അടുത്ത ചിത്രത്തിലും നായകൻ മോഹൻലാൽ: സുരേഷ് ബാബു

സുരേഷ് ബാബു, മോഹൻലാൽ

പ്രക്ഷുബ്ധ പ്രമേയങ്ങളുടെ തിരക്കഥാകൃത്തെന്ന് സുരേഷ് ബാബുവിനെ വിശേഷിപ്പിക്കാം. സിനിമയ്ക്കു വേണ്ടുന്ന ഉദ്വേഗം നിറയ്ക്കുമ്പോഴും കഥയുടെ യാഥാർഥ്യത്തിൽ നിന്ന് അൽപം പോലും അകന്നുപോകാത്ത തിരക്കഥാകൃത്ത്. ദാദാസാഹിബിൽ തുടങ്ങി ഇങ്ങേയറ്റത്ത് കനലിലെത്തി നിൽക്കുന്ന തിരക്കഥാ രചനകൾ അതിന്റെ നേർസാക്ഷ്യമാണ്. ശരിയെന്ന് തോന്നുന്നതിനൊപ്പം സഞ്ചരിക്കുന്ന കുറേ ഒറ്റയാൻ കഥാപാത്രങ്ങൾ സുരേഷ് ബാബു മലയാളത്തിന് സമ്മാനിച്ചു. ഒടുവിലത്തേതായി കനലിലെ ജോൺ ഡേവിഡും. സുരേഷ് ബാബു സംസാരിക്കുന്നു കനൽ ഉരുത്തിരിഞ്ഞ വഴികളെ കുറിച്ച്.

സുരേഷ് ബാബുവിന്റെ തിരക്കഥകളുടെ രാഷ്ട്രീയമെന്താണ്?

എന്റെ സിനിമകൾ എന്റെ അഭിപ്രായമാണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോടുള്ള എന്റെ പ്രതികരണമാണ്. കണ്ണുതുറന്നു വച്ച് കണ്ട സാമൂഹിക യാഥാർഥ്യങ്ങളോടുള്ള നിലപാചുകൾ. നമുക്ക് ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളെ അറിഞ്ഞ് രചിക്കപ്പെടുന്നതാണ് ഓരോ തിരക്കഥയും. അവിടെ നിന്നാണ് ഓരോ തിരക്കഥയും ഉടലെടുക്കുന്നതും. അതാണ് എന്റെ തിരക്കഥകളുടെ രാഷ്ട്രീയം.,

എങ്ങനെയാണ് കനലിലെ പ്രമേയത്തിലേക്കെത്തുന്നത്?

ശിക്കാർ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴേ കനൽ മനസിലുണ്ട്. പ്രവാസ ജീവിതത്തിന്റെ കയ്പ്പ് പങ്കുവച്ച സിനിമകൾ മലയാളത്തിലേറെയുണ്ടെങ്കിലും ആരും കൈകാര്യം ചെയ്യുന്ന ഒരു തലത്തിലാണ് കനൽ പ്രവാസ ജീവിതം ആവിഷ്കരിച്ചിരിക്കുന്നത്. എനിക്കൊരു സുഹൃത്തുണ്ട് ബാലകൃഷ്ണൻ. വർഷങ്ങളായി പ്രവാസിയാണ്. ആഗോള സാമ്പത്തിക മാന്ദ്യം പ്രവാസിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ബാലകൃഷ്ണൻ പറഞ്ഞത് എന്നെ ഏറെ ചിന്തിപ്പിച്ചു. പിന്നെ മാസങ്ങളോളം ഗവേഷണം നടത്തി ഈ വിഷയത്തിൽ. അറിഞ്ഞ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗൾഫിൽ മൂന്നു വൻകിട ഹോട്ടൽ നടത്തിയിരുന്ന ഒരു വ്യക്തി. സാമ്പത്തിക മാന്ദ്യം അദ്ദേഹത്തെ ബിസിനസിനെ തകർത്ത് കളഞ്ഞു. എല്ലാം നഷ്ടപ്പെട്ടു. പിന്നെ വ്യവസായിയായ ഒരു അറബിയുടെ ഹോട്ടലിലെ സ്റ്റെയർകേസിലായിരുന്നു പിന്നെ ആ മനുഷ്യൻ ജീവിച്ചത്. ആ അറിവുകളാണ് കനലിലെ ജീവിതങ്ങളായത്. സാമ്പത്തിക മാന്ദ്യം മൂന്നു വ്യക്തികളെ എങ്ങനെ മാറ്റി തീർക്കുന്നുവെന്നതാണ് കനൽ കാണിച്ചു തരുന്നത്.

പത്മകുമാർ-സുരേഷ് ബാബു ടീമിന്റെ കെമിസ്ട്രിയെന്താണ്?

സിനിമയാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. പറയേണ്ട കാര്യങ്ങൾ വളരെ കൃത്യമായി സംവദിക്കുന്നുവെന്നുള്ളതാണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ രഹസ്യം. ഒട്ടും ഈഗോയില്ലാത്ത സംവിധായകൻ.എന്റെ എഴുത്തിനേയും എഴുത്തുകാരനേയും ബഹുമാനിക്കുന്നയാൾ. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള മാനസിക ഐക്യമാണല്ലോ സിനിമയുടെ വിജയത്തിനു പിന്നിൽ. ഞങ്ങൾ തമ്മിൽ അത് ഏറെയാണ്. തിരക്കഥാകൃത്ത്-സംവിധായകൻ എന്ന നിലയിലും സുഹൃത്തുക്കളെന്ന നിലയിലും. ഞാൻ എന്ന തിന്ത പത്മ കുമാറിനില്ല. പിന്നെ ശരിയായതിനെ തിരഞ്ഞെടുക്കാനുള്ള പ്രാപ്ത, എന്താണ് വേണ്ടത് വേണ്ടാത്തതെന്ന് തിരിച്ചറിയാനുള്ള പ്രാപ്തി അതൊക്കെ അപാരമാണ് പത്മകുമാറിന്.

മോഹൻലാൽ എന്ന നടനാണ് നിങ്ങളുടെ സിനിമകളുടെ നായകൻ. എന്താണ് അതിനു പിന്നിൽ

മോഹൻലാലെന്ന നടൻ ഒരു വിസ്മയമാണെന്ന് നമ്മൾ‌ പറയാറില്ലേ. പക്ഷേ ഞാൻ പറയും 101 ശതമാനവും വിസ്മയമാണെന്ന്. മോഹൻലാലിനൊപ്പം ഒരു സിനിമയിലെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്കറിയാം അദ്ദേഹം എത്രത്തോളം കംഫർട്ടബിൾ ആണെന്ന്. കഥാപാത്രങ്ങളായി എത്ര അനായാസേനയാണ് അദ്ദേഹം മാറുന്നത്. മനുഷ്യർ മാതൃകയാക്കേണ്ട ഒരുപാട് നന്മകളുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സിനിമാ യൂണിറ്റിലെ തലപ്പത്തുള്ളവർ‌ മുതല്‍ ലൈറ്റ് ബോയി വരെയുള്ള എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒപ്പം നിൽക്കുന്നയാൾ. സിനിമയോട് അത്രയോറെ പാഷൻ ആണ് അദ്ദേഹത്തിന്. ഈ ഘടകങ്ങളാണ് എന്റെ തിരക്കഥകൾക്ക് നായകനാകാൻ മോഹൻലാൽ വേണമെന്ന് ചിന്തിപ്പിക്കുന്നത്. കനലിന്റെ കഥ കേട്ട ഉടനേ അദ്ദേഹം പറഞ്ഞത് നമുക്കുടനേ ഇത് ചെയ്യണമെന്നായിരുന്നു. ആവേശം തരുന്ന നിമിഷങ്ങളാണ് മോഹൻലാൽ തരുന്നതെല്ലാം.

മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങൾ. വൻ താരങ്ങൾക്കു വേണ്ടി തിരക്കഥ മാറ്റിയെഴുതേണ്ടതായി വന്നിട്ടുണ്ടോ?

അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടാകാം. പക്ഷേ മോഹൻലാലിൽ നിന്ന് എനിക്കിതു വരെ അങ്ങനെയൊരനുഭവമുണ്ടായിട്ടില്ല. തിരക്കഥയിൽ‌ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ല ആർക്കുവേണ്ടിയും.

മോഹൻലാലിന്റെ അഭിനയത്തിനപ്പുറം കനലിലെ മറ്റ് വിശേഷങ്ങൾ എന്തെല്ലാമാണ്?

അനൂപ് മേനോന്റെയും അതുൽ കുൽക്കർണിയുടെയും അഭിനയം. മലയാളികൾക്കതൊരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരിക്കും. നടനെന്ന നിലയിൽ അനൂപ് മേനോൻ എത്രത്തോളം ഉയരങ്ങളിലെത്തിയെന്ന് മലയാളികൾക്ക് ഈ സിനിമയിലൂടെ അറിയാം. പ്രതാപ് പോത്തനെ കുറിച്ച് പറയേണ്ടതില്ലല്ലോ.

ആരാണ് താങ്കളുടെ മാതൃക

എംടിയും ശ്രീനിവാസനും അങ്ങനെ തിരക്കഥയിലൂടെ അമ്പരപ്പിച്ച എല്ലാവരും.

പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കളിൽ ആരെയാണ് ഇഷ്ടം. എന്താണ് അവരോട് പറയാനുള്ളത്.

ബോബിയും സഞ്ജയിയും ആണ് പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കൾ. സമൂഹത്തോട് നന്നായി സംവദിക്കുന്നതാകണം തിരക്കഥകൾ. മനുഷ്യനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും നല്ല പ്രതികരണ ശേഷി വേണം. തുറന്ന കണ്ണോടും മനസോടും കൂടി സമൂഹത്തെ നിരീക്ഷിച്ച് തയ്യറാക്കുന്നതാകണം തിരക്കഥ എന്നു മാത്രമേ പുതിയ കുട്ടികളോട് പറയാനുള്ളത്.

അടുത്ത പ്രോജക്ടുകൾ?

മോഹൻലാലിനെ നായകനാക്കിയുള്ള ടാക്കീസ് ആണ് അടുത്ത സിനിമ. പിന്നെ പത്മകുമാ‌ർ തന്നെ സംവിധാനം ചെയ്യുന്ന ജലം എന്ന മറ്റൊരു സിനിമ.