വസ്ത്രധാരണത്തിൽ ദുൽഖറിന്റെ റോൾമോഡൽ

വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഒരു കൊച്ചുമമ്മൂട്ടിയാണു ദുൽഖർ സൽമാൻ. അയഞ്ഞ ജൂബയും കളർ മുണ്ടും ഉടുത്തു ചാർലി ട്രെൻഡാക്കിയ ദുൽഖർ തന്നെയാണു കലിയിൽ ഡെനിം ഷർട്ടും ജീൻസുമിട്ടു കലിപ്പു ലുക്കിലെത്തിയത്. വാപ്പച്ചിയെപ്പോലെതന്നെ ഏതുവേഷവും ഇണങ്ങുന്ന ശരീരം. ഇപ്പോഴിതാ, മെൻസ് മാഗസിനായ ജി ക്യുവിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാൻ ഫോർ 2016 പട്ടികയിലും ഡി ക്യു ഇടംപിടിച്ചിരിക്കുന്നു. ബോളിവുഡിലെ പുലികളായ ഷാഹിദ് കപൂർ, ജോൺ ഏബ്രഹാം, ഇമ്രാൻ ഖാൻ എന്നിവരോടൊപ്പമാണു ദുൽഖറിന്റെയും സ്ഥാനം.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള യുവാക്കളുടെ പവർലിസ്റ്റിൽ നാലാം സ്ഥാനവും ഡി ക്യുവിനു തന്നെ. അതും വിരാട് കോഹ്‌ലിയെയും ബോളിവുഡ് താരം രൺവീർ സിങ്ങിനെയും പിന്നിലാക്കിക്കൊണ്ട്! ഈ പട്ടികയിൽ ഇടംതേടിയ ഏക മലയാളിയാണു ദുൽഖർ. താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളിലെ വസ്ത്രധാരണ ശൈലി വിലയിരുത്തിയാണു പട്ടിക തയാറാക്കിയത്. മുംബൈയിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ ആമിർ ഖാനൊപ്പം ദുൽഖറുമെത്തി. തനിച്ചല്ല; ഭാര്യ അമാലിനൊപ്പം.

മച്ചു ലുക്കിൽ ദുൽഖർ പൊളിക്കുമെങ്കിലും വാപ്പച്ചിയെപ്പോലെ മുണ്ട് ഉപയോഗിച്ചു കാണുന്നില്ലല്ലോ?

എന്താണ് ആളുകൾക്ക് അങ്ങനെയൊരു തോന്നൽ എന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ ആദ്യസിനിമയായ സെക്കൻഡ്ഷോ മുതൽ പല ചിത്രങ്ങളിലും ഞാൻ മുണ്ടുടുത്താണ് അഭിനയിച്ചത്. എല്ലാ മലയാളികൾക്കും മുണ്ട് നല്ല ചേർച്ചയാണ്. എനിക്കുമതേ. നല്ല ഭംഗിയായി ഉടുക്കാനുമറിയാം.

വസ്ത്രധാരണത്തിൽ ആരാണു റോൾമോഡൽ?

മറ്റാരുമല്ല, വാപ്പച്ചി തന്നെ (മമ്മൂട്ടി). എല്ലാക്കാര്യത്തിലുമെന്നപോലെ ഡ്രസിങ്ങിലും വാപ്പച്ചിയാണു എന്റെ പ്രചോദനവും പ്രോൽസാഹനവും. വാപ്പച്ചിയാണ് എന്നിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി. എന്നും സുന്ദരനായിരിക്കാനും നന്നായി വസ്ത്രധാരണം നടത്താനും ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം. ആ ശീലം എന്നിലേക്കും പകർന്നുകിട്ടിയിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ മുതൽ നന്നായി അണിഞ്ഞൊരുങ്ങി നടക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.

പണ്ടെപ്പോഴെങ്കിലും ധരിച്ച വസ്ത്രങ്ങൾ ഇണങ്ങുന്നതായിരുന്നില്ല എന്നു തോന്നിയിട്ടുണ്ടോ?

ധരിച്ചവേഷം മോശമായിപ്പോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല.

സ്ത്രീകൾക്ക് ഏറ്റവും യോജ്യമായ വേഷം എന്താണ്?

സ്ത്രീകളെ സാരിയുടുത്തു കാണുന്നതാണ് ഏറെയിഷ്ടം. ഇന്ത്യയിലെ സ്ത്രീകൾ സാരിയിൽ കൂടുതൽ സുന്ദരികളാണ്.