മനപൂർവ്വം അകന്ന് നിൽക്കുന്നതല്ല: നരെയ്ൻ

നരെയ്ൻ

നുണക്കുഴിയുള്ള സുന്ദരൻ നരെയ്ൻ ഈ രണ്ടുവർഷം എവിടെയായിരുന്നു. നരെയ്നെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമവരിക നുണക്കുഴിയുള്ള ചിരിയാണ്. രണ്ടുവർഷത്തോളം പക്ഷെ മലയാളസിനിമയിൽ ഈ നുണക്കുഴിയുള്ള ചിരി മലയാളികൾ കണ്ടതേയില്ല.

ഇടയ്ക്ക് സിബിമലയിലിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികളിൽ അതിഥിയായി മാത്രം വന്ന് നരെയൻ മലയാളത്തിൽ നിന്ന് അപ്രത്യക്ഷ്യനായി. വീണ്ടും നരെയ്‌ൻ മലയാളസിനിമയിൽ സജീവമായിരിക്കുകയാണ്. ഹലേലുയ്യ എന്ന ചിത്രത്തിൽ നായകവേഷത്തിൽ നരെയ്‌ൻ നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്നു. മലയാളവുമായി ഈ ഒളിച്ചുകളി എന്തിനായിരുന്നു. ഉത്തരം നരെയ്ൻ തന്നെ മനോരമ ഓൺലൈനിനോട് പറയുന്നു.

എവിടെയായിരുന്നു ഇത്രയും കാലം?

എല്ലാവരും എന്നോട് ചോദിക്കുന്ന ചോദ്യമാണ് എവിടെയായിരുന്നു ഇത്രയുംകാലം? മലയാളത്തിൽ നിന്ന് അകന്നു നിന്നു എന്നുള്ളത് ശരിയാണ്, പക്ഷെ ഞാൻ സിനിമയിൽ തന്നെയുണ്ടായിരുന്നു തമിഴ്സിനിമയിൽ. ഈ രണ്ടുവർഷം കാത്തുകുട്ടി എന്ന സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഭൂമിക്കടിയില്‍ നിന്ന്‌ മീഥൈന്‍ എന്ന രാസവസ്‌തു കുഴിച്ചെടുക്കുന്നതിനെതിരേയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് പ്രമേയം. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള സിനിമ എന്നെ വല്ലാതെ ആകർഷിച്ചു. സിനിമയ്ക്ക് വേണ്ടി പ്രത്യേക ഗെറ്റപ്പ് വേണമായിരുന്നു. ഏഴ് മാസം കഷ്ടപ്പെട്ട് നീണ്ടതാടിയൊക്കെ വളർത്തിയിരുന്നു. മലയാളത്തിൽ നിന്നും ക്ഷണം വരുമ്പോഴെല്ലാം പഴയ ലുക്കിലേക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾ വേണ്ട എന്നുവെയ്ക്കും. കാത്തുകുട്ടി തീരട്ടെ എന്നു കരുതി. 

നരെയ്ൻ ഭാര്യ മഞ്ജുവിനൊപ്പം

എന്നാൽ ഏഴ് മാസം കഴിഞ്ഞതോടെ ചില പ്രശ്നങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം നീണ്ടു. അതിന്റെയിടയ്ക്കാണ് സിബി മലയിൽ ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതൊരു സാങ്കൽപ്പിക കഥാപാത്രമായതുകൊണ്ട് താടി പ്രശ്നമല്ല എന്നു പറഞ്ഞു. അങ്ങനെയാണ് മലയാളത്തിലേക്ക് ഇടയ്ക്ക് വന്നത്.

രണ്ടുവർഷം പക്ഷെ കുറച്ചുനീണ്ടുപോയില്ലേ? വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?

വീട്ടുകാർക്ക് അന്നും ഇന്നും ഞാൻ മലയാളം സിനിമ ചെയ്യുന്നതിനോടാണ് താൽപ്പര്യം. സിനിമകളൊന്നും ചെയ്യാതെ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം രണ്ടുവർഷം കാത്തിരുന്നപ്പോൾ അവർക്ക് അത്യാവശ്യം നല്ല ടെൻഷനുണ്ടായിരുന്നു. വരുന്ന സിനിമകൾ വിട്ടുകളയുന്നത് എന്തിനാണെന്ന് വരെ അവർ ചിന്തിച്ചിട്ടുണ്ട്. കാത്തുകുട്ടി തീർന്നപ്പോൾ എന്നെക്കാൾ ആശ്വാസം അവർക്കായിരുന്നു. 

മലയാള സിനിമയിൽ നിന്നും മനപൂർവ്വം അകന്നു നിൽക്കുന്നതാണോ?

മനപൂർവ്വം അകന്ന് നിൽക്കുന്നത് ഒന്നുമല്ല. ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ സോളോ ഹിറ്റുകൾ സമ്മാനിച്ചത് തമിഴ് സിനിമയാണ്. ചിത്തിരം പേശും തടിയും അൻജാതെയുമൊക്കെ തമിഴിൽ എനിക്ക് ബ്രേക്ക് നൽകിയ ചിത്രങ്ങളായിരുന്നു. പുതുമയേയും പുതുമുഖങ്ങളെയും അംഗീകരിക്കാൻ ഒരു മനസ്സ് തമിഴ് സിനിമയിൽ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ വന്ന സമയത്ത് മലയാളത്തിലെ അവസ്ഥ അതായിരുന്നില്ല. തമിഴിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് അവിടെ എനിക്ക് എന്റേതായ ഒരു മാർക്കറ്റ് ഉണ്ടാക്കാനാവുമെന്ന് മനസ്സിലായത്. അങ്ങനെയാണ് തമിഴിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതും മലയാളത്തിൽ ഇടവേളകൾ ഉണ്ടായതും.

പുതിയതാരങ്ങളെ ഈ രണ്ടുവർഷം കൊണ്ട് മലയാളവും അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. അത് ശ്രദ്ധിച്ചിരുന്നു?

ഓരോ മാറ്റവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നല്ല ഒരു മാറ്റമാണ് ഈ രണ്ടുവർഷക്കാലം മലയാളസിനിമയിൽ ഉണ്ടായത്. പുതിയ താരങ്ങൾ, പുതിയ കഥകൾ, കഥ പറയുന്ന രീതിയിൽ വന്ന മാറ്റം എല്ലാം ഞാൻ നന്നായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആ മാറ്റം മലയാളത്തിലേക്ക് തിരികെയെത്തുമ്പോൾ എനിക്കും അനുകൂലമാകട്ടെ എന്ന പ്രതീക്ഷയിലാണ്.

ക്ലാസ്മേറ്റ്സിലെ മുരളിയെ മലയാളികൾ ഇന്നും ഓർക്കുന്നു. മുരളിയെക്കുറിച്ച്?

മലയാളത്തിൽ ആദ്യമായി ഈ ന്യൂജനറേഷൻ തരംഗം കൊണ്ടുവന്ന സിനിമ ഫോർ ദ പീപ്പിളാണ്. പുതിയതാരങ്ങൾ മാത്രമുള്ള സിനിമയായിരുന്നു അത്. ക്ലാസ്മേറ്റ്സിൽ ഞങ്ങൾ പുതുമുഖങ്ങളല്ലായിരുന്നു, പക്ഷെ കരിയറിന്റെ തുടക്കമായിരുന്നു. അതിൽ അഭിനയിച്ച ഓരോരുത്തർക്കും നല്ല അടിത്തറ നൽകിയ സിനിമയായിരുന്നു ക്ലാസ്മേറ്റസ്.

ഇന്നും പലരും എന്നോട് അടുപ്പം കാണിക്കുന്നത് മുരളിയുടെ പേരിലാണ്. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് കോട്ടയത്ത് ഒരു സ്ക്കൂളിൽ പോയിരുന്നു. അവിടെ ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികൾ പോലും എന്നെ മുരളിയായിട്ടാണ് തിരിച്ചറിയുന്നത്. ക്ലാസ്മേറ്റ്സ് ഇറങ്ങിയ സമയത്ത് അവർ ജനിച്ചിട്ടുപോലുമില്ല. പക്ഷെ പിന്നീട് സിനിമ ടീവിയിൽ വന്നതിലൂടെയും പാട്ടുകളിലൂടെയുമൊക്കെ അവർക്ക് എന്നെ നല്ല പരിചയമാണെന്ന് അധ്യാപകർ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി. കോട്ടയത്തെ ഷൂട്ടിങ്ങ് ക്ലാസ്മേറ്റ്സിന്റെ ഓർമ്മകൾ ഉണർത്തുന്നതായിരുന്നു.

ക്ലാസ്മേറ്റ്സിലെ സഹതാരങ്ങളുമായി യഥാർഥ ജീവിതത്തിലും സൗഹൃദമുണ്ടോ?

ഇപ്പോഴും ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് ക്ലാസ്മേറ്റ്സ് എന്നൊരു വാട്ട്സ്ആപ്പ് കൂട്ടായ്മയുണ്ട്. അതിലൂടെ പരസ്പരം വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.

പുതിയ ചിത്രം ഹലേലുയ്യയിലെ കഥാപാത്രത്തെക്കുറിച്ച്?

ഡോക്ടർ റോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 23 വർഷത്തിനുശേഷമാണ് റോയ് നാട്ടിൽ തിരിച്ചെത്തുന്നത്. അനാഥനായ റോയ്‌യെ വിദേശത്തുള്ള ദമ്പതിമാർ ദത്തെടുക്കുകയായിരുന്നു. റോയ്‌യുടെ കളിക്കൂട്ടുകാരിയായിരുന്നു മേഘന രാജ് അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം. മീരയുടെയും റോയ്‌യുടെ പഴയകാല ഓർമ്മകളിലൂടെയുള്ള ഒരു തിരിച്ചുപോക്കാണ് ഹലേലുയ്യ. ഗ്രാമീണാന്തരീക്ഷത്തിലുള്ള നന്മയുള്ള കൊച്ചു ചിത്രമാണിത്.

ഹലേലുയ്യയ്ക്ക് ശേഷമുള്ള പ്രോജക്ട്?

'അങ്ങനെത്തന്നെ നേതാവേ, അഞ്ചെട്ടെണ്ണം പിന്നാലെ' എന്ന സിനിമയാണ് അതിനുശേഷം വരാനുള്ളത്‌. രാഷ്‌ട്രീയ ആക്ഷേപഹാസ്യസിനിമയാണത്‌. ആസിഫലി നിര്‍മ്മിക്കുന്ന പുതിയ സിനിമയിലും അഭിനയിക്കുന്നുണ്ട്‌.