അച്ഛൻ ക്രൂരനല്ലെന്ന് അറിയാം, സ്നേഹം മാത്രം; ശ്രീകണ്ഠന് ശ്രീജയുടെ മറുപടി

സമൂഹമാധ്യമത്തിൽ ഒരു അച്ഛൻ മകൾക്ക് എഴുതിയ കത്താണ് ഇപ്പോൾ താരം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അഭിനയിച്ച വെട്ടുകിളി പ്രകാശന്റെ കത്താണ് വെറലായിരിക്കുന്നത്. ശ്രീകണ്ഠൻ എന്ന അച്ഛൻ കഥാപാത്രത്തെയാണ് പ്രകാശൻ അവതരിപ്പിച്ചത്. 

സിനിമയുമായി ബന്ധപ്പെട്ട് രസകരമായൊരു കുറിപ്പ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. മകൾ ശ്രീജകുട്ടിയ്ക്ക്  അച്ഛൻ എഴുതുന്ന കത്ത് ആണിത് എന്നു തുടങ്ങുന്ന പോസ്റ്റിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അച്ഛന്റെ കത്തിന് മകൾ ശ്രീജ( നിമിഷ സജയൻ) എഴുതുന്ന മറുപടി  കത്ത് മനോരമ ഓണ്‍ലൈനിലൂടെ പങ്കുവെക്കുന്നു: 

അച്ഛൻ ചേച്ചിയുടെ പക്കൽ കൊടുത്ത് അയച്ച് സ്നേഹസമ്മാനം 'പ്രണയമൊഴികൾ' ലഭിച്ചു. അച്ഛൻ എന്നെ ഓർത്തല്ലോ? ഒരുപാട് സന്തോഷമായി. ചേച്ചിയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിലുമുള്ള സന്തോഷം അറിയിച്ചു കൊള്ളുന്നു. 

ഞാൻ പ്രസാദേട്ടനെ പ്രണയമൊഴികൾ വായിച്ചു കേൾപ്പിച്ചു. ഞങ്ങൾക്ക് അച്ഛന്റെ കവിത ഒരുപാട് ഇഷ്ടമായി.  എനിക്കും ചേട്ടനും അച്ഛനോട് പിണക്കമോ വഴക്കോ ഇല്ല സ്നേഹം മാത്രമേയുള്ളൂ.

അമ്മ എന്നെ വഴക്കുപറഞ്ഞ ആ ദിവസം  അച്ഛൻ എങ്കിലും എന്നെ മനസിലാക്കുമെന്ന് വിചാരിച്ചു. എന്റെ പ്രണയം അച്ഛൻ പിന്തുണയ്ക്കുമെന്നാണ് കരുതിയത്.  എന്നാൽ അച്ഛനും എന്നെ അടിച്ചപ്പോൾ എനിക്ക് വിഷമമായി. അച്ഛൻ ക്രൂരനും ദുഷ്ടനുമല്ല എന്ന് എനിക്ക് അറിയാം. എനിക്കല്ലാതെ ആർക്കാണത് അറിയുന്നത്? ശ്രീജകുട്ടിക്ക് അച്ഛനെ മനസിലാക്കാൻ സാധിക്കും.  അച്ഛനും അമ്മയും ചേച്ചിയും എന്റെ എല്ലാമാണ്, എല്ലാമായിരിക്കും. നിങ്ങൾക്ക് എന്റെ മനസിലുള്ള അതേ സ്ഥാനം തന്നെയാണ് ഞാൻ പ്രസാദേട്ടനും നൽകിയിട്ടുള്ളത്. 

ഞങ്ങൾക്ക് ഇവിടെ സുഖമാണ്. പ്രസാദേട്ടന് ജോലിക്കു പോകുമ്പോൾ പകൽ ഞാൻ വീട്ടിൽ തനിച്ചാണ്. അപ്പോൾ അവിടുത്തെ വീട്ടിലെ അടുക്കളയും അമ്മയോട് കലപില ശബ്ദമുണ്ടാക്കി നടന്നതും ഞാൻ ഓർക്കാറുണ്ട്. അച്ഛൻ വരുന്നത് നോക്കി കാത്തിരിക്കുന്നതും,  എന്റെ പ്രിയപ്പെട്ട പലഹാര പൊതികളുമായി അച്ഛൻ വരുന്നതും, എനിക്ക് അച്ഛൻ  ഭക്ഷണം വാരി തരാറുള്ളതുമൊക്കെ ഓർക്കുമ്പോൾ കണ്ണുനിറയാറുണ്ട്. അച്ഛനെ എനിക്ക് കാണാൻ തോന്നാറുണ്ട്. ഈ മകളോട് അച്ഛന് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. 

കാസർകോട്ട് ഒരു കള്ളൻ കറങ്ങി നടക്കുന്നത് അച്ഛൻ എങ്ങനെ അറിഞ്ഞു? അച്ഛൻ ഇവിടെ അടുത്ത് എവിടെയെങ്കിലും വന്നിരുന്നോ അതോ ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാണോ? അച്ഛൻ സമാധാനമായിട്ട് ഇരുന്നോള്ളൂ. ഇവിടെ പ്രസാദേട്ടന് ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല. ചേട്ടൻ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ചേട്ടൻ എപ്പോഴും കൂടെയുണ്ട്.

അന്ന് അച്ഛനെ ഞാൻ രാത്രിയിൽ വിളിച്ചപ്പോൾ നിനക്ക് കാശിന് ആവശ്യമുണ്ടെങ്കിൽ അയച്ചുതരാം നിങ്ങൾ ഇവിടേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നില്ലേ? കാശിനേക്കാൾ ഞാൻ വിലമതിക്കുന്നത് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സ്നേഹം തന്നെയാണ്. 

എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യവുമില്ല. എല്ലാവരെയും കാണണെന്ന് അതിയായ ആഗ്രഹമുണ്ട്. ഞങ്ങൾക്ക് അങ്ങോട്ട് വരാൻ അല്ലേ വിലക്ക് ഉള്ളൂ? ഏത് സമയത്തും നിങ്ങൾക്ക് ഇവിടേക്ക് വരാം. എന്റെ ഹൃദയത്തിന്റെ വാതിൽ എല്ലാവർക്കും വേണ്ടി എപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നത്. അധികം വൈകാതെ എല്ലാവരെയും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം

അച്ഛന്റെ ശ്രീജകുട്ടി