അച്ഛാ ഞാന്‍ പണ്ടത്തെ വികൃതിയല്ല, കേട്ടോ

സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് ഗോപി വലിയ ത്രില്ലിലാണ്. അച്ഛന്റെ തലയെടുപ്പും അമ്മയുടെ ലാളിത്യവുമെല്ലാം ചേർന്ന ഗോകുലിന്റെ സിനിമാ പ്രവേശം ഫ്രൈഡേ ഫിലിം ഹൗസ്, കാർണിവൽ സിനിമാസുമായി ചേർന്നു നിർമിക്കുന്ന ‘മുദ്ദുഗവു’ എന്ന ചിത്രത്തിലൂടെയാണ്. ഗോകുൽ മനോരമയോടു സംസാരിക്കുന്നു.

∙ഗോകുലിന്റെ ഇപ്പോഴത്തെ തോന്നലുകൾ എന്തൊക്കെയാണ്?

വളരെ എക്സൈറ്റഡ് ആണ്. കരുതലോടെയാണു ഞാൻ ഈ അവസരത്തെ കാണുന്നത്. അനിശ്ചിതാവസ്ഥ എപ്പോഴും പ്രതീക്ഷിക്കാവുന്ന ഇടമാണു സിനിമ.കുട്ടിക്കാലം മുതൽ ആരാധനയോടെ കണ്ട മമ്മൂട്ടിയങ്കിളും ലാലങ്കിളും അച്ഛനും ജയറാം അങ്കിളും ദിലീപ് അങ്കിളുമെല്ലാം സജീവമായ ഒരു മേഖലയിലെ എളിയ അംഗമാകാൻ ഞാനും, പ്രാർഥന മാത്രമേ ഇപ്പോൾ മനസിലുള്ളൂ.

∙വീട്ടിൽ എല്ലാവരും എന്തു പറയുന്നു?

എല്ലാവരും സന്തോഷത്തിലാണ്. പ്രത്യേകിച്ച് അനുജൻ മാധവും സഹോദരിമാരായ ഭാഗ്യയും ഭാവ്നിയും. അച്ഛൻ ഒരു നിർദേശവും തന്നിട്ടില്ല. ഏതുകാര്യത്തിലും സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്തു വളരണം എന്ന അഭിപ്രായമാണ് അച്ഛന്. അച്ഛന്റെ മകൻ എന്ന നിലയിലാണ് എന്നെ ആളുകൾ പ്രതീക്ഷിക്കുക. അതൊരു വലിയ ഉത്തരവാദിത്തമാണ്. അതു കൃത്യമായി നിർവഹിക്കണമെന്നുണ്ട്.

∙ഈ അവസരത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു?

ഫ്രൈഡേ ഫിലിം ഹൗസ് ഇതിനു മുൻപേ ഒരു പ്രോജക്ടിലേക്കു വിളിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. മുദ്ദുഗവുവിന്റെ സംവിധായകൻ വിപിൻ ദാസ് അച്ഛനെയാണ് ആദ്യം കഥ കേൾപ്പിച്ചത്. ഇഷ്ടപ്പെട്ടപ്പോൾ അച്ഛൻ എന്നെ വിളിച്ചറിയിച്ചു. ഒരു കഥ വന്നിട്ടുണ്ട്, കേൾക്കുന്നോ എന്നായിരുന്നു ചോദ്യം. ഇക്കഴിഞ്ഞ അവധിക്കാലത്തു കഥ കേട്ടു. തീരുമാനിച്ചു.

∙ഗോകുൽ ഒരു കലാകാരനാണോ?

ഞാൻ ചെറിയ ചില മിമിക്രികളൊക്കെ കാണിക്കും. വലിയ വേദികളിലൊന്നും വന്നിട്ടില്ലെന്നേയുള്ളൂ. നടൻ ജനാർദ്ദനൻ സാറിന്റെയും ഉമ്മറിന്റെയും ശബ്ദം അനുകരിക്കാനാണിഷ്ടം.ക്യാംപസിൽ സുഹൃത്തുക്കൾക്കിടയിലാണു പതിവ് അനുകരണങ്ങൾ. ഇരുപതാം നൂറ്റാണ്ട് സിനിമയിലൊക്കെ അച്ഛന്റെ ശബ്ദമില്ലേ. മൂക്കു കൊണ്ടു സംസാരിക്കും പോലെയുള്ള ശബ്ദം. അതു കൃത്യമായി ഞാൻ അനുകരിക്കാറുണ്ട്. അച്ഛനു മിമിക്രി വലിയ ഇഷ്ടമാണ്.

∙പഠിക്കുകയല്ലേ?

അതേ, ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിബിഎ ടൂറിസം അവസാന സെമസ്റ്റർ ആണ്. യാത്രകൾ വലിയ ഇഷ്ടമാണ്. അച്ഛന്റെ കൂടെ ഒട്ടേറെ യാത്രകൾ ആസ്വദിച്ചിട്ടുണ്ട്. ലോകം മുഴുവൻ ചുറ്റിയടിക്കണമെന്നാണു മോഹം. അതിലേക്കൊരു കോഴ്സിന്റെ പിൻബലം കൂടി ആയാൽ നല്ലതല്ലേ എന്നു ചിന്തിച്ചാണു ടൂറിസം വിഷയമാക്കിയെടുത്തത്. തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലായിരുന്നു ആറു വരെ. പിന്നെ കോട്ടയം പള്ളിക്കൂടം സ്കൂളിൽ. പ്ലസ് ടു വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിൽ.

∙അച്ഛൻ എന്ന നടൻ, നടനായ അച്ഛൻ... എന്താണഭിപ്രായം?

അച്ഛൻ വലിയ നടനാണ്. കളിയാട്ടത്തിലെ അഭിനയം ഗംഭീരമല്ലേ. അച്ഛനെ ഒരു മാസ് ആക്ടറാക്കി വളർത്തിയതിൽ കമ്മിഷണർ എന്ന ചിത്രത്തെ പോലെ തന്നെ ലേലം, വാഴുന്നോർ തുടങ്ങിയ ചിത്രങ്ങൾക്കുമുണ്ട് സ്വാധീനം. അച്ചായൻ വേഷങ്ങളിൽ അച്ഛൻ തകർത്തഭിനയിച്ചു. ക്രിസ്തീയ വിശ്വാസത്തോട് വലിയ മതിപ്പാണെനിക്ക്. അതുകൊണ്ടു തന്നെ അച്ഛന്റെ അച്ചായൻ വേഷങ്ങളോട് കടുത്ത ആരാധനയും. അച്ഛന്റെ മനസ് വളരെ ലോലമാണ്. പെട്ടെന്നു ദേഷ്യം വരും. പൊട്ടിത്തെറിക്കും. പിന്നെ അതോർ‌ത്തു സങ്കടപ്പെടുകയും ചെയ്യും. ഒന്നും മനസ്സിലിട്ടു കൊണ്ടു നടക്കാറില്ല അച്ഛൻ. സ്കൂൾ കാലത്തു ഞാൻ വലിയ വികൃതിയായിരുന്നു. സ്കൂളിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ അച്ഛനു വലിയ വിഷമം തോന്നിയിരിക്കണം. അതിലുള്ള സങ്കടം തീർക്കാനും അച്ഛനെ സങ്കടപ്പെടുത്താതിരിക്കാനും ഞാനിപ്പോൾ വലിയ ഒതുക്കക്കാരനാണ്.

മധു അടക്കം മലയാളത്തിലെ വലിയ നടൻമാരുടെയെല്ലാം അനുഗ്രഹം വാങ്ങിയിട്ടാണു ഗോകുലിന്റെ സിനിമാ പ്രവേശം. സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തുമ്പോൾ അച്ഛന്റെ മാനറിസങ്ങൾ കണ്ടേക്കുമോ എന്ന ധാരണയുണ്ടാവും നമുക്ക്. എന്നാൽ ഗോകുൽ ഇത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ പ്ലാനിങ്ങിലാണ്.

‘ഞാനൊരു വിദ്യാർഥിയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം വളരാൻ ആത്മാർഥമായി ശ്രമിക്കും. കിട്ടിയ അവസരം മികച്ചതാക്കാനാവുമെന്ന പ്രതീക്ഷ’...