തോയമ്മൽ ഇനി ഒരു സിനിമയാണ് !

സെന്ന ഹെഗ്ഡെ. ചിത്രം– ഫഹദ് മുനീർ

‘ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല. ഇതിൽ പരാമർശിക്കപ്പെടുന്ന നാടിനും അവിടത്തെ മനുഷ്യർക്കും കാഞ്ഞങ്ങാട് തോയമ്മലുമായുള്ള ബന്ധം യാദൃച്ഛികവുമല്ല.’ കാരണം, ഇതു തോയമ്മലിന്റെ കഥയാണ്. അവിടത്തെ വൈകുന്നേരങ്ങളുടെ കഥയാണ്. വോളിബോളിന്റെ, കൂട്ടുകെട്ടിന്റെ, സഫലമാകാതെപോയ പ്രണയത്തിന്റെ, വിശ്വാസങ്ങളുടെ ഒക്കെ കഥയാണ്.

കാസർകോട്ടെ ഈ ഗ്രാമീണ കഥ സിനിമാ ലോകത്തിപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നു. ഒൻപതു ദിവസം കൊണ്ട്, പച്ചയായ കുറച്ചു മനുഷ്യരെവച്ചു സെന്ന ഹെഗ്ഡെ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ സിനിമ. ഇതിന്റെ ട്രെയ്‌ലർ കണ്ടു പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സിനിമ കാണാൻ കാത്തിരിക്കുന്നുവെന്നു ട്വീറ്റ് ചെയ്തതോടെ ട്രെയ്‌ലർ കൊച്ചു കേരളത്തിൽ മാത്രമല്ല, ബോളിവുഡിലും ഹിറ്റായി.കുറച്ചു നാൾ മുൻപു സെന്ന ഹെഗ്ഡെ പയ്യന്നൂരിൽ ഒരു തിയറ്റർ ഉടമയെ കാണാൻപോയി.

തന്റെ സിനിമ ഒറ്റ ദിവസമെങ്കിലും തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയുമോ എന്നറിയാൻ. ഈ സിനിമയിൽ അഭിനയിച്ച നാട്ടിൻപുറത്തുകാരായ കുറച്ചു മനുഷ്യരെ അവരുടെ വീട്ടുകാർക്കു തിയറ്റർ സ്ക്രീനിൽ കാണിച്ചുകൊടുക്കാനുള്ള സംവിധായകന്റെ സത്യസന്ധമായ മോഹം. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ സ്ഥിതി മാറി. കമ്പം കൊണ്ടുമാത്രം ചെയ്ത സിനിമയെക്കുറിച്ചറിയാൻ പ്രമുഖർ പോലും രംഗത്തുവരുന്നു

ആരാണ് സെന്ന ?

കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശി. എൻജിനീയറിങ് ബിരുദധാരി. 1996ൽ യുഎസിൽ എത്തി. അഞ്ചുവർഷം അവിടെ എൻജിനീയറായി ജോലിചെയ്ത ശേഷം ദുബായിൽ പരസ്യരംഗത്തേക്കു കൂടുമാറി. അച്ഛന്റെ മരണത്തോടെയാണു നാട്ടിലേക്കു തിരിച്ചെത്തിയതും കാര്യങ്ങൾ ഈവിധം മാറിമറിഞ്ഞതും. കന്നഡയിൽ രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉള്ളിതവരു കണ്ടന്തേ’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് കൺസൽറ്റന്റായി പ്രവർത്തിച്ചു.

ഈ പരിചയം ഉപയോഗിച്ചു സ്വന്തമായി ഒരു സിനിമ എന്ന ലക്ഷ്യവുമായി നാട്ടിൽവന്നു തിരക്കഥ തുടങ്ങിയിരുന്നു.വൈകുന്നേരങ്ങളിൽ തോയമ്മൽ കവ്വായി വിഷ്ണുമൂർത്തി ക്ഷേത്രമുറ്റത്തെ വോളിബോൾ കളി കാണാൻ പോയിരുന്നു. എല്ലാവരും പരിചയക്കാർ. ഇവരുടെ വോളിബോൾ കളിയും ജീവിതവും പതിയെ മനസ്സിലേക്കു കയറി. അതോടെ, കന്നഡ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയെങ്കിലും തന്റെ ആദ്യ സിനിമ തന്റെ നാട്ടിൽ നിന്ന് തനിനാടൻ കഥയാവണമെന്ന് സെന്ന തീരുമാനിച്ചിരുന്നു.

എന്താണ് 0–41? നാട്ടിൻപുറത്തെ കളികളിൽ ഒരേ ടീം തന്നെ സ്ഥിരം തോറ്റാൽ എന്താവും അവസ്ഥ? വോളിബോൾ കളിയിൽ എന്നും തോൽക്കാൻ വിധിക്കപ്പെട്ട തോയമ്മലിലെ രാജേഷിന്റെ ടീമിനു നാട്ടുകാരുടെ സമീപനത്തിലുംവരെ തോൽവി പ്രശ്നമായി. കഥാ വഴിയേയും ക്ലൈമാക്സിനെയും കുറിച്ചറിയാൻ അൽപം കൂടി കാത്തിരിക്കുക.

കുറ്റസമ്മതം സിനിമയുടെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചു കീറിമുറിച്ചു പറയുന്നവർക്കു പലതുമുണ്ടാവും ചൂണ്ടിക്കാണിക്കാൻ. എന്നാൽ, ഡോക്യുഫിക്‌ഷൻ ഫീലോടെയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ബജറ്റ് ഒരു പരിമിതി തന്നെയായിരുന്നു.

ഒരു മിഡിൽ ഓപ്ഷൻ കാറു വാങ്ങുന്ന പണം കൊണ്ടു പൂർത്തിയാക്കിയ സിനിമയെന്നു സംവിധായകന്റെ തന്നെ വിശേഷണം. എഴുതിത്തീർത്ത തിരക്കഥവച്ചല്ല ചിത്രീകരണം നടത്തിയത്. ശിൽപശാല നടത്തി സീനുകൾ വിശദീകരിച്ചു കഥാപാത്രങ്ങളുടെ സ്വാഭാവിക ഡയലോഗുകളും സംഭവങ്ങളും ചേർത്തു.

നടീ നടന്മാർ

മേക്കപ്പു പോലുമില്ലാതെ അഭിനയിച്ചവർ. സിനിമയുടെ സാങ്കേതികതയോ ഷൂട്ടിങ്ങോ ഒന്നും അറിയാത്ത അഭിനേതാക്കൾ. ഓഫിസ് അറ്റൻഡന്റ് രാജേഷ് തോയമ്മൽ, ടാക്സി ഡ്രൈവർ കെ.വിപിൻ, ഇലക്ട്രീഷ്യന്മാരായ സുനിൽകുമാർ, സുനീഷ്, ടി.കെ.പ്രിയദത്ത്, പൊലീസുകാരനായ രതീഷ് തോയമ്മൽ, കേബിൾ ടിവി ജീവനക്കാരനായ ടി.വി.സനൽ, വിദ്യാർഥികളായ എബി ഗണേഷ്, വിഷ്ണു ലക്ഷ്മണൻ, ശോഭിത്ത്, സന്തോഷ് കുമാർ, നിധിൻ സതീഷ്, അക്കൗണ്ടന്റ് അഭിലാഷ് ഗോപാൽ, ട്രാവൽ ഏജന്റ് അഭിജിത്ത് ലക്ഷ്മണൻ, അഭിലാഷ്, സുനിൽകുമാർ, അഖിലേഷ് തോയമ്മൽ, നിധിൻ കുമാർ, ടി.വി.വിനോദ്, രൂപേഷ്, യദുകൃഷ്ണൻ, അബു തോയമ്മൽ എന്നിവരാണ് കഥാപാത്രങ്ങളായി മാറിയത്.

എല്ലാവരും തോയമലുകാർ. ചെയ്യാനുള്ള സീൻ നൽകി ഡയലോഗ് എന്താണെന്നു വിശദീകരിച്ച് അവരുടെ ശൈലിയിൽ പറയിച്ചു. ശ്യാം കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. കീർത്തൻ പൂജാരി ഛായാഗ്രഹണവും ഉണ്ണി അഭിജിത്ത് ശബ്ദസംയോജനവും നിർവഹിച്ചു. കൃഷ്ണനുണ്ണിയുടേതാണ് ശബ്ദമിശ്രണം. കളർ ഗ്രേഡിങ് ടോം ചൂരപൊയ്ക.

പൂർത്തിയായ ശേഷം ?

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സിനിമ കാണാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപിനു പുറമേ, അഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, വിനീത് ശ്രീനിവാസൻ, ജയസൂര്യ, റിമ കല്ലിങ്കൽ തുടങ്ങിയവരെല്ലാം ട്രെയ്‌ലറിനെക്കുറിച്ചു നല്ലതു പറയുകയും ട്രെയ്‌ലർ ഷെയർ ചെയ്യുകയും ചെയ്തു. ആഷിഖിനു പുറമേ, ഗീതു മോഹൻദാസും സിനിമ കാണണമെന്ന് അറിയിച്ചിട്ടുണ്ട്. ഏഴു രാജ്യാന്തര ചലച്ചിത്ര മേളകളിൽ സിനിമ ഔദ്യോഗിക പ്രദർശനത്തിന് അർഹത നേടിയിരുന്നു.

സിനിമയിലൂടെ?

കാസർകോട് ആർക്കും വേണ്ടാത്ത ജില്ലയാണ്. ഇവിടത്തെ സംസാരരീതിയും സംസ്കാരവുമെല്ലാം കൂടുതൽ ഇടങ്ങളിലേക്ക് എത്തണമെന്നുണ്ട്. ഇനിയും പുറംലോകമറിയാത്ത കാസർകോടിന്റെയും മലബാറിന്റെയും തനിമയും നന്മയും ഈ സിനിമയിൽ കാണാം.

കന്നഡയും മലയാളവും ഇംഗ്ലിഷും കൈകാര്യം ചെയ്യുന്ന സെന്ന ഏതു ഭാഷയിലെ സിനിമയ്ക്കാവും ശ്രദ്ധ കൊടുക്കുക? ആ ഭാഷകളെക്കാളൊക്കെ മനോഹരമാണു സിനിമ എന്ന ഭാഷ. അതു തനിക്കു വഴങ്ങുമെന്ന ആത്മവിശ്വാസമാണു സെന്നയെ മുന്നോട്ടുനയിക്കുന്നത്.