വീൽ ചെയറിൽ തളച്ചിടാനാവില്ല ഈ സംവിധായകനെ...

ഡോക്ടർ സിജു വിജയൻ

ഇന്ന് ഡിസംബർ 3, ലോക വികലാംഗ ദിനം. ശരീരത്തിന് സംഭവിച്ച വൈകല്യം മനസ്സിനെ ബാധിക്കാതെ ജീവിതത്തോട് പൊരുതുന്നവരുടെ ദിനം.  ചേർത്തല സ്വദേശിയായ  ഡോക്ടർ സിജു വിജയൻ എന്ന പ്രതിഭയെ പരിചയപ്പെടുത്താൻ ഇതിലും മികച്ച ദിനം വേറെയില്ല. സിനിമയെ  ഗൗരവമായി കാണുന്നവർക്ക് ഒരു പക്ഷേ, സിജു വിജയൻ എന്ന പേര് അത്ര അപരിചിതമായിരിക്കുകയില്ല.  കാമറക്ക് മുന്നിലല്ല , കാമറക്ക് പിന്നിൽ,  ഒരു സംവിധായകന്റെ രൂപത്തിൽ വീൽ ചെയറിൽ ഇരുന്നു ആക്ഷനും കട്ടും പറഞ്ഞ് ഹോമിയോ ഡോക്ടർ കൂടിയായ സിജു സംവിധാനം ചെയ്തത് , അനാമിക ദി പ്രെയ് , ഹെഡ്ലൈൻ , നോവ്‌ എന്നിങ്ങനെ കലാമൂല്യമുള്ള 3 ഹ്രസ്വചിത്രങ്ങൾ.

ഇതിൽ മുറിവുണങ്ങാത്ത മാതൃത്വത്തിന്റെ കഥ പറഞ്ഞ നോവ്‌ 8 മത് അന്തര്‍ദേശീയ ഡോകുമെന്ററി ഫെസ്റ്റിവലില്‍ (IDSFFK) ഔദ്യോഗിക പ്രദര്‍ശനത്തിന് അര്‍ഹമാവുകയും ചെയ്തു. നോവൊഴികെ മറ്റെല്ലാ ചിത്രങ്ങളുടെയും കഥയും തിരക്കഥയും സിജു തന്നെ. തന്റെ നാലാമത്തെ ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലായ ഈ സംവിധായകൻ , ഈ ചിത്രത്തോടെ മിനിസ്ക്രീൻ വിട്ട് ബിഗ്സ്ക്രീനിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. 

''സ്വപ്നം കാണുമ്പോൾ അതിരുകളില്ലാതെ കാണണം, ആഗ്രഹിക്കുമ്പോൾ ഒരു മലയോളം ആഗ്രഹിക്കണം ഒരിക്കലും പോരായ്മകളെ കുറിച്ചു ചിന്തിക്കരുത്, അങ്ങനെ ചിന്തിച്ചിട്ട് കാര്യവുമില്ല , പോരായ്മകളെ മറികടക്കുന്നതിലാണ് കാര്യം'' ഇതാണ് ഡോക്ടർ സിജു വിജയൻറെ വിജയത്തിന്റെ രസക്കൂട്ട്‌. മൂന്നാം വയസ്സ് മുതൽ കൂടെ കൂടിയ ശാരീരിക വൈകല്യത്തെ തോൽപ്പിക്കാൻ, ഈ ആത്മവിശ്വാസം നേടിയെടുക്കാൻ, പഠനം പൂർത്തിയാക്കി ഒരു ഡോക്ടർ ആകാൻ, മനസ്സിൽ സൂക്ഷിച്ച സിനിമാ സംവിധാനം എന്ന ആഗ്രഹം സഫലമാക്കാൻ സിജുവിന് വേണ്ടി വന്നത് രണ്ടര പതിറ്റാണ്ട് കൊണ്ട് അനുഭവങ്ങളിലൂടെ ആർജിച്ച മനക്കരുത്താണ്.

സിജുവിന്റെ കഥ ഇവിടെ തുടങ്ങുന്നു 

മുപ്പതു വർഷങ്ങൾക്ക് മുൻപ്, ചേർത്തല സ്വദേശികളായ വിജയനും വൽസലക്കും ഒരു കുഞ്ഞു പിറന്നപ്പോൾ വീട്ടിൽ ആഘോഷമായിരുന്നു. എന്നാൽ ആ സന്തോഷത്തിന്റെ ആയുസ്സ് 3 വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി നടന്നു തുടങ്ങിയപ്പോളാണ് മാതാപിതാക്കൾ ശ്രദ്ധിച്ചത്, കുട്ടി മറ്റു കുട്ടികൾ വീഴുന്നതിനേക്കാൾ കൂടുതൽ വീഴുന്നു. ഇടക്കിടക്ക് കാലു മടങ്ങി പോകുന്നു. ആദ്യം അവരതു കാര്യമാക്കിയില്ല , എന്നാൽ ഒരു പണി വന്നതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിയപ്പോൾ ഡോക്ടറോട് കാര്യം പറഞ്ഞ്. വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് മസിൽ ബയോപ്സി ചെയ്തപ്പോൾ രോഗം പിടികിട്ടി. സ്പൈനൽ  മസ്കുലാർ  അട്രോഫി, മസിലുകളുടെ ബലക്ഷയം. 

ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇത് വരെ മരുന്ന് കണ്ടു പിടിക്കാത്ത രോഗം. പ്രായം കൂടുന്നതിനനുസരിച്ച് പേശികൾ കൂടുതൽ ദുർബലമാകും. ഒടുവിൽ ഒരു പക്ഷേ കിടക്കയിൽ തന്നെ ശരണം പ്രാപിക്കേണ്ടി വന്നേക്കാം. രോഗം വളരെ പതിയെ മാത്രമേ മൂർഛിക്കൂ എന്നതാണ് ഏക ആശ്വാസം. പക്ഷേ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തകരാൻ ഇത്ര പോരെ? എന്നാൽ എന്ത് വില കൊടുത്തും മകന് ആവശ്യമായ വിദ്യാഭ്യാസം നേടി കൊടുക്കും എന്ന് സിജുവിന്റെ പിതാവ് ഉറപ്പിച്ചു.  

''എട്ടാം ക്ലാസ് വരെ പഠനം അതികം പ്രശ്നമില്ലാതെ  പോയി, അച്ഛനായിരുന്നു എല്ലാത്തിനും കൂടെ നിന്നത്. പനങ്ങാട് നിന്നും ബോട്ടിന് വേണം സ്കൂളിലേക്ക് പോയി വരാൻ. ശ്രദ്ധിച്ചു നടന്നാൽ അന്ന് വീഴാതെ നോക്കാൻ സാധിക്കുമായിരുന്നു. എങ്കിലും അച്ഛൻ കൂടെ വന്നു. സ്കൂളിൽ കൊണ്ട് വരുന്നതും തിരിച്ചു കൊണ്ട് പോകുന്നതും അച്ഛൻ തന്നെ.ഒന്പതാം ക്ലാസ് മുതൽ സ്വന്തം നാട്ടിലേക്ക് സ്കൂൾ മാറി. അപ്പോൾ ബസിന് പോയി വരണം. അപ്പോഴേക്കും നില കുറച്ചു കൂടി വഷളായി.പരസഹായമില്ലാതെ ബസിൽ കയറാൻ കഴിയാത്ത അവസ്ഥ. ജോലി പോലും മറന്ന് അച്ഛനും അമ്മയും എന്നെ ദിവസവും ക്ലാസിൽ കൊണ്ട് പോയി. അങ്ങനെ സ്കൂൾ വിദ്യാഭ്യാസം വിഅജയകരമായി പൂർത്തിയാക്കി'' സിജു പറയുന്നു .

മഹാരാജാസ് എന്ന സ്വപ്ന കലാലയം

എന്നാൽ ഡിഗ്രിക്ക് മഹാരാജാസിൽ  ചേരണം എന്ന ആഗ്രഹത്തിന് മുന്നിൽ അപകർഷതാബോധം മെല്ലെ തലപൊക്കി.ബിഎസ്സി സുവോളജിക്ക് ഇന്റെർവ്യൂവിന് വന്ന സിജു ഏറെ പണിപ്പെട്ടു പടികൾ കയറാൻ. അഡ്മിഷൻ ലഭിച്ചാൽ എങ്ങനെ പടി കയറി മുകളിൽ എത്തും.എല്ലാവരുടെയും കണ്ണുകളിൽ നിന്നും സഹതാപത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും , ഇങ്ങനെ ആയിരം ചിന്തകള് മനസ്സിൽ ഭാരം നിറച്ചപ്പോൾ അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്തി നിറകണ്ണുകളോടെ മഹാരാജാസിന്റെ പടിയിറങ്ങി.

''ഏറെ കൊതിപ്പിച്ച കലാലയം ആയിരുന്നു മഹാരാജാസ്. സിനിമയിലെ മഹാരഥന്മാർ പഠിച്ചയിടം. നമുക്ക് ഭാഗ്യമില്ല എന്ന് തന്നെ കരുതി. എന്നാൽ എന്റെ അപകർഷതാബോധം കൊണ്ട് ഞാൻ വേണ്ടെന്നു വച്ച ആ സീറ്റിന്റെ വില അച്ഛനു നന്നയിട്ട് അറിയാമായിരുന്നു. അച്ഛൻ എച് ഓ ഡിയെ കണ്ടു സംസാരിച്ചു. ഒരു കുട്ടി ഗ്രൂപ്പ് മാറി പോയപ്പോൾ ആ സീറ്റ് എനിക്ക് കിട്ടി. ഹോസ്റ്റൽ ജീവിതം മറ്റൊരു പ്രശനമായി നിന്ന് എന്റെ മുന്നിൽ. എന്നാൽ മഹാരാജാസിലെ സൗഹൃദത്തിന്റെ മറവിൽ ഞാൻ എന്റെ പ്രശ്നങ്ങൾ മറക്കുകയായിരുന്നു.'' സിജു പറയുന്നു 

ഒരാള് 5 മിനുട്ട് കൊണ്ട് നടന്നെത്തുന്ന ദൂരം പിന്നിടാൻ സിജുവിന് 30 മിനുട്ട് വേണ്ടിയിരുന്നു. എന്നാലും സുഹൃത്തുക്കൾ കൂടെ നിന്നു. ആ 3 വർഷ കാലയളവിലാണ് മനസ്സിൽ സിനിമാ മോഹം ചേക്കേറുന്നത്. അപ്പോഴും സംവിധായകൻ ആവണം എന്ന ചിന്തയില്ല. കൂടുതൽ ശ്രദ്ധ പോസ്റ്റർ ഡിസൈനിങ്ങിൽ ആയിരുന്നു. പക്ഷേ ഡോക്ടർ ആകണം എന്ന ആഗ്രഹത്തിന് തന്നെ പ്രാധാന്യം നൽകി. ഡിഗ്രിക്ക് ശേഷം എന്ട്രൻസിനു തയ്യാറെടുക്കുന്നതിനായി ഒന്നര വർഷം എറണാകുളത്തു നിന്നു. ഈ സമയത്ത് മൾട്ടി മീഡിയ ഡിസൈനിംഗ് പഠിച്ചു. 

എൻട്രൻസിന്റെ ഫലം വന്നപ്പോൾ , ഗ്രീൻ കാർഡ്,. തിരുവനന്തപുരത്തെ നേമത്തേക്ക് പറിച്ചു നടൽ. വിദ്യാദിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോപ്പതിയിൽ പഠനം. ഈ കാലയളവിൽ എല്ലാം തന്നെ ചികിത്സയും സിനിമാ മോഹവും  കൂട്ടിനുണ്ട്. അലോപ്പതിയിൽ ചികിത്സയില്ല  എന്ന് കണ്ട് , ആയുർവേദത്തിലേക്ക് ചുവടുമാറ്റം. ഞവരക്കിഴിയും പിഴിച്ചിലുമായി എല്ലാവർഷവും രണ്ടുമാസക്കാലം തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിൽ. അതിപ്പോഴും തുടരുന്നു.പഠനം കഴിഞ്ഞിറങ്ങിയ ഉടൻ പ്രാക്ടീസ് ആരംഭിച്ചു.അരൂക്കുറ്റിയിലെ തന്റെ വീട്ടില്‍ 'ആയുഷ്മിത്ര' ഹോമിയോ ക്ലിനിക്ക്

സംവിധായക മോഹങ്ങൾക്ക് ചിറക് മുളക്കുന്നു

ഈ കാലയളവിലാണ് സിനിമാ മോഹം പൊടി തട്ടി എടുക്കുന്നത്. സമാന മനസ്കരായ സുഹൃത്തുക്കൾ കൂടെ ചേർന്നതോടെ വൈകല്യം ഒരു വിഷയമല്ലതായി. അങ്ങനെ ആദ്യ സംവിധായകന്റെ മേലങ്കി അണിഞ്ഞു. വീട്ടിൽ എല്ലാവർക്കും പൂർണ്ണ പിന്തുണ. ആദ്യമായി സംവിധാനം ചെയ്തത് 'അനാമിക ദി പ്രെയ്' എന്ന ചിത്രം. പിന്നീട് മുല്ലപ്പെരിയാര്‍ വിഷയത്തെ ആധാരമാക്കി ചെയ്ത 'ഹെഡ്‌ലൈന്‍' എന്ന ഹ്രസ്വചിത്രം. ഇത് നിരവധി അവാർഡുകൾ സ്വന്തമാക്കി. ഏറ്റവും ഒടുവിലാണ് ഒറ്റപ്പെട്ട മാതൃത്വത്തിന്റെ വേദന പകരുന്ന 'നോവ്‌ ' എന്ന ചിത്രം. വെസ്റ്റ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ടെക്‌നോളജി(വിഫ്റ്റ്)യും സിജുവിന്റെ സുഹൃത്തായ ഡോ.സജി കെ.യുമാണ്‌ ചിത്രം നിർമ്മിച്ചത്. 

ഡോക്ടർ ബിജുവിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന സിജുവിനെ നോവിന്റെ സംവിധായകൻ അല്ലെ എന്ന് പറഞ്ഞ് ഡോക്ടർ ബിജു തിരിച്ചറിഞ്ഞത്, ജീവിതത്തിലെ മറക്കാനാവാത്ത സമ്മാനം. സൗഹൃദങ്ങൾ ആണ് ഒരു വലിയ പരിധിവരെ തന്റെ നേട്ടങ്ങൾക്ക്‌ ചുക്കാൻ പിടിച്ചതെന്ന് സിജു പറയുന്നു. ഷൂട്ടിങ്ങ് സെറ്റുകളിലേക്ക് എടുത്താണ് സുഹൃത്തുക്കൾ സിജുവിനെ കൊണ്ട് പോകാറുള്ളത്. 

നേരത്തെ അൽപമെങ്കിലും നടക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ പൂര്ണ്ണമായും വീൽ ചെയരിനെ ആശ്രയിക്കേണ്ട അവസ്ഥയായി. എന്നാൽ അതിലും ദുഖമില്ല സിജുവിന്. തന്നെപ്പോലെ വിഗലാംഗരായവര്‍ക്ക് പവര്‍വീല്‍ചെയറുകള്‍ ലഭ്യമാക്കാന്‍ 'ഗോഡ്‌സ് ഓണ്‍ വിങ്ങ്‌സ്' എന്ന ഫേസ്ബുക്ക് ഗ്രുപ്പും ഒരുക്കിയിട്ടുണ്ട് സിജു. ഒരുപാട് പരിമിധികൽക്കിടയിലും തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ സിജുവിന് രണ്ടാമതൊന്നു ആലോചിക്കണ്ട കാര്യമില്ല.

ശേഷം ബിഗ്സ്ക്രീനിൽ

സ്വന്തം കഥയിലും തിരക്കഥയിലും സംവിധാനം ചെയ്യുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം കൂടുതലാണ് എന്ന് വിശ്വസിക്കുന്ന സിജു , അടുത്ത ഹ്രസ്വചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ''ഒന്നര മണിക്കൂർ ആണ് അടുത്ത ചിത്രത്തിൻറെ ദൈർഘ്യം. ബിഗ്സ്ക്രീനിനെ മുന്നിൽ കണ്ടാണ്‌ ഈ ചിത്രം ഒരുക്കുന്നത്. അതോടെ ഞാൻ ഹ്രസ്വചിത്രങ്ങളോട് വിടപറയും. ശേഷം ബിഗ്സ്ക്രീനിൽ, അതിനായി കഴിഞ്ഞ 15 വര്ഷങ്ങളായി മനസ്സിൽ ഇട്ടു പരുവപ്പെടുത്തുന്ന ഒരു കഥാതന്തു തിരക്കഥയാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ലക്ഷ്യബോധം കൊണ്ട് പോരായ്മകളെ കരുത്താക്കിയ സിജുവിന്റെ പ്രതീക്ഷകള സത്യമാകട്ടെ, ആഗ്രഹിച്ച പോലെ അധികം വിദൂരമല്ലാതെ വെള്ളിത്തിരയിൽ നമുക്കത് കാണാം....തിരക്കഥ , സംവിധാനം ഡോക്ടർ സിജു വിജയൻ ...