ഞെട്ടിക്കാൻ നിവിൻ പോളി; മൂത്തോൻ വരുന്നു

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്റെ ആദ്യ ഷെഡ്യൂൾ മുംബൈയിൽ പൂർത്തിയായി. രണ്ടാം ഘട്ടം ലക്ഷദ്വീപ് ആണ്. ചിത്രം വെള്ളിത്തിരയിലെത്താനുള്ള ആകാംക്ഷയിലാണ് താനെന്ന് നിവിൻ പോളി ഫെയ്സ്ബുക്കിൽ കുറിച്ചു. 

തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ.

ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാർ. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

2014ൽ നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്നൊരു ചിത്രവും ഗീതു സംവിധാനം ചെയ്തിരുന്നു.

ചിത്രത്തെക്കുറിച്ച് ഗീതു മോഹൻദാസ്–‘മൂത്തചേട്ടനെ ലക്ഷദ്വീപിൽ മൂത്തോൻ എന്നാണ് വിളിക്കുന്നത്. മൂത്തവൻ എന്നാണ് അർഥം. മൂത്തോന്‍ മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനിൽ ബോംബെയും ഉൾപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.’