ഒറ്റാൽ പ്രകൃതി സൃഷ്ടിച്ച പടം: ജയരാജ്

ജയരാജ്

ഒറ്റാൽ പ്രകൃതി തന്നെ സൃഷ്ടിച്ച സിനിമയായിരുന്നുവെന്നു സംവിധായകൻ ജയരാജ്. ചലച്ചിത്രമേളയിലെ സുവർണചകോരത്തിലൂടെ ഒറ്റാൽ ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്. ജയരാജ് സംസാരിക്കുന്നു.

ഒറ്റാൽ സംഭവിച്ചതെങ്ങനെ?

ഒറ്റാലിനു വേണ്ടി പ്രകൃതി തന്നെ എല്ലാം ഒരുക്കിവച്ചിരുന്നു. അതു ചിത്രീകരിക്കേണ്ട ചുമതല മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. കഥാപാത്രങ്ങളൊക്കെ സിനിമയിലേക്കു വന്നുചേരുകയായിരുന്നു. കുട്ടനാട്ടിലെ കായലും മരങ്ങളും പാടവും താറാവിൻകൂട്ടങ്ങളും വരെ സിനിമയുടെ കഥാപാത്രങ്ങളാവുകയായിരുന്നു.

സിനിമയിൽ അഭിനയിക്കാത്തവരാണു കഥാപാത്രങ്ങൾ

സൂപ്പർ താരങ്ങളും അതുവരെ സിനിമ കാണാത്തവരും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പരിചയമില്ലാത്തവരെ ക്യാമറയ്ക്കു മുന്നിലെത്തിക്കുമ്പോൾ നമുക്ക് ഉത്തരവാദിത്തം കൂടുതലാണ്. പക്ഷേ, അതോടൊപ്പം സ്വാതന്ത്ര്യവും കൂടും. കുമരകം വാസുദേവനെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നില്ല. ലൊക്കേഷൻ തേടി നടക്കുമ്പോൾ വാസുദേവൻ തോണി തുഴഞ്ഞു ഞങ്ങൾക്കു മുന്നിലെത്തുകയായിരുന്നു.

എന്തുകൊണ്ട് വാങ്ക?

ആന്റൺ ചെക്കോവിന്റെ വാങ്കയെ മലയാള കഥാപാത്രങ്ങളിലേക്കു കൊണ്ടുവരുന്നതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ജോഷി മംഗലത്തിന്റെ തിരക്കഥ അതിഗംഭീരമായിരുന്നു. എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയും ചിത്രത്തെ പൂർണതയിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ‌ പുരസ്കാരം?

എല്ലാ പുരസ്കാരങ്ങളും വിലപ്പെട്ടതാണ്. കൂടുതൽ നല്ല സിനിമകൾക്കുള്ള പ്രചോദനമാണ് ഈ പുരസ്കാരങ്ങളെല്ലാം. നവരസ പരമ്പരയിലെ മറ്റു സിനിമകൾ ചെയ്യാനുള്ള തയാറെടുപ്പിലാണ്.