ട കാര്യമില്ല.

∙ അനന്യ ആകെ മാറിപ്പോയതുപോലെ പണ്ടത്തെ ശോകഭാവമൊക്കെ മാറിയോ?

നമ്മൾ എപ്പോഴും ഒരുപോലെ ആയാൽ ശരിയാവില്ലല്ലോ പ്രായത്തിന്റേതായ മാറ്റമുണ്ട്. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. സ്വയം മാറിയതാണ്. എനിക്ക് തന്നെ മാറ്റം തോന്നുന്നുണ്ട്. ഭർത്താവിന്റേയും വീട്ടുകാരുടേയും എന്റെ വീട്ടുകാരുടേയും എല്ലാം പിന്തുണയും ഉണ്ട്.

∙ അമ്പെയ്ത്തിലേക്ക് ഇനി പോകുമോ?

കഴിഞ്ഞ വർഷം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരു സിനിമയുമായി ബന്ധപ്പെട്ട് ഡേറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ് അതുകൊണ്ട് ആ മേഖല വിടാൻ താൽപര്യമില്ല.