അവൾക്ക് എന്നെ കിട്ടാനുള്ള യോഗമില്ല: മാത്തുകുട്ടി

വാലന്റെയ്ൻസ് ഡെ പ്രമാണിച്ച് അരുൺമാത്യുവിന്റെ പ്രണയ-വിവാഹ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാലോ? അരുൺമാത്യു എന്നു പറഞ്ഞാൽ ആളെ പിടികിട്ടി എന്നു വരില്ല. ആർ.ജെ മാത്തുകുട്ടി എന്നു പറഞ്ഞാൽ ആളെ മനസ്സിലാകും. ജനുവരി 30നായിരുന്നു മാത്തുകുട്ടിയുടെയും ടിൻസിയുടെയും വിവാഹം. ജീവിത നാടകത്തിന്റെ ബെല്ല് അടിച്ചിട്ട് അധിക ദിവസം ആയിട്ടില്ലാത്ത മാത്തുകുട്ടിയുടെ പ്രണയവിശേഷങ്ങൾ:

ഇത്തവണത്തെ പ്രണയദിനത്തിന്റെ പ്രത്യേകത

ഇത്രനാളും സ്വന്തം പേര് പറയാൻ പറ്റാത്ത പ്രണയദിനമായിരുന്നു. ഇത്തവണ സ്വന്തം പേര് ധൈര്യമായിട്ട് പുറത്തു പറയാൻ പറ്റി. റേഡിയോയിലായിരുന്നപ്പോൾ ആളുകൾ പേരുകേൾക്കുമ്പോഴാണ് പ്രണയദിനത്തിൽ പണികൊടുക്കാൻ പോവാണല്ലേ എന്ന് ചോദിക്കുന്നത്. ദെ ഷെഫിൽ വന്നതിൽപ്പിന്നെ കാണുമ്പോൾ തന്നെ ആളുകൾ ചോദിക്കും പണികൊടുക്കാൻ പോകുവാണോ എന്ന്?

പ്രണയവിവാഹമാണോ?

ആണെന്നോ അല്ലെന്നോ പറയാം. ഒരു കൂട്ടൂകാരന്റെ കൂടെ ചായകുടിക്കാൻ പോയപ്പോഴാണ് അവൻ ടിൻസിയുടെ വിവാഹാലോചനയെക്കുറിച്ച് സംസാരിക്കുന്നത്. ആദ്യം കാര്യമായിട്ടൊന്നുമെടുത്തില്ല. ഏതായാലും കണ്ടുനോക്കാമെന്നു കരുതി. വീട്ടുകാരോടൊപ്പം പോയി ടിൻസിയെ കണ്ടു. അവൾ ജർമനിയിലേക്ക് തിരികെ പോകുമുമ്പ് ഈ പ്രപ്പോസലിന് യെസ് പറഞ്ഞു. ഇത് വിവാഹത്തിലേക്ക് എത്തുമെന്ന് ഞാൻ വിചാരിച്ചുതുടങ്ങുന്നതിനു മുമ്പെ വീട്ടുകാർ എന്നെയങ്ങ് പിടിച്ചു കെട്ടിച്ചു.

ഭാര്യയ്ക്കുള്ള പ്രണയദിന സമ്മാനം:

അത് സർപ്രൈസാണ്. കുറേ പ്ലാൻ ചെയ്തിട്ടുണ്ട്. കുറച്ച് യാത്രകളുമുണ്ട്. പക്ഷെ സമ്മാനം സർപ്രൈസ് ആയിട്ടേ കൊടുക്കൂ. പെൺകുട്ടികൾക്ക് സർപ്രൈസ് വളരെയധികം ഇഷ്ടമാണല്ലോ?

വിവാഹത്തിന് മുമ്പുള്ള പ്രണയദിനങ്ങൾ

കഴിഞ്ഞ രണ്ടുവർഷം എനിക്ക് പ്രണയദിനമില്ലായിരുന്നു. കരിദിനമായിരുന്നു. പ്രണയം പൊളിഞ്ഞതിന്റെ സങ്കടത്തിലായിരുന്നു. കൂട്ടുകാരൊക്കെ പ്രണയദിനമൊക്കെ ആഘോഷിക്കുമ്പോൾ ഓ നമുക്ക് എന്ത് വാലന്റെയിൻസ് ദിനമെന്ന് പറഞ്ഞ് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.

പ്രണയം പൊളിയുന്നതിന് മുമ്പ് സമ്മാനങ്ങളൊക്കെ നിറയെക്കൊടുത്തിട്ടുണ്ട്. പ്രണയദിനം ആഘോഷിച്ചിട്ടുമുണ്ട്.

കാമുകിക്ക് സർപ്രൈസ് സമ്മാനങ്ങളൊക്കെ കൊടുത്തിട്ടുണ്ട്. പ്രണയം തകർന്നതോെട പ്രണയദിനത്തിൽ ചുവപ്പ് ഷർട്ട് മാറ്റി നീല ഷർട്ടൊക്കെ ഇട്ടായി നടപ്പ്.

ബ്രേക്കപ്പ് ബ്ലൂസ് മാറാൻ ചെയ്തത്

അവൾക്ക് എന്നെ കിട്ടാൻ യോഗമില്ല എന്നങ്ങ് വിചാരിച്ചു. പിരിയുന്ന നേരത്തും ഞാൻ അവളോട് പറഞ്ഞ് U will miss me എന്നാണ്.

വിവാഹത്തിന് ശേഷമുള്ള പ്രണയം

വിവാഹത്തിന് മുമ്പുള്ള പ്രണയകാലത്ത് നമ്മൾ പ്രണയിക്കുന്നവരുടെ നല്ല വശം മാത്രമെ കാണൂ. മോശം വശം മനസ്സിലാക്കി വരുമ്പോഴേക്കും പ്രണയം പൊളിയും. വിവാഹജീവിതത്തിന്റെ കാര്യത്തിൽ, നൂറു കുറ്റം കണ്ടതിനുശേഷം മാത്രമേ നല്ലത് കാണൂ. നൂറു കുറ്റങ്ങളുടെ തോട് പൊട്ടി, നല്ലതിന്റെ വിത്ത് മുളപൊട്ടുമ്പോഴേ അറേജ്ഡ് മാര്യേജിൽ പ്രണയം വരൂ. എന്റെ ജീവിതത്തിൽ നല്ലതിന്റെ വിത്തുകൾ മുളപൊട്ടി വരുന്നുണ്ട്.

പ്രണയത്തെക്കുറിച്ചുള്ള മാത്തുക്കുട്ടിയുടെ സിദ്ധാന്തങ്ങൾ

  1. നീ വറ്റാത്ത പുഴപോലെയും ഞാൻ കെടാത്ത അഗ്നിപോലയുമാകണം

  2. രണ്ടുപേരും പരസ്പരം പ്രകാശിക്കുമ്പോഴേ നല്ല പ്രണയമുണ്ടാകൂ

  3. പ്രണയം കളിപ്പാട്ടം പോലെയാണ്.

കുട്ടികാലത്ത് ഉത്സവകടകളിൽ നിന്നും വാശിപിടിച്ച് സ്വന്തമാക്കുന്ന കളിപ്പാട്ടങ്ങൾ കുറച്ചുനാൾ കഴിയുമ്പോൾ മച്ചിന്റെ പുറത്ത് പൊടിപിടിച്ചു കിടക്കും. പ്രണയത്തിന്റെ കാര്യത്തിൽ അങ്ങനെയാകരുത്. വാശിപിടിച്ചു വാങ്ങുന്ന കളിപ്പാട്ടം പൊന്നുപോലെ സൂക്ഷിക്കുന്നവനു മാത്രമേ നന്നായി പ്രണയിക്കാനുമാകൂ.

ഫോട്ടോസ് കടപ്പാട്: ഫേസ്ബുക്ക്, ട്വിങ്കിൾ മീഡിയ