എന്ന് നിന്റെ ടൊവീനോ

ടൊവീനോ തോമസ്

കാമുകിക്കു തന്നെക്കാൾ പ്രണയം മറ്റൊരാളോടാണെന്നു പറയുമ്പോൾ വിട്ടുകൊടുക്കാൻ തയാറാകുന്ന ‘എന്ന് നിന്റെ മൊയ്തീനി’ലെ അപ്പുവിന്റെ വിങ്ങൽ പ്രേക്ഷകർ മറക്കില്ല. പെരുംപറമ്പിൽ അപ്പുവായി വേഷമിട്ട ടൊവീനോ തോമസിനെയും. ചിലർക്ക് അങ്ങനെയാണ് – തങ്ങളുടെ കഴിവു തെളിയിക്കാൻ ചില ചിത്രങ്ങൾ വന്നു ചേരും. കൂട്ടുകാർ സ്നേഹത്തോടെ ടൊവീ എന്നു വിളിക്കുന്ന ടൊവീനോയ്ക്ക് അത്തരമൊരു അവസരത്തിനായി ഏഴാമത്തെ ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു.

മറ്റു ചിത്രങ്ങൾ വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല എന്ന പരാതി ടൊവീനോയ്ക്കില്ല. ‘എല്ലാ ചിത്രങ്ങളും 100 ശതമാനം ആത്മാർഥതയോടെയാണു ചെയ്യുന്നത്. വലിയ വിജയങ്ങളാകുമ്പോൾ കഥാപാത്രത്തിനു കൂടുതൽ ശ്രദ്ധ കിട്ടുന്നു. വലിയ വിജയങ്ങളും ചെറിയ വിജയങ്ങളും തമ്മിലുള്ള വ്യത്യാസമാണത്’ ടൊവീനോ പറയുന്നു.

∙അപ്പുവാകാനുള്ള തയാറെടുപ്പുകൾ?

തീർച്ചയായും തയാറെടുപ്പുണ്ടായിരുന്നു. ഫുട്ബോൾ കളിക്കുന്ന കഥാപാത്രമായതിനാൽ അത്‌ലറ്റിക് ബോഡിക്കായി ശരീരഭാരം കുറച്ചു. ഏറ്റവും പ്രയാസം പുതിയ കാലത്തെ മാനറിസങ്ങളൊന്നും കടന്നു വരാതെ നോക്കുകയെന്നതായിരുന്നു. സ്ഥിരം താടിയും മുടിയുമെല്ലാം സിനിമയ്ക്കായി ഉപേക്ഷിച്ചു.

∙ ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?

കഥ ആദ്യം കേട്ടപ്പോൾ എന്തായാലും ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഉറപ്പിച്ചിരുന്നു. ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സിനിമ വളരെ നന്നായി വരുന്നതായി തോന്നി. പ്രേക്ഷകർ ഇതിനെ ഒരു ഓഫ് ബീറ്റ് സിനിമയായി കാണുമോയെന്ന ആശങ്കയുണ്ടായിരുന്നു. പീരിയിഡ് സിനിമ എന്നു പറഞ്ഞാൽ കൊമേഴ്സ്യലാവില്ലെന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാകുമോയെന്ന ഭയമായിരുന്നു. ട്രെയിലറുകൾ പുറത്തിറങ്ങിയതോടെ ആ സംശയം മാറി.

∙തുടക്കം?

ഇരിങ്ങാലക്കുടയാണു വീട്. സിനിമ ചെറുപ്പം തൊട്ടേ താൽപര്യമുണ്ടായിരുന്നു. സിനിമയിലുള്ള ആരെയും പരിചയമുണ്ടായിരുന്നില്ല. കോയമ്പത്തൂരിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കി ചെന്നൈയിൽ ഐടി കമ്പനിയിൽ ഒരു വർഷം ജോലി ചെയ്തു. തുടക്കം മോഡലിങ്ങിലായിരുന്നു. ‘പ്രഭുവിന്റെ മക്കളാണ്’ ആദ്യ സിനിമ. ജിജോയ് എന്ന സുഹൃത്തു വഴിയാണു വേഷം ലഭിച്ചത്. ഓഗസ്റ്റ് ക്ലബ്, എബിസിഡി, കൂതറ, യൂ ടു ബ്രൂട്ടസ്, സെവൻത് ഡേ എന്നിവയിലാണു പിന്നീട് അഭിനയിച്ചത്. എബിസിഡി ടീമിന്റെ ചാർളിയാണ് ഇനി വരാനുള്ളത്. മൺസൂൺ മാംഗോസ്, ഉണ്ണി മുകുന്ദന്റെ സ്റ്റൈൽ എന്നിവയാണു മറ്റു ചിത്രങ്ങൾ.

∙കൂടുതലും വില്ലൻ വേഷങ്ങളാണല്ലോ?

നായകനായി മാത്രമേ അഭിനയിക്കൂവെന്നു പറഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരും.

∙തീവ്രം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നല്ലോ?

സിനിമ ഒരു മാജിക്കാണ്. ഏറ്റവും വലിയ മജീഷ്യൻ സംവിധായകനാണ്. എനിക്കും ആഗ്രഹമുണ്ട്. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.

∙സിനിമയിലേക്കു വരാൻ ആഗ്രഹിക്കുന്നവരോടു പറയാനുള്ളത്?

സിനിമ ഒരു പാഷനാണെങ്കിൽ ശ്രമിച്ചു കൊണ്ടിരിക്കണം. കഷ്ടപ്പാടിന് ഇന്നല്ലെങ്കിൽ നാളെ ഫലമുണ്ടാകും ചിലപ്പോൾ ആറു മാസം അല്ലെങ്കിൽ 10 വർഷം വരെ ആ കാത്തിരിപ്പു നീളാം.

∙പെരുംപറമ്പിൽ അപ്പുവിനു ലഭിച്ചതിൽ ഏറ്റവും വലിയ അഭിനന്ദനം? ജയമോഹൻ സാർ എന്ന് നിന്റെ മൊയ്തീൻ കണ്ടതിനു ശേഷം ഈ പയ്യൻ നന്നായി ചെയ്തിട്ടുണ്ടെന്നു പറഞ്ഞതായി സുഹൃത്തും നടനുമായ ബാലാജി പറഞ്ഞു. അദ്ദേഹത്തെപ്പോലെ ഒരു എഴുത്തുകാരന്റെ അഭിനന്ദന വാക്കുകൾ വലിയ അംഗീകാരമാണ്. ഒത്തിരിപ്പേർ വിളിച്ചു. പലരും ഫെയ്സ് ബുക്കിൽ അഭിനന്ദനം രേഖപ്പെടുത്തി. എല്ലാവർക്കും നന്ദി.