തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കാരണം വ്യക്തമാക്കി ഉണ്ണിക്കൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ, മോഹൻലാൽ

വെള്ളിത്തിരയിലും രാഷ്ട്രീയം പൊള്ളിത്തിളയ്ക്കുന്ന കാലമാണിത്. ചമയക്കോപ്പുകൾക്കു തൽക്കാലത്തേങ്കിലും വിട നൽകി ഏതാനും താരങ്ങൾ സ്ഥാനാർഥികളായി രാഷ്ട്രീയ കേരളത്തിനു മുന്നിലെത്തിക്കഴിഞ്ഞു. ഗണേഷ് കുമാറും മുകേഷും ജഗദീഷും ഭീമൻ രഘുവുമൊക്കെ ഉൾപ്പെട്ട താരനിരയിലേക്കു ചലച്ചിത്ര ലോകത്തെ മറ്റു പലരും പരിഗണിക്കപ്പെട്ടിരുന്നു. അതിലൊരു പേരാണു സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനാ നേതാവുമായ ബി.ഉണ്ണിക്കൃഷ്ണന്റേത്.

കോന്നി, ആറൻമുള, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലേക്ക് ഇടതുമുന്നണി തന്റെ പേരു പരിഗണിച്ചെങ്കിലും മൽസരിക്കുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ‘രാഷ്ട്രീയ കക്ഷിയുടെ ഭാഗമായാൽ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകാൻ സാധ്യതയേറെയാണ്. ആ സ്വാതന്ത്ര്യം നിലനിർത്തണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണു വാഗ്ദാനങ്ങൾ നിരസിച്ചത്. ’– അദ്ദേഹം പറയുന്നു.

വീണ്ടും സിനിമ ചെയ്യുന്നു

അതെ, പുതിയ ചിത്രത്തിൽ മോഹൻലാലാണു നായകൻ. രണ്ടു മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കും. മിസ്റ്റർ ഫ്രോഡിനു ശേഷം ഞാൻ സിനിമ ചെയ്തിട്ടില്ല. പുതിയ ചിത്രത്തിനു തീർച്ചയായും ഫ്രെഷ്നസ് ഉണ്ടാകും. സമയമെടുത്ത്, നല്ല പരിശ്രമമെടുത്ത് എടുത്തു ചെയ്ത തിരക്കഥയാണ്. കുടുംബ ബന്ധങ്ങളിൽ കേന്ദ്രീകരിച്ചുള്ള റിലേഷൻഷിപ് ഡ്രാമയെന്നു വിളിക്കാം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ വിനോദ ഘടകങ്ങൾ ധാരാളമുണ്ടാകും.. ലാൽ ചിത്രത്തിനു ശേഷം ചെറിയ ബജറ്റിലൊരു ചിത്രം. സിദ്ദീഖിനു മുഖ്യ വേഷം. ഒരു യുവനടനും പ്രാധാന്യമുള്ള വേഷത്തിലെത്തും. ഒരു തെലുങ്കു ചിത്രം കൂടി ചെയ്യുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായിരിക്കും. എന്റെ ആദ്യ ഇതരഭാഷാ ചിത്രം കൂടിയാകും അത്.

*സിനിമയ്ക്കു പുറത്ത് *

ഞാൻ എംഡിയായ എരീസ് പ്ലെക്സ് സിനിമാസിനു തിരുവനന്തപുരത്തു മൂന്നു സ്ക്രീനുകളാണുള്ളത്. മേയിൽ മൂന്നു സ്ക്രീനുകൾ കൂടി ആരംഭിക്കും. തിരുവനന്തപുരം നഗരത്തിനു പുറത്തു രണ്ടു പുതിയ തിയറ്ററുകൾ കൂടി നിർമിക്കും. മറ്റുള്ളവർക്കായി ടേൺ കീ അടിസ്ഥാനത്തിൽ തിയറ്ററുകൾ നിർമിച്ചു കൊടുക്കുന്നുമുണ്ട്. കോഴിക്കോട് ഒരു തിയറ്ററിന്റെ ജോലികൾ നടക്കുകയാണ്. തിരുവനന്തപുരത്തു ഞാൻ റസ്റ്ററന്റ് തുടങ്ങുകയാണ്. ഫിലിം ബേസ്ഡ് തീമിലാണ്. മേയിൽ തുറക്കും. ഗ്രാൻഡ്മാസ്റ്റേഴ്സ് കിച്ചനെന്നു പേര്. എനിക്ക് ഏറെയിഷ്ടമുള്ള സിനിമയുടെ പേരിൽ.

ഫെഫ്ക നേതൃത്വമൊഴിയൽ

ഒൻപതു വർഷം ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. സിനിമ ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്കു സമയം കണ്ടെത്താനാണ് ഒഴിവായത്. ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയർമാനായും ദേശീയ സംഘടനയായ ഐഫെകിന്റെ ജനറൽ സെക്രട്ടറിയായും തുടരുന്നുമുണ്ട്.