എല്ലാ ആശയും സഫലമാകുന്നു !

കുടുംബ സ്നേഹം കുടുംബ സ്നേഹം എന്ന് പറയുന്നത് അന്യ വീട്ടിൽ ചെന്ന് കേറുമ്പോൾ വരയേ ഉണ്ടാകൂ .' എന്നാൽ ആശ ശരത്തിനു അത് അങ്ങനെ ആയിരുന്നില്ല .വിവാഹം കഴിഞ്ഞു 18-ാം വയസിൽ ദുബായ് യിൽ എത്തിക്കഴിഞ്ഞും ആശ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും ബന്ധുക്കളെയും പഴയതുപോലെ തന്നെ സ്നേഹിച്ചു .ദുബായിൽ ആദ്യമായി ഒരു സ്കൂൾ തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിനു വേണമെങ്കിൽ പ്രശസ്തരായ ആരെയെങ്കിലും ആശയ്ക്ക്‌ വിളിക്കാമായിരുന്നു .എന്നാൽ അതിനു പകരം ഉദ്ഘാടനത്തിനെത്തിയത് അമ്മ കലാമണ്ഡലം സുമതിയാണ്‌.

ആശയുടെ സ്നേഹം തിരിച്ചറിഞ്ഞ കുടുംബം അവർക്ക് തിരിച്ചു നല്കിയത് സ്നേഹവും അംഗീകാരവും ആയിരുന്നു. ആദ്യം സ്വന്തം കുടുംബത്തിൽ നിന്നും പിന്നീട് ഓരോ മലയാളി കുടുംബത്തിൽ നിന്നും ആശയ്ക്കത് ലഭിച്ചു .ഇന്നത്തെ മലയാളി നിത്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കണ്ണിയായ കുടുംബ പരമ്പരകളിലൂടെ മിനി സ്ക്രീനിലെത്തിയ ആശ , ശേഷം ബിഗ്‌ സ്ക്രീനിലുമെത്തി .അവിടെ അവർക്കായി കാത്തിരുന്നത് ഏതൊരു ആർട്ടിസ്റ്റും കൊതിക്കുന്ന വേഷങ്ങൾ. .തെന്നിന്ത്യയിലെ താര രാജാക്കന്മാരായ മമ്മൂക്കയ്ക്കും ലാലേട്ടനും കമലഹാസനുമൊപ്പമുള്ള സിനിമകൾ . ഒടുവിൽ കമൽ തന്നെ ആശയ്ക്ക്‌ തന്റെ പുതിയ സിനിമയിൽ വീണ്ടും ഒരു റോൾ നല്കിയിരിക്കുന്നു .

മലയാളത്തിലെ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിലേക്കും ഗീത പ്രഭാകർ ഐ.പി.എസ് ആയി സംവിധായകൻ ജീത്തു ജോസഫ്‌ ആശാ ശരത്തിനെ പരിഗണിച്ചപ്പോൾ കമലഹാസന് ആദ്യം ഒരു സംശയം ഉണ്ടായിരുന്നു ആശ തമിഴിൽ ആ വേഷം നന്നായി ചെയ്യുമോ എന്ന് .മാത്രമല്ല തമിഴിൽ ഡബ്ബ് ചെയ്യുന്ന അഭിനേതാക്കളെയാണ് കമലഹാസൻ തന്റെ സിനിമകളുടെ ഭാഗമാക്കുവാൻ താല്പര്യപെടുന്നത് . ആ നിലയിൽ നിന്നും ഇന്ന് തന്റെ അടുത്ത സിനിമയിലേക്കും പ്രണയ ജോടിയായി ആശ തന്നെ മതി എന്ന തീരുമാനത്തിലെത്താൻ കമലിനെ പ്രേരിപ്പിച്ചത്‌ ആശാശരത് എന്ന അഭിനേത്രിയുടെ പ്രകടന വൈഭവവും പ്രൊഫഷണലിസവും ആണ് .ആശാ ശരത് മനോരമ ഓൺലൈനിനോട്...

കമലഹാസന്റെ ‘തൂങ്കാവനം’ എന്ന സിനിമയിൽ ആശയാണല്ലോ നായിക.എന്ത് പറയുന്നു ?

വളരെ സന്തോഷം .ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണ് ഇങ്ങനെ ഒരു വേഷം ലഭിച്ചത് .ഇതിൽ ഞാൻ നായിക എന്ന് പറയാൻ പറ്റില്ല .നാലു പേര് ഉള്ളതിൽ ഒരാൾ ഞാനാണ്‌ .എന്നാൽ സന്തോഷിപ്പിക്കുന്ന ഒരു കാര്യം ഞാൻ കമൽ സാറിന്റെ ജോടിയായാണ് അഭിനയിക്കുന്നത് . ഫാമിലിയ്ക്ക് അധികം പ്രാധാന്യമില്ലാത്ത ഒരു വ്യത്യസ്തമായ സിനിമയാണ് ഇത്. കമൽ സാറിന്റെ തന്നെ അസിസ്റ്റന്റ്‌ ആയിരുന്ന രാജേഷ്‌ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് .

ദൃശ്യം തമിഴിൽ ചെയ്തപ്പോൾ എന്തായിരുന്നു വ്യത്യാസം ?

സംവിധായകൻ ഉൾപ്പെടെയുള്ള സംഘം മുഴുവനും മലയാളത്തിലേത് തന്നെ ആയിരുന്നു . അഭിനേതാക്കള്‍ മാത്രമേ മറ്റുഭാഷയില്‍ നിന്ന് ഉണ്ടായിരുന്നൊള്ളൂ. അതായിരുന്നു പ്രധാനവ്യത്യാസം. പൊലീസ് നായകനെ ചോദ്യം ചെയ്യുമ്പോൾ ’എന്നടാ’ എന്ന് ചോദിക്കുന്ന സീൻ ആയിരുന്നു തമിഴിൽ ആദ്യം ഷൂട്ട്‌ ചെയ്തത് .കമലഹസനെപോലുള്ള ഒരു മഹാ നടനെ ’ എടാ ’ എന്ന് വിളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല .ഞാൻ അത് സംവിധയകനോടും മറ്റും പറഞ്ഞു .ഒടുവിൽ കമൽ സർ ഉൾപ്പെടെ എല്ലാവരും കൂടി നിർബന്ധിച്ചു ‘ഇത് സിനിമയാണ് ’ എന്നൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു .

തമിഴിൽ ഡബ്ബ് ചെയ്തല്ലോ. എങ്ങനെയാണു തമിഴ് ശൈലി സംസാരിക്കുവാൻ പഠിച്ചത് ?

ഷൂട്ടിങ്ങിനിടയിൽ തന്നെ ഞാൻ തമിഴ് ഉച്ചാരണം നന്നായി ഉപയോഗിക്കുന്നതായി കമൽ സർ പറഞ്ഞു .അതുകൊണ്ടാണ് ഞാൻ തന്നെ ഡബ്ബ് ചെയ്തത്. എന്റെ തമിഴ് ഉച്ചാരണം ഇപ്പോൾ പൂർണമായും ശരിയല്ല. പക്ഷെ ‘പാപനാശത്തിലെ’ ഗീത പ്രഭാകർ കേരള-തമിഴ്നാട് ബോർഡറിൽ ജോലി ചെയ്യുന്ന ഐ പി. സ് ഉദ്യോഗസ്ഥയാണ് .അവർക്ക് ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ഉണ്ടാകും. അപ്പോൾ മലയാളം കലർന്ന തമിഴാണ് വേണ്ടിയിരുന്നത്.

ഞാൻ പ്രധാനമായും ഭരതനാട്യം ചെയ്യുന്ന ഒരു നർത്തകിയാണ്. .’ഭരതനാട്യം’ തമിഴ് നാടിന്റെ സ്വന്തം കലാരൂപമാണ്‌ .അതിലുള്ള വർണങ്ങളും ശ്ലോകങ്ങളും എല്ലാം തമിഴാണ് .കൂടാതെ ദുബായ് യിൽ തമിഴും തെലുങ്കും ഹിന്ദിയും എല്ലാം സംസാരിക്കുന്ന ഒരു സമ്മിശ്ര സംസ്കാരമാണുള്ളത് .എന്റെ സ്കൂളിൽ ധാരാളം തമിഴ് കുട്ടികൾ പഠിക്കുന്നുമുണ്ട് .ഇങ്ങനെയൊക്കെ എനിക്ക് തമിഴുമായി ഒരു ബന്ധം ഉണ്ട് .

‘ദൃശ്യ’ത്തിൽ അഭിനയിച്ചപ്പോൾ ലാലേട്ടൻ എത്രമാത്രം പിന്തുണച്ചു ?

എനിക്ക് ‘കർമ്മയോധ’ മുതൽക്കേ ലാലേട്ടനെ അറിയാം. ദൃശ്യത്തിന്റെ ഷൂട്ട്‌ തുടങ്ങുന്നതിനു മുൻപ് തന്നെ ‘ഹായ് ഗീത പ്രഭാകർ’ എന്ന് പറഞ്ഞു അദേഹം ഫോൺ ചെയ്തിരുന്നു .സിനിമയുടെ തുടക്കം മുതൽ അവസാനം വരെ അതൊരു ധൈര്യം നല്കി .അന്നുവരെ പൊലീസ് വേഷം ഞാൻ ചെയ്യാത്തതുകൊണ്ട്‌ എനിക്ക് പേടിയുണ്ടായിരുന്നു .ഞാൻ പൊലീസ് വേഷത്തിൽ അഭിനയിക്കുവാൻ ഏറ്റവുമധികം പ്രോത്സാഹിപിച്ചത്‌ ലാലേട്ടനാണ്.

വളരെ പ്രൊഫഷണൽ ആയ ഒരു ആർട്ടിസ്റ്റ് ആണ് ആശയെന്നാണ് കേട്ടിരിക്കുന്നത്. നൃത്തവും സ്കൂളും നടത്തിയുള്ള അനുഭവ പരിചയത്തിൽ നിന്നുമാണോ ഈ ഗുണം കിട്ടിയത് ?

ഒരു പക്ഷെ ആയിരിക്കാം .എന്റെ സ്കൂളിൽ ധാരാളം കുട്ടികൾ പഠിക്കുന്നു .കുറെ ആളുകൾ സ്റ്റാഫ്‌ ആയി ജോലി നോക്കുന്നു .ഞാൻ ഒരു നിമിഷം താമസിച്ചാൽ ഇവരെയെല്ലാം അത് ബാധിക്കും .സിനിമ സെറ്റിലും ഞാൻ അതുകൊണ്ട് സമയനിഷ്ഠയിലൊക്കെ വളരെ ശ്രദ്ധിക്കാറുണ്ട് .എനിക്ക് വേണ്ടി ആരെയും കാത്തു നിർത്തി ബുദ്ധി മുട്ടിക്കാറില്ല .പിന്നെ സെറ്റിൽ എല്ലാവരോടും വളരെ സ്നേഹമായി പെരുമാറാൻ ശ്രമിക്കാറുണ്ട് .ഒരു വഴക്കിനും ആരോടും പോകാറില്ല .പരാതികളുമില്ല .

കുടുംബത്തിനു വളരെയധികം പ്രാധാന്യം നല്കുന്ന അഭിനേത്രിയാണ് ആശ. പാചകമൊക്കെ ചെയ്യാറുണ്ടോ ?

ഉണ്ട് .ഞാൻ നല്ലൊരു കുക്ക് ആണ് .വിവാഹത്തിന് മുൻപ് എന്റെ അച്ഛന് വളരെയധികം നിർബന്ധം ആയിരുന്നു ഞാൻ പാചകം ചെയ്യാൻ പഠിക്കണമെന്ന് .വേറൊരു വീട്ടിൽ ചെല്ലുമ്പോൾ പാചകം ചെയ്തൊക്കെ വീട്ടിലുള്ളവർക്ക് കൊടുക്കണമെന്നുള്ള കാര്യത്തിൽ അച്ഛൻ വളരെ കണിശക്കാരനായിരുന്നു .ഞാൻ കേക്ക് ഒഴികെ എല്ലാ ഐറ്റംസും ട്രൈ ചെയ്തിട്ടുണ്ട്. സദ്യയൊക്കെ നന്നായി വയ്ക്കും.