പ്രേക്ഷകരുടെ പ്രതികരണം എന്‍റെ സന്തോഷം

ഏഴുവർഷത്തിനു ശേഷം ബാലചന്ദ്ര മേനോന്റെ സിനിമ വീണ്ടും വെള്ളിത്തിരയിലെത്തി. ശരിക്കും ഒരു രണ്ടാം രംഗപ്രവേശം എന്നൊക്കെ പറയാം. പക്ഷേ എത്ര വർഷം ഇടവേള എടുത്താലും ഒരു ബാലചന്ദ്ര മേനോൻ സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനും അപ്പുറം നൽകാൻ അദ്ദേഹത്തിനു സാധിക്കും. ഞാൻ സംവിധാനം ചെയ്യും എന്ന പുതിയ ചിത്രത്തിലും ഉണ്ട് ആ മാന്ത്രികത അഥവാ ബാലചന്ദ്രമേനോൻ ടച്ച്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി മേനോൻ മനോരമ ഓൺലൈനോടൊപ്പം.

രണ്ടാം വരവ് ശരിക്കും ഗംഭീരമാക്കിയല്ലോ? എങ്ങനെയുണ്ട് പ്രേക്ഷക പ്രതികരണങ്ങൾ?

ഞാൻ വളരെ സന്തോഷത്തിലാണ്. ഏഴു വർവർഷത്തിനു ശേഷമാണ് എന്റെ സിനിമ തിയേറ്ററിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൻ നിന്നും വളരെ മികച്ച പ്രതികരണമാണ് എനിക്കു ലഭിച്ചത്. ഇതു ഞങ്ങൾ പ്രതീക്ഷിച്ച ബാലചന്ദ്ര മോനോൻ ചിത്രമാണെന്നാണ് അവർ പറയുന്നത്. ഈ സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയെന്ന് വളരെ അഭിമാനത്തോടെ എനിക്കു പറയാൻ സാധിക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യൽ മീഡിയകളിലും മറ്റും സിനിമയ്ക്കെതിരെയുള്ള ആക്രമണം കുറവല്ലല്ലോ?

റിവ്യു എന്ന പേരിൽ അതത്ര വ്യക്തമല്ലാത്ത ചില എഴുത്തുകാർ വരുന്നുണ്ട്. പിന്നെ സിനിമയുടെ ഓൺലൈൻ പ്രമോഷനു വേണ്ടി ഒരാൾ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അങ്ങനെയുള്ള പ്രചരണത്തില്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് കണ്ടത് സിനിമയെ വിമർശിച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുന്നതാണ്. ഞാൻ ഇതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ല. ആളുകളുടെ മനസിലാണ് ഞാൻ സിനിമ ചെയ്തത്. ഫേസ്ബുക്കും മറ്റു സോഷ്യൽ മീഡിയകളും വരുന്നതിനു മുന്നേ സിനിമ ചെയ്തു തുടങ്ങിയ ആളാണ് ഞാൻ.

നിരൂപണങ്ങളിലെ സത്യവും അസത്യവും തിരിച്ചറിയണമെങ്കിൽ സിനിമ നേരിട്ട് കാണണം. എനിക്കു തോന്നുന്നത് സിനിമ പോലും കാണാതെയാണ് റിവ്യു എന്ന പേരിൽ ഓരോന്നു വരുന്നതെന്നാണ്. മീഡിയകളുടെ ക്രെഡിറ്റിനും റേറ്റിങ്ങിനുമൊക്കെ വേണ്ടി ഇങ്ങനെ ചെയ്യുന്നത് ദൗർഭാഗ്യമാണ്. പ്രേക്ഷകർ തന്നെയാണ് എന്റെ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവർ നൽകുന്ന പിന്തുണ തന്നെയാണ് എന്റെ പ്രോത്സാഹനവും.

പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണം മനഃപൂർവമായിരുന്നോ?

എന്റെ എല്ലാ പടങ്ങളിലും ഞാൻ പുതുമുഖങ്ങൾക്ക് പ്രധാന്യം കൊടുത്തിട്ടുണ്ട്. ഇതിലെ നായിക ഗായത്രിയാണ്. കൂടാതെ ദക്ഷിണയുമുണ്ട്. രണ്ടുപേരും പുതുമുഖങ്ങളാണ്. രണ്ടു പേരെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഞാൻ പറയുന്നതിനെക്കാൾ നല്ലത് നിങ്ങൾ തന്നെ പടം കണ്ട് മനസിലാക്കുന്നതാണ്.

ഇതിൽ രണ്ടു ഗാനങ്ങളാണുള്ളത്. ഒന്ന് പൂവച്ചൽ ഖാദർ എഴുതി ഞാൻ സംഗീത സംവിധാനം ചെയ്ത് ജയചന്ദ്രനും മഞ്ജരിയും ചേർന്ന ആലപിച്ചതാണ്. അതിനെക്കുറിച്ചും നല്ല അഭിപ്രായമാണ് കേട്ടത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനമാണെന്നും തിയേറ്റർ വിട്ടിറങ്ങിയാലും കാതുകളിൽ തങ്ങി നിൽക്കുന്നുവെന്നെല്ലാം പ്രേക്ഷകർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിലും എന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഏഴു വർഷത്തിനു ശേഷം സംവിധാനം ചെയ്ത സിനിമയ്ക്ക് ഞാൻ സംവിധാനം ചെയ്യും എന്ന ടൈറ്റിൽ സ്വീകരിച്ചതിനു പിന്നിൽ ?

സിനിമയുടെ ടൈറ്റിൽ പലപ്പോഴും കഥ എഴുതിക്കഴിഞ്ഞാണ് ഇടാറുള്ളത്. കഥാംശം മനസിൽ രൂപപ്പെട്ടു കഴിഞ്ഞ് ഒരു പ്രത്യേക ഘട്ടത്തിൽ ആകുമ്പോൾ ചിലപ്പോൾ ആരെങ്കിലും ടൈറ്റിൽ സജസ്റ്റ് ചെയ്യും, അല്ലെങ്കിൽ ചില ചർച്ചകളിൽ ഉരുത്തിരിയുന്നതുമാകാം. ഈ ചിത്രത്തിന്റെ കഥ സംവിധാനം ചെയ്യാനുള്ളഒരു ആളിന്റെ പാഷനെ ചുറ്റിപ്പറ്റിയാണ്. അപ്പോൾ ഞാൻ സംവിധാനം ചെയ്യും എന്ന നിശ്ചയദാർഢ്യമുള്ള ടൈറ്റിലാണ് ചിത്രത്തിന് ഏറ്റവും യോജിച്ചതെന്നു തോന്നി. കണ്ടു കഴിയുമ്പോൾ ഓരോ പ്രേക്ഷകനും തോന്നും ഈ ടൈറ്റിൽ എന്തുകൊണ്ടും ചിത്രത്തിന് അനുയോജ്യമാണെന്ന്.

ഏഴുവർഷത്തെ ഇടവേളയിൽ കണ്ട മാറ്റങ്ങൾ?

സിനിമ എന്നത് ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നല്ല ഉദ്ദേശത്തോടെ നല്ല രീതിയിൽ വരുന്ന സിനിമകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നശിപ്പിക്കരുത്. അറുബോറൻ സിനിമകൾ കാണുകയും നല്ല സിനിമകൾ വരുമ്പോൾ അതിലെ നല്ല അംശത്തെ ഉൾക്കൊള്ളാതെ നിന്ദിക്കുകയും ചെയ്യുന്നത് പലപ്പോഴും കണ്ടുവരുന്നുണ്ട്. ഇതൊരു വൃത്തികെട്ട ട്രെൻഡായി ഇപ്പോൾ മാറുന്നുണ്ട്.

എന്നെ സംബന്ധിച്ച് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് എന്റെ ബലം. കുടുംബപ്രേക്ഷകരാണ് എന്റെ സിനിമയുടെ വിജയം. വീട്ടിലെ പണികളെല്ലാം ഒതുക്കിക്കഴിഞ്ഞുള്ള സമയമാണ് എന്‍റെ സിനിമയുടെ സമയം. ആ സമയത്തിനു ശേഷം അടുക്കളയിൽ എത്തിക്കഴിയുമ്പോൾ അവർ വന്ന് സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യും. അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.