ബിന്ദു ഹോര്‍ഡിങ്ങുകളില്‍നിന്ന് സ്ക്രീനിലേക്ക് ഇറങ്ങുന്നു !

പരസ്യത്തിൽ നിന്നു ചലച്ചിത്രത്തിലേക്കു മെല്ലെ നടന്നടുത്തൊരു കണ്ണൂർക്കാരി. ബിന്ദു അനീഷ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ കൊണ്ടു കൈനിറയെ ചിത്രങ്ങൾ കൊണ്ടു നടക്കുകയാണിപ്പോൾ ബിന്ദു. ഇതിഹാസ എന്ന ചിത്രത്തിൽ ഡോക്ടറുടെ വേഷമായിരുന്നു വഴിത്തിരിവ്. ലാൽ ജോസിന്റെ ‘നീന’യിൽ നീനയുടെ അമ്മയായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ ബിന്ദുവിനെ തേടി വരുന്നതിന്റെ അളവു കൂടി.

ബോർഡുകളിലെ മോഡൽ

കേരളത്തിലെമ്പാടും ഹോർഡിങ്ങുകളിൽ ചിരിച്ചു നിന്ന ബിന്ദ വിവാഹത്തിനു മുൻപേ തുടങ്ങിയതായിരുന്നു. കണ്ണൂരിൽ അവസരങ്ങളുടെ പരിമിതിയിൽപ്പെട്ടു പോയതാണെങ്കിലും കണ്ണൂർ ചൊവ്വയിലെ അനീഷുമായുള്ള വിവാഹംകഴിഞ്ഞതോടെ അനീഷ് തന്നെ പ്രോൽസാഹിപ്പിക്കുകയായിരുന്നു. മിൽമ, ധാത്രി, കല്യാൺ ജ്വല്ലേഴ്സ്, മിർ റിയൽട്ടേഴ്സ്, ഈസ്റ്റേൺ കറി പൗഡർ തുടങ്ങി കേരളത്തിലെ നമ്പർ വൺ ബ്രാൻഡുകളിൽ ബിന്ദു മോഡലായി. മുംബൈ മോഡലുകൾക്കൊപ്പം പരസ്യചിത്രങ്ങളിൽ തകർത്തഭിനയിച്ച ബിന്ദു കൂടുതൽ സജീവമായതു കൊച്ചിയിൽ എത്തിയതോടെയാണ്. ഒരു മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഇന്ത്യൻ ഹെഡാണു ഭർത്താവ് അനീഷ്. മകൾ നേഹ റാണി.

സിനിമ

ഒലീസിയ എന്ന പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തിലായിരുന്നു ആദ്യ അവസരം. ചക്കരമാമ്പഴം ശ്രദ്ധിക്കപ്പെടാതെ പോയി. ഇതിഹാസയിലെ ഡോക്ടർ വേഷം ശ്രദ്ധേയമായി. ഹൗ ഓൾഡ് ആർ യു, ബാംഗ്ളൂർ ഡെയ്സ്, സെക്കന്റ്സ്, ഭാസ്കർ ദ റാസ്കൽ, എന്നും എപ്പോഴും, ചന്ദ്രേട്ടൻ എവിടെയാ, അച്ഛാ ദിൻ, തിങ്കൾ മുതൽ വെള്ളി വരെ, നീന, ഒലപ്പീപ്പി, ചിത്രീകരണം തുടരുന്ന കമലിന്റെ ഉട്ടോപ്യയിലെ രാജാവ് ... ബിന്ദു വേഷമിട്ടതും അഭിനയിച്ചു കൊണ്ടിരിക്കുന്നതുമായ ചിത്രങ്ങൾ ഇതെല്ലാമാണ്. ഭാസ്കർ ദ റാസ്കൽ നല്ല അനുഭവമായിരുന്നുവെന്നു ബിന്ദു പറഞ്ഞു. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ മകന്റെ സ്കൂളിലെ പ്രിൻസിപ്പൽ വേഷത്തിലായിരുന്നു.

1500 അടി ഉയരത്തിലെ ഹോർഡിങ്ങുകളിൽ നിന്നും ടെലിവിഷൻ പരസ്യങ്ങളുടെ ഇത്തിരവട്ടത്തിൽ നിന്നും ബിന്ദു അനീഷ് സിനിമയുടെ തിരക്കിലേക്കു പയ്യെ നടന്നു കയറുകയാണ്. ബിന്ദുവിനു യോജിച്ച കഥാപാത്രങ്ങൾ ഇന്നത്തെ കഥയെഴുത്തുകാരിൽ നിന്നുണ്ടാകുന്നതു പ്രതീക്ഷ നൽകുന്നു. അതുകൊണ്ടു തന്നെ അവസരങ്ങളുടെ ഇത്തിരിയിടത്തു നിന്നു മുഴുനീള കഥാപാത്രങ്ങളിലേക്കുള്ള ബിന്ദുവിന്റെ വളർച്ചയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വരില്ല, ഉറപ്പ്.