മലയാളതാരങ്ങളോടുള്ള ഇഷ്ടം കുറയുന്നോ?

സിനിമാതാരങ്ങളോടുള്ള അന്ധമായ ആരാധനയ്ക്ക് ഇടിവു വന്നിട്ടുണ്ടോ ?

വിണ്ണിലെ താരങ്ങളെപ്പോലെ എന്നും ഒരേ ശോഭയിൽ തിളങ്ങാനാവില്ല മണ്ണിലെ താരങ്ങൾക്ക്. വള്ളത്തോൾ സംശയിച്ചതുപോലെ ആകാശത്തു നിന്ന് ഒറ്റ യഥാർഥ നക്ഷത്രം പോലും അടുത്തകാലത്ത് മണ്ണിൽ വീണ് മനുഷ്യരൂപം പൂണ്ടിട്ടുമില്ല. പറഞ്ഞുവരുന്നതു സിനിമാതാരങ്ങളെപ്പറ്റിയാണ്. മണ്ണിലെ ചില താരങ്ങൾ വലിയ കമ്പിത്തിരി പോലെ കുറച്ച് അധികകാലം കത്തിയെന്നിരിക്കും. ചിലർ മത്താപ്പു പോലെ ശൂന്ന് പാളിപ്പോകും. 

സ്ഥിരോത്സാഹികളാണ് സിനിമാ താരങ്ങളാകുന്നതെന്നു പൊതുവെ പറയും. എന്നാൽ ഇതിലും വലിയ കഴമ്പില്ല. എത്രയോ സ്ഥിരോത്സാഹികൾ ഒന്നുമാകാതെ പോയിട്ടുണ്ട്. ഇപ്പോഴും എത്ര പേരാണ് ഉത്സാഹം നഷ്ടമാവാതെ സിനിമയുടെ പിന്നാമ്പുറത്ത് ഉമിനീരിറക്കി പമ്മി നടക്കുന്നത്. നിനച്ചിരിക്കാതെ സിനിമയുടെ പൂമുഖത്തെ സിംഹാസനത്തിലേക്കു തെന്നിവീണവരും കുറവല്ല. 

താരമാവാൻ ശ്രമിക്കുന്നവരെല്ലാം താരമാവുന്നില്ല എന്നതിൽ നിന്ന് ലളിതമായ ഒരുകാര്യം മനസ്സിലാവും. ഒരാൾ സിനിമാ താരമാവുന്നതിൽ ആ വ്യക്തിക്കു വലിയ പങ്കൊന്നുമില്ല. എത്ര ബുദ്ധിഹീനന്മാരാണ് അവർ പോലുമറിയാതെ താരമായിപ്പോയിട്ടുള്ളതെന്നു സിനിമയിലെ പലരും അടക്കം പറയുന്നുണ്ട്. 

അഭിനേതാവിനെയും അഭിനേത്രിയെയും ആദ്യമായി കണ്ടെത്തുന്നതും അവസരം നൽകുന്നതും വളർത്തുന്നതുമെല്ലാം സംവിധായകനോ തിരക്കഥാകൃത്തോ ആണ്. നിർമാതാക്കളുടെ ഉദാരമനസ്കതയ്ക്കും ഇതിൽ പങ്കുണ്ടായെന്നു വരാം. 

പക്ഷേ, ഭസ്മാസുരനു വരം കൊടുത്ത ശിവന്റെ ഗതിയിലായിപ്പോയ സംവിധായകരുടെ എണ്ണവും കുറവല്ല. താരമായിക്കഴിഞ്ഞാൽ പിന്നെ ചിലർ തനിക്ക് നടിക്കാൻ തട്ടകം തന്നവരെത്തന്നെ ഭസ്മമാക്കിക്കളയും! 

താരത്തെ ഉണ്ടാക്കിയ സംവിധായകനും തിരക്കഥാക‍‍ൃത്തും താരത്തിനു പിറകെ വാലുമടക്കിയും വാലാട്ടിയും നടക്കുന്നതാണ് സിനിമയ്ക്കു പിന്നിലെ ദയനീയമായ കാഴ്ചകളിലൊന്ന്. താരത്തോടൊപ്പം കരുത്താർജിക്കുന്ന ശിങ്കിടികളെയും വണങ്ങേണ്ടിവരും.

തങ്ങൾ അവസരം നൽകി വളർത്തിയ താരങ്ങളുടെ ക്രൂരമായ അവഗണന സഹിക്കവയ്യാതെ സിനിമ ഉപേക്ഷിച്ചവരും മനോവേദനയിൽ രോഗികളായി മരിച്ചവരുമുണ്ട്. ഇവരിൽ പലരും പ്രതിഭാധനരായ സംവിധായകരും എഴുത്തുകാരുമായിരുന്നു. 

സംവിധായകനോ തിരക്കഥാകൃത്തിനോ താരങ്ങൾക്കെതിരെ പരസ്യമായി ഒരക്ഷരം ഉരിയാടാനുമാവില്ല. മിണ്ടിയാൽ അവർ അടുക്കളത്തോട്ടം പരിപാലിച്ചു വീട്ടിലിരിക്കേണ്ടിവരും. അത്ര കരുത്തരാണ് താരങ്ങൾ. കാളിദാസനു പോലും ഇവരെ സ്തുതിച്ചു കവിതയെഴുതി സ്ഥലംവിടുകയേ നിവൃത്തിയുള്ളൂ. 

നടന്മാർക്കിടയിൽ മാത്രമല്ല, നടിമാരിലുമുണ്ട് താരങ്ങൾ. 

ചില താരനടിമാർ ഒരുങ്ങിപ്പുറപ്പെട്ടു സെറ്റിലെത്തുന്നതു വരെ കൊതുകുവധം നടത്തി കാത്തിരുന്നു മടുത്ത സംവിധായകർ മാത്രമല്ല നടന്മാരുമുണ്ട്. നടിമാരുടെ വാശിമൂലം മുടങ്ങിപ്പോയ സിനിമകൾ കഷ്ടപ്പെട്ടു പൂർത്തിയാക്കിയ കഥകളും ധാരാളം. ചില താരനടിമാരെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു എന്ന ഒരേയൊരു കുറ്റത്തിന്റെ പേരിൽ ഷൂട്ടിങ് കഴിയുന്നതു വരെ കണ്ണീരു കുടിച്ച സംവിധായകരുടെ കഥ ഇതുവരെ ആരും സിനിമയാക്കിയിട്ടില്ല.

എന്നാൽ എല്ലാ താരങ്ങളും ഇങ്ങനെയാണോ എന്നു ചോദിച്ചാൽ പഴയകാല നിർമാതാവ് സ്വപ്ന ബേബി വിയോജിക്കും. കമലഹാസനും ശ്രീദേവിയും അഭിനയിച്ച് ഭീംസിങ്ങിന്റെ സംവിധാനത്തിൽ 1977ൽ പുറത്തിറങ്ങിയ നിറകുടം സിനിമയുടെ നിർമാതാവ് തൃശൂർ സ്വദേശിയായ സ്വപ്ന ഫിലിംസ് ബേബിയാണ്. 

‘പാപനാശം’ സിനിമയുടെ ഷൂട്ടിങ് കേരളത്തിൽ നടക്കുമ്പോൾ ബേബിക്കു കമൽഹാസനെ കാണണമെന്നു തോന്നി. മുണ്ടും ഷർട്ടും ധരിച്ച് സെറ്റിലെത്തിയ വയോധികനായ ബേബിയേട്ടൻ സെറ്റിൽ കണ്ട ഒരു ചെറുപ്പക്കാരനോടു കാര്യം പറഞ്ഞു. അഞ്ചു മിനിറ്റിനകം കമൽഹാസൻ നേരിട്ട് ഇറങ്ങിവന്ന് അദ്ദേഹത്തെ ആശ്ലേഷിച്ച് കൂട്ടിക്കൊണ്ടുപോയി. പഴയ ഓർമകൾ പങ്കുവച്ചു, ചെന്നൈയിലെ വീട്ടിലേക്കു ക്ഷണിച്ചു. 

പിന്നീട് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ വച്ചു കണ്ടപ്പോൾ കമൽഹാസൻ ബേബിയേട്ടനോടൊപ്പം ഒരു ഫോട്ടോ വേണമെന്നു പറഞ്ഞു. താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്നതല്ലാതെ താരങ്ങൾ മറ്റൊരാൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് അദ്ദേഹം ആദ്യം കാണുകയായിരുന്നു. 

താരാധിപത്യത്തിൽ മാറ്റമൊന്നുമില്ലെങ്കിലും താരങ്ങളോടുള്ള ആരാധനയിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയിട്ടുണ്ട്. കഥാപാത്രത്തിന് യോജിച്ചവർ മാത്രമാണ് അഭിനേതാക്കൾ എന്ന സ്ഥിതിയിലേക്കു സിനിമ മെല്ലെ മാറുന്നു. ഒപ്പം സ്ക്രീനിൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന തോന്നൽ പ്രേക്ഷകർക്കും വന്നു തുടങ്ങി. 

ആരാധനയ്ക്കു മാറ്റം വന്നാലും കലാമേന്മയുള്ള സിനിമകൾ വരുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുക തന്നെ ചെയ്യും. ഇലകൾ പഴുക്കും വീഴും വീണ്ടും തളിർക്കും. അതാണല്ലോ പ്രകൃതിനിയമം.