അഭിനയം ഒരു റിസ്കി ജോബ്: എം എ നിഷാദ്

സംവിധായകർ അഭിനേതാക്കളാകുന്നത് ഒരുപാട് ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. ചെറിയ നേരത്തേക്കു മാത്രമാണ് പലരുമെത്തുന്നതെങ്കിലും ആ കഥാപാത്രത്തിന്റെ സ്വാധീനം മനസിനെ വിട്ടുപോകാറില്ല. എം എ നിഷാദെന്ന സംവിധായകൻ അടുത്തിടെ അഭിനയിച്ച പരസ്യചിത്രവും അതിലൊന്നാണ്. മറ്റൊരു സംവിധായകനായ മമാസിന്റെ പരസ്യചിത്രത്തിൽ. ഒരു മിനുട്ട് മാത്രമേ ദൈർഘ്യമുള്ളൂ ഈ കുഞ്ഞൻ പരസ്യ ചിത്രത്തിന്. പരസ്യം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ഫേസ്ബുക്കിലൂടെ വി‍ഡിയോ കണ്ടു കഴിഞ്ഞത്.

ഇതൊരു ഓര്‍മപ്പെടുത്തലാണ്. അടുക്കളയിലൊതുങ്ങിക്കൂടുന്ന അമ്മ മനസുകളെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന പരസ്യ ചിത്രം. ക്ലാസ്മുറിയിൽ ചിത്രീകരിച്ച വിഡിയോയിൽ അധ്യാപകന്റെ റോളിലാണ് നിഷാദ് എത്തുന്നത്. താൻ അഭിനയിക്കുകയായിരുന്നില്ല. അതൊരു പെരുമാറ്റം മാത്രമായിരുന്നില്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ എങ്ങനെ പെരുമാറും അത്രയേയുള്ളൂ. ഞാൻ തന്നെ അഭിനയിക്കണമെന്ന് മമ്മാസ് പറഞ്ഞതിനാലും നല്ലൊരു സന്ദേശം പകരുന്ന പരസ്യ ചിത്രമായതിനാലുമാണ് അഭിനയിച്ചത്. നിഷാദ് പറഞ്ഞു. സംവിധായകനെന്നതിലുപരി അഭിനേതാവ് കൂടിയാണ് നിഷാദ്. അഭിനയ വിശേഷങ്ങളുമായി നിഷാദ് മനോരമ ഓൺലൈനിൽ...

കമൽഹാസനും ജഗതിയും കൽപനയുമൊക്കെ അഭിനയിച്ച അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിലായിരുന്നു എം എ നിഷാദിന്റെ ആദ്യ അഭിനയം. ബാലതാരമായി. പിന്നീട് കുറേ ചിത്രങ്ങളിൽ നിഷാദെത്തി. എങ്കിലും സംവിധാനം തന്നെയാണ് എന്റെ പ്രൊഫഷൻ. അഭിനയത്തെ ഞാൻ പ്രൊഫഷനായി കാണുന്നില്ല. പക്ഷേ അഭിനയിക്കാൻ അവസരം കിട്ടിയാൽ ചെയ്യുക തന്നെ ചെയ്യും. സംവിധാനവും അഭിനയവും താരതമ്യം ചെയ്താൽ രണ്ടും നല്ല തയ്യാറെടുപ്പ് വേണ്ടതു തന്നെയാണ്. രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. എങ്കിലും തന്നെ സംബന്ധിച്ച് അഭിനയം തന്നെയാണ് കുറേകൂടി ശ്രമകരം. പക്ഷേ അഭിനയം ഒരു റിസ്കി ജോബ് ആണ്. എന്തെങ്കിലും ചെയ്തിട്ട് പോകാമെന്ന ചിന്ത വേണ്ട അഭിനയത്തെ സംബന്ധിച്ച്. നിഷാദ് പറഞ്ഞു. രണ്ട് പക്ഷം, സുകുമാരക്കുറുപ്പ് മംഗോളിയയിലുണ്ട് എന്നിവയാണ് എം എ നിഷാദിന്റെ പുതിയ സിനിമകൾ.

അഭിനയം പ്രൊഫഷനാക്കുന്നില്ലെന്ന് പറയുമ്പോഴും മധുപാൽ സ്ക്രിപ്റ്റ് എഴുതി സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു കഴിഞ്ഞു നിഷാദ്. അനുഹാസനാണ് ചിത്രത്തിലെ നാ‌യിക. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ചിത്രത്തിൽ ആംബുലൻസ് ഡ്രൈവറിന്റെ വേഷമാണ് നിഷാദിന്. നടൻ രതീഷിന്റെ മക്കളായ പാർവതിയും പ്രണവും മികച്ച വേഷത്തിലുണ്ട്. ജോർജും അജു തോമസുമാണ് നിർമ്മാണം.

ജീവിതത്തിൽ ഏറെ സ്വാധീനിച്ച സ്ത്രീ ആരാണ് ക്ലാസ്മുറിയില്‍ നിന്ന് ഒരു അധ്യാപകൻ കുട്ടികളോട് ചോദിക്കുകയാണ്. പലർക്കും പറയാൻ ലോക പ്രശസ്തമായ പല പേരുകളുമുണ്ടായിരുന്നു. പക്ഷേ ഒരു കുട്ടി മാത്രം പറഞ്ഞു. എന്റെ അമ്മയാണ് ലോകത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. എല്ലാ അമ്മമാരെയും വീട്ടിലെ എല്ലാ പണിയും അമ്മ തന്നെയാണ് ചെയ്യുന്നത്. പക്ഷേ വീൽചെയറിലിരുന്നാണെന്ന് മാത്രം. ഒരു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ പരസ്യ ചിത്രം ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആണ് വിഡിയോ പുറത്തിറക്കിയത്. അനിയൻ ചിത്രശാലയാണ് പരസ്യ ചിത്രത്തിന്റെ കാമറ. നായരമ്പലത്തെ സ്കൂളിലെ വിദ്യാർഥികളാണ് പരസ്യ ചിത്രത്തിലുള്ളത്.