എന്തു ചെയ്യാം, മുഖം കണ്ടാൽ ചിരിയേ വരൂ

ജ്യൂസ്.. ജ്യൂസ്.. ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്... മമ്മൂട്ടിക്കാക്കിഷ്ടമുള്ള കുമ്മട്ടിക്കാ ജ്യൂസ് – മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്റെ പാട്ട് ഒരു ഒന്നൊന്നരപ്പാട്ടാണ്.കള്ളനായിട്ടായാലും കട്ടപ്പനക്കാരനോ കൊച്ചിക്കാരൻ ഷുക്കൂറോ ആയിട്ടായാലും സൗബിൻ സ്ക്രീനിൽ കയ്യടി വാങ്ങുന്നത് തികഞ്ഞ സ്വഭാവികത കൊണ്ടാണ്.

മലയാള സിനിമയുടെ വരാന്തയിലേക്ക് ഒരു മഴയിൽ ഓടിക്കയറി വന്നതല്ല സൗബിൻ. പതിനഞ്ചു വർഷമായി അസിസ്റ്റന്റ് ഡയറക്ടറും അസോഷ്യേറ്റ് ഡയറക്ടറുമായി സനിമയിലുണ്ട്. ചിരിയുടെ കളരിയിലാണ് സൗബിൻ പണി പഠിച്ചത്. സിദ്ദിഖിന്റെ സഹായായിയായി ക്രോണിക് ബാച്ച്ലറിലെത്തുമ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു.

ചിരി

എന്റെ മുഖം കാണുമ്പോഴേ ചിരി വരുമെന്ന് എന്നോടു കൂട്ടുകാർ പറയാറുണ്ട്.അതെന്താ എന്നെ കാണാൻ അത്ര മോശമാണോയെന്ന് ഞാനും ചോദിക്കാറുണ്ട്.ഒരു എന്റർടെയ്നറുടെ സ്ഥാനമാണ് എനിക്ക് സൗഹൃദ സദസുകളിൽ.അതുകൊണ്ട് എല്ലാവരും ഒപ്പം കൂട്ടി.

വാപ്പ

വാപ്പ ബാബു ഷാഹിറാണ് എന്റെ റോൾ മോഡൽ. എന്നെ സിനിമാക്കാരനാക്കിയത് സിനിമാക്കാരനായ വാപ്പയാണ്. 1982 ൽ ഈറ്റില്ലം എന്ന സിനിമയിൽ ഫാസിൽ സാറിന്റെ അസിസ്റ്റന്റായി വന്നയാളാണ് വാപ്പ. കുറെ പടങ്ങളിൽ ഫാസിലിന്റെ അസിസ്റ്റന്റായിരുന്നു. പിന്നീട് സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി. സായികുമാർ, കുഞ്ചാക്കോ ബോബൻ, ബേബി ശാലിനി, കനക തുടങ്ങി പലർക്കും ആദ്യം അഡ്വാൻസ് കൊടുത്തത് വാപ്പയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പലരുടെയും സിനിമാ പ്രവേശനത്തിനു സാക്ഷിയായിരുന്നു വാപ്പ. എനിക്ക് ക്രോണിക് ബാച്ച്ലറിൽ ആയിരം രൂപ പ്രതിഫലം ആദ്യം തന്നതും വാപ്പയാണ്. ഒരു സിനിമ നിർമിച്ചിട്ടുമുണ്ട്. കമൽ സാറിന്റെ പച്ചക്കുതിര.

ഡയലോഗ്

എന്റെ ഒരു സ്വാഭാവിക രീതിയാണ് ഡയലോഗിലുമുള്ളത്. മഹേഷിന്റെ പ്രതികാരത്തിൽ ഫഹദിനോടു ഞാൻ പറയുന്നൊരു ഡയലോഗുണ്ട്– എടാ മഹേഷേ ഇന്നലെ രാത്രി ഏഷ്യാനെറ്റ് മൂവീസിൽ ലാലേട്ടന്റെ കിരീടം കണ്ടു. രാവിലെ ചെങ്കോലും. ലാലേട്ടൻ ചെയ്യും പോലെ ആരെയെങ്കിലും തട്ടി അകത്തായാൽ തിരിച്ചുവരുമ്പോ സ്നേഹിച്ച പെണ്ണിനെ വല്ലോരും കൊണ്ടുപോകും. പെങ്ങൾ പിഴച്ചുപോകും. അച്ഛൻ പിമ്പാകും.പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുമ്പോ ആലോചിക്കണേടാ...

ഹാർലി ഡേവിഡ്സ്ൻ

സ്കൂൾ കാലം മുതലുള്ള സ്വപ്നമാണ് ഹാർലി ഡേവിഡ്സൻ ബൈക്ക് വാങ്ങുകയെന്നത്. അതിത്രപെട്ടെന്ന് പൂവണിയുമെന്ന് ഓർത്തില്ല. മൂന്നുമാസമായി ബൈക്ക് വാങ്ങിയിട്ട്. ഇപ്പോൾ കാർ ഉപേക്ഷിച്ചു. എല്ലായിടത്തും ബൈക്കിലാണ് യാത്ര. വീട്ടിലേക്ക് പാൽ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാലും ഞാൻ ഹാർലിയിറക്കും.

പണി പാളി

ഫഹദിനു വേണ്ടി സ്വന്തമായൊരു തിരക്കഥയെഴുതി. പണിപാളി എന്നു പേരിട്ടു. ആ സിനിമ നീണ്ടുപോയി. സിനിമ ചെയ്യുക തന്നെയാണ് ലക്ഷ്യം. ഈ വർഷം തന്നെ എന്റെ സിനിമ വരും.

നായകൻ

ഇപ്പോൾ ധാരാളം കഥകൾ കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സൗഹൃദത്തിന്റെ കഥ കേട്ടു. മൂന്നു പേരുടെ കൂട്ടുകെട്ട്. കഥ കേട്ടു കഴിഞ്ഞപ്പോൾ ഇതിലേതാണ് എന്റെ കഥാപാത്രമെന്നു ചോദിച്ചു. നീയാണ് നായകൻ എന്ന് അവർ പറഞ്ഞു. കൈകൊടുത്തു പിരിഞ്ഞു. വെറുതെ പണിപാളിക്കല്ലേ ....