2015ലെ താരവിവാഹങ്ങൾ

ഈ വർഷം മലയാളസിനിമയിൽ ഒട്ടേറെ താരവിവാഹങ്ങളും നടന്നു. ഇതിൽ ചിലത് മലയാളികൾ ആഘോഷപൂർവ്വം കാത്തിരുന്നതായിരുന്നു. എന്നാൽ മറ്റു ചില വിവാഹങ്ങൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. 2015ൽ നടന്ന താരവിവാഹങ്ങളിൽ ചിലത് :

അമൽ നീരദ് - ജ്യോതിർമയി

സംവിധായകൻ അമൽ നീരദും നടി ജ്യോതിർമയിയും കൊച്ചിയിൽവച്ചാണ് വിവാഹിതരായത്. വളരെ ലളിതമായ ചടങ്ങുകളോടെ രജിസ്ട്രാർ ഓഫീസിൽവച്ചായിരുന്നു ഇരുവരുടേയും വിവാഹം. നീണ്ട കാലത്തെ സൗഹൃദത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. സിനിമയിൽ ഛായാഗ്രാഹകനായിട്ടായിരുന്നു അമൽ നീരദിന്റെ തുടക്കം. പിന്നീട് നിർമാതാവും സംവിധായകനുമായി അമലിനെ നമ്മൾ സ്ക്രീനിനു പിന്നിൽ കണ്ടു. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അമൽ നീരദ്.

ടിവി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കു വന്ന ജ്യോതിർമയി 2000ത്തിലാണ് പിന്നീട് സിനിമയിലക്കു വരുന്നത്. മുപ്പത്തഞ്ചോളം സിനിമകളിൽ അഭിനയിച്ച ജ്യോതിർമയിയുടെ ശ്രദ്ധേയ ചിത്രങ്ങൾ മീശമാധവനും പട്ടാളവുമാണ്.

ജുവൽ മേരി - ജെൻസൺ സക്കറിയ

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോ ഡി 4 ഡാൻസിലൂടെ അവതരണ രംഗത്തേക്കു വന്ന ജുവൽ മേരി പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഉട്ടോപ്യയിലെ രാജാവാണ് ജുവലിന്റെ ആദ്യം റിലീസായ ചിത്രം. ചങ്ങനാശ്ശേരിക്കാരനായ ജെൻസൺ മഴവിൽ മനോരമയിലെ 'ഒന്നും ഒന്നും മൂന്ന്' പരിപാടിയുടെ പ്രോഗ്രാം പ്രൊഡ്യൂസറാണ്.

അൽഫോൺസ് പുത്രൻ - അലീന മേരി ആന്റണി

2015ലെ ഹിറ്റു ചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രന്റെ വിവാഹം പ്രേമം റിലീസിനു കുറച്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു. ആലുവക്കാരനായ അൽഫോൺസ് 2013ൽ നേരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ തൊപ്പി അണിയുന്നത്. ഡാഡി കൂൾ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ ആൽവിൻ ആന്റണിയുടെ മകളാണ് അലീന. ചെന്നൈയിൽ ഇപരി പഠനം നടത്തുകയാണ് അലീന ഇപ്പോൾ.

മുക്ത - റിങ്കു ടോമി

നടി മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം വേറിട്ടു നിന്നത് പരമ്പരാഗത ശൈലിയിലുള്ള ക്രിസ്ത്യൻ വിവാഹ വസ്ത്രങ്ങളിലൂടെയായിരുന്നു. ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുക്തയുടെ വരൻ ഗായിക റിമി ടോമിയുടെ സഹോദരനാണ്. വിവാഹത്തിനു ചട്ടയും മുണ്ടും ഉടുത്തെത്തിയ മുക്തയുടെ വിവാഹവേഷം ഫാഷൻ പ്രേമികളുടെ പ്രശംസ ഏറെനേടി.

ശരണ്യ മോഹൻ - അരവിന്ദ് കൃഷ്ണൻ

ആലപ്പുഴ കൊട്ടൻകുളങ്ങര ദേവി ക്ഷേത്രത്തിൽവച്ചു നടി ശരണ്യ മോഹനു വരണമാല്യം ചാർത്തിയത് ഡോ. അരവിന്ദ് കൃഷ്ണനാണ്. ബാലതാരമായാണ് ശരണ്യ ആദ്യം സിനിമയിൽ എത്തുന്നത്. പിന്നീട് ഫാസിലിന്റെ ഒരു നാൾ കനവിലൂടെ സഹനായികയായി വീണ്ടും വന്ന ശരണ്യ സിനിമയിൽ സജീവമായി. വരൻ അരവിന്ദ് കൃഷ്ണൻ ഡോക്ടറാണ്.

നജീം അർഷാദ് - തസ്നി താഹ

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കു വന്ന ഗായകൻ നജീം അർഷാദിന്റെ വിവാഹം പുനലൂരിൽ വച്ചായിരുന്നു. ദന്ത ഡോക്ടറായ തസ്നി താഹയുമായുള്ള വിവാഹം ഗംഭീര ആഘോഷങ്ങളോടെയാണ് നടത്തിയത്. മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് നജീം.

പ്രവീൺ പ്രേം - മഹാലക്ഷ്മി കെ.എസ്.

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു വന്ന നടൻ പ്രവീൺ പ്രേം വിവാഹിതനായതും 2015ലാണ്. ലാൽ ചിത്രം ടൂർണമെന്റിലെ ഉസ്മാൻ അലി എന്ന പ്രവീണിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. പിന്നീട് പല കോമഡി കഥാപാത്രങ്ങളും പ്രവീൺ ചെയ്തിട്ടുണ്ട്.

മരിയ റോയി - സ്മിത്ത്

നോട്ട്ബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു വന്ന നടിയാണ് മരിയ റോയി. കോട്ടയംകാരിയായ മരിയ പള്ളിക്കൂടം സ്ഥാപക മേരി റോയിയുടെ കൊച്ചുമകളാണ്. നോട്ട്ബുക്കിനു ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന മരിയ പിന്നീട് 2013ൽ ഹോട്ടൽ കാലിഫോർണിയയിലും മുംബൈ പൊലീസിലും അഭിനയിച്ചു. വരൻ സ്മിത്ത് വിദേശ മലയാളിയാണ്.

കാതൽ സന്ധ്യ - വെങ്കട്

നടി കാതൽ സന്ധ്യയും വെങ്കട് ചന്ദ്രശേഖരനും വിവാഹിതരായത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ്. മലയാളിയാണെങ്കിലും തമിഴിലൂടെയാണ് സന്ധ്യ പ്രശസ്തയായത്. ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ് വെങ്കട്. ചെന്നൈയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം വെള്ളപ്പൊക്കം മൂലം ഗുരുവായൂർ വച്ച് നടത്തുകയായിരുന്നു.

ശിവദ നായർ - മുരളി കൃഷ്ണൻ

സു സു സുധി വാത്മീകത്തിലൂടെ പ്രശസ്തയായ നടി ശിവദ നായർ വിവാഹം ചെയ്തത് നടൻ മുരളി കൃഷ്ണനെയാണ്. ടിവിയിൽ വിഡിയോ ജോക്കിയായിരുന്ന ശിവദയുടെ ആദ്യ ചിത്രം ലിവിങ് ടുഗെതർ ആണ്.

രഘുവിന്റെ സ്വന്തം റസിയയിലും സെക്കന്റ് ഷോയിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മുരളി കൃഷ്ണൻ. ബിസിനസ്സുകാരൻ കൂടിയായ മുരളിയുടെ അടുത്ത ചിത്രം സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് ആണ്.

നിമിഷ സുരേഷ് - ജിജീഷ് ജനാർദനൻ

കമലിന്റെ പച്ചക്കുതിരയിലൂടെ സിനിമയിൽ വന്ന നിമിഷയുടെയും ജിജീഷ് ജനാർദനന്റെയും വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. മായാവി, പായും പുലി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, ഡോക്ടർ ലവ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങൾ കൂടാതെ തമിഴിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടുകാരനായ ജിജീഷ് പൈലറ്റാണ്.