വരുന്നത് ബംഗാളികൾ; പരാതിയുമായി ഗിരിജ തിയറ്റർ ഉടമ

മലയാള സിനിമ പ്രദർശനം അവസാനിപ്പിക്കാതിരിക്കാൻ ബംഗാളികളുടെ സഹായം. ഇവരെ കൊണ്ടുവന്ന സംഘം തിയറ്റർ ഉടമയെ ഭീഷണിപ്പെടുത്തിയെന്നും പരാതി. തൃശൂര്‍ ഗിരിജ തിയറ്റർ ഉടമയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗിരിജ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന അങ്കമാലി ഡയറീസ് എന്ന സിനിമ ഹോൾഡോവർ ആകാതിരിക്കാൻ ബംഗാളികളെ കൂട്ടത്തോടെ ഇറക്കിയെന്നും ഇവർ തിയറ്ററിൽ ബഹളമുണ്ടാക്കിയെന്നും ഉടമ ഡോ: ഗിരിജ പൊലീസ് കമ്മീഷണർക്കു പരാതി നൽകി. 

കലക‌്ഷൻ പ്രത്യേക പരിധിയിൽ താഴ്ന്നാൽ  ഉടമയ്ക്കു പ്രദർശനം നിർത്താൻ അവകാശമുണ്ട്. ഈ പരിധിയാണ് ഹോൾഡോവർ. ഇത് എത്തുന്നതിനു തൊട്ടു മുൻപു ആളുകളെ കയറ്റി കലക്‌ഷൻ ഉയർത്തി നിർത്തുന്നതു പതിവാണ്. 

അങ്കമാലി ഡയറീസ് ഹോൾഡോവർ ആകാതിരിക്കാൻ ബംഗാളികളെ കൂട്ടത്തോടെ അങ്കമാലിയിൽനിന്നിറക്കി എന്നാണ് ഗിരിജ ചൂണ്ടിക്കാണിച്ചത്. ബസിലാണ് ബംഗാളികൾ എത്തിയത്. ഇവർ എത്തുന്നതിന്റെയും അങ്കമാലിയിലെ പ്ളൈവുഡ് ഫാക്റ്ററിയിൽ ജോലി ചെയ്യുകയാണെന്നു പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. 

തിയറ്ററിനകത്തു ബംഗാളികൾ ഇരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്..ഈ ഫോട്ടോ എടുത്തപ്പോൾ ഇവരെ കൊണ്ടുവന്നവർ ബഹളമുണ്ടാക്കിയതും പകർത്തിയിട്ടുണ്ട്. 30നു ഈ സിനിമ പ്രദർശനം നിർത്തുമെന്നു താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നു ഗിരിജ ചൂ​ണ്ടിക്കാട്ടി. 

കലക്‌ഷൻ  കുറഞ്ഞിട്ടും പ്രദർശനം തുടർന്നത് അതുകൊണ്ടാണ്. ഈ സമയത്തു ഹോൾഡാവറാകാത നോക്കാൻ വേണ്ടി വിതരണക്കാർ  നടത്തുന്ന അക്രമം അനുവദിക്കാനാകില്ലെന്നും തിയറ്ററിനു പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഗിരിജയുടെ പരാതി.