മാസശമ്പളം 15 ലക്ഷം; സൽമാന്റെ ബോഡിഗാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ബോളിവുഡ് താരം സൽമാൻ ഖാന്റെ അംഗരക്ഷകനാണ് ഷേര. എവിടെ പോയാലും സൽമാന്റെ നിഴൽ പോലെ കാണും ഈ ആജാനബാഹു. അടുത്തിടെ ഷേര വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാര്യത്തിനാണ്. സംഗീത ഷോയ്ക്കായി വിഖ്യാത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയപ്പോൾ സുരക്ഷ ഒരുക്കിയത് ഷേരയാണ്.  വിമാനത്താവളത്തില്‍ നിന്നും പുറത്തെ റോള്‍സ്‌റോയ്‌സ് കാറിലേക്കും അവിടെ നിന്നും ലോവര്‍ പാരലിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും ഷേരയും സംഘവുമാണ് ബീബറെ അനുഗമിച്ചത്.

ഷേരയുടെ വിശ്വസ്തതയും മനോധൈര്യവുമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മുംബൈയിൽ ഏത് വലിയതാരം വന്നാലും സുരക്ഷയുടെ ചുമതല ഷേരയ്ക്ക് തന്നെ. നേരത്തെ മൈക്കൾ ജാക്സൺ, വിൽ സ്മിത്ത്, ജാക്കി ചാൻ എന്നിവർക്കും ബോഡിഗാർഡ് ആയി ഷേര എത്തിയിരുന്നു. 

ബീബറുമായുള്ള അനുഭവം ഷേര പങ്കുവച്ചു. ‘ഗേറ്റ്‌വേ ഓഫ് ഇന്ത്യ കാണിച്ച ശേഷം ഞങ്ങൾ നടക്കാനിറങ്ങി, ഒരു കോഫി കുടിയ്ക്കണമെന്ന് പറഞ്ഞു. പിന്നീട് ശിവാജി പാർക്കിൽ കൊണ്ടുപോയി. അതിന് ശേഷം കുട്ടികൾക്കൊപ്പം ബീബർ ഫുട്ബോൾ കളിച്ചു.’ ഷേര പറഞ്ഞു.

കുട്ടികൾക്കൊപ്പം സമയം ചെലവിടാനാണ് ബീബറിന് ഏറെ ഇഷ്ടം. അവൻ ഒരു കുട്ടിയാണ്, എല്ലാ ആൺകുട്ടികളെയുംപ്പോലെ തന്നെ. അവന് സ്വന്തമായി പേർസണൽ സ്പെയ്സ് വേണമെന്ന് മാത്രം. ഒറ്റയ്ക്ക് നടക്കാനാണ് കൂടുതൽ ഇഷ്ടം. മുംബൈ ചുറ്റിക്കറങ്ങിയപ്പോൾ ഒരുകാര്യം പറഞ്ഞിരുന്നു. ഇതുപോലെ യാത്ര ചെയ്യാനാണ് അവൻ ഇഷ്ടപ്പെടുന്നതെന്ന്.–ഷേര പറയുന്നു.

ബീബറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് വൈറ്റ് ഫോക്സ് എന്ന കമ്പനിയാണ്. രണ്ടുമാസം മുമ്പേ ഈ കമ്പനിയാണ് ഷേരയുയി ബന്ധപ്പെടുന്നത്. ഷേരയുടെ പോർട്ഫോളിയോ കമ്പനിക്ക് അയച്ചുകൊടുക്കുകയും അതിന് ശേഷം കമ്പനി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമായിരുന്നു. 

നെഞ്ചു വിരിച്ച് എന്തിനും പോന്ന ഭാവത്തോടെ നിൽക്കുന്ന പരുക്കൻ ഷേരയുടെ ശമ്പളമാണ് ഇപ്പോൾ ബി ടൗണിലെ ചർച്ചാവിഷയം. പ്രതിവർഷം രണ്ടു കോടി രൂപയാണ് ഈ ബോഡി ഗാർഡിന് സൽമാൻ ശമ്പളമായി നൽകുന്നത്. അതായത് മാസം 15 ലക്ഷം രൂപ. സ്വന്തമായി സെക്യൂരിറ്റി ഏജൻസിയുടെ നടത്തുന്നുണ്ട് ഈ മസിൽമാൻ. ഷേര എന്ന പേരു കേട്ടാൽ ആരും തോന്നുക ഇയാൾ ബോഡി ഗാർഡാകാൻ വേണ്ടി ജനിച്ചതാണെന്നാണ്.

എന്നാൽ ചെയ്യുന്ന ജോലിക്ക് സ്വന്തം പേര് അനുയോജ്യമല്ലെന്ന് കണ്ട് ഷേര പേരു മാറ്റുകയായിരുന്നു. ഒറിജിനൽ പേര് എന്താണെന്നോ? ഗുർമീത് സിങ് ജോളി. 20 വർഷമായി ഷേര സൽമാന്റെ ഒപ്പം കൂടിയിട്ട്. താരത്തിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാൾ. കാവൽ ഭടനായി ഒപ്പം നടക്കുന്ന ഷേരയ്ക്ക് ഒരു സിനിമയിൽ തല കാണിക്കാനും സൽമാൻ അവസരം നൽകിയിട്ടുണ്ട്. ഏതു ചിത്രത്തിലാണെന്ന് പറയാണോ? ബോഡി ഗാർഡ്...

എന്നാല്‍ പറയുന്നതുപോലെ അത്ര എളുപ്പവുമല്ല ഈ പണി. പണ്ട് സല്‍മാൻ ഖാൻ സിനിമയുടെ ഷൂട്ടിങിനായി എത്തിയപ്പോൾ ജനക്കൂട്ടം കാർ വളഞ്ഞു. വണ്ടി ഒരിഞ്ച് പോലും എടുക്കാൻ കഴിയില്ല. ആകെ ബഹളം. മണിക്കൂറുകളോളം സൽമാൻ വണ്ടിയിൽ തന്നെ. അവസാനം ഷേര തന്നെ രംഗത്തിറങ്ങി ആളുകളെ വഴിയിൽ നിന്നു മാറ്റാൻ തുടങ്ങി. അങ്ങനെ എട്ടുകിലോമീറ്ററോളം നടന്നതിന് ശേഷമാണ് തിരക്ക് നിയന്ത്രിച്ചത്. 

1995ൽ ഹോളിവുഡ് താരം കിയാനു റീവ്സിന്റെ പാർട്ടിക്കിടയിലാണ് ഷേരയും സല്‍മാനും പരിചയപ്പെടുന്നത്. ചണ്ഡീഗഡില്‍ സൽമാന്റെ ജീവനുതന്നെ ഭീഷണിയായ സംഭവം നടന്നിരുന്നു. ആരാധകർ അക്രമാസക്തരായതിനെ തുടർന്ന് താരത്തെ ആക്രമിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശക്തനായൊരു ബോഡിഗാർഡിനെ തനിക്ക് വേണമെന്ന് സഹോദരൻ സൊഹൈൽ ഖാനോട് സല്ലു ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ഷേര സല്ലുവിന്റെ അടുത്ത് എത്തുന്നത്..

ഷേരയുടെ മകൻ ടൈഗറുമായും സൽമാന് നല്ല ബന്ധമാണ്. ടൈഗറിനെ സിനിമാസംവിധായകനാക്കുകയാണ് സല്ലുവിന്റെ ആഗ്രഹം. സുൽത്താൻ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ടൈഗർ.