ചതിയുടെ കൊടുമുടി; ഒരു മലയാളസിനിമയുടെ കദനകഥ

പുതുമുഖങ്ങൾ 52 പേർ. സംവിധായകനും നിർമാതാക്കളും അഭിനേതാക്കളുമെല്ലാം പുതുമുഖങ്ങൾ. ഒരുവിധത്തിൽ ചിത്രം തിയറ്ററുകളിലെത്തിച്ചു. 52 തിയറ്ററുകളിൽ റിലീസിനു ശ്രമിച്ചിട്ടു കിട്ടിയതു 36 സെന്ററുകൾ മാത്രം. അതോടെ, ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന പുതുമുഖ സിനിമയുടെ അണിയറയ്ക്കു പിന്നിലെ കഥ തുടങ്ങുകയായി. അതെക്കുറിച്ചു പറയുന്നതു സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താനും നിർമാതാക്കളായ നന്ദു മോഹനും ആനന്ദ് രാധാകൃഷ്ണനും. ഈ ചെറുപ്പക്കാർക്കു പറയാനുള്ളതു മലയാള സിനിമയിലെ പ്രധാനികളോടാണ്, സംഘടനകളോടാണ്. 

കാണാനില്ല, പോസ്റ്ററുകൾ 

പടത്തിന്റെ പോസ്റ്റർ പോലും നേരാംവിധം എവിടെയുമില്ല. എല്ലാറ്റിനും പണം കൊടുത്തതാണ്. അവസാനം റിലീസിനു തലേന്നു ഞങ്ങൾ തന്നെയിറങ്ങി പലയിടത്തും ഫ്ലെക്സ് വച്ചു. ആളുകൾ അറിയണ്ടേ. പുതുമുഖ ചിത്രങ്ങൾ കാണാൻ ആരും വരില്ലെന്നും പടം റിലീസ് ആകും മുൻപേ ചിലർ തീരുമാനിച്ചു കഴിഞ്ഞു. അവർക്ക് എത്രയും പെട്ടെന്ന് ഈ പടം ഒഴിവാക്കണമെന്നാണ് ആഗ്രഹം. റീലിസിനു മുൻപേ ചിലർ പറഞ്ഞതു പടം പൊട്ടുമെന്നാണ്. പടം കാണും മുൻപേ അതെങ്ങനെ പറയുമെന്നു ചോദിച്ചപ്പോൾ മലയാളത്തിൽ പുതുമുഖ പടങ്ങൾ വിജയിക്കില്ലെന്നായിരുന്നു മറുപടി. 

ആളു കയറുന്ന നേരത്തു പടം കാണിക്കണം, പ്ലീസ് 

തിയറ്ററുകൾ ഒരു വൈകുന്നേര ഷോ പോലും ഈ സിനിമയ്ക്ക് അനുവദിക്കുന്നില്ല. ആകെ കിട്ടുന്നതു പൊതുവിൽ തിരക്കു കുറഞ്ഞ രാവിലെ പത്തിന്റെയും 11 ന്റെയുമൊക്കെ ഷോകൾ മാത്രം. എന്നിട്ടും, അത്യാവശ്യം ആളുകളെത്തുന്നു, ചിരിപ്പടമെന്നു വിശേഷണവും കിട്ടി. പക്ഷേ, അതുപോരല്ലോ. കൂടുതൽ ആളുകൾ കാണണമെങ്കിൽ വൈകുന്നേരങ്ങളിൽ പടം പ്രദർശിപ്പിക്കണം. എല്ലാ സംഘടനക്കാരോടും തിയറ്ററുകാരോടും സങ്കടം പറഞ്ഞു. ഒരു പ്രയോജനവുമില്ല.  ഏരീസ് കോംപ്ലക്സ് പോലെ ചില തിയറ്ററുകൾ മാത്രമാണു സഹകരിക്കുന്നത്. ഞങ്ങളുടെ സിനിമ മോശമാണെങ്കിൽ മാറ്റിക്കോട്ടെ. പരാതിയില്ല. പക്ഷേ, അതിനു മുൻപ് ആളുകൾക്കു കാണാൻ സൗകര്യം കൊടുക്കണ്ടേ?  കൂടുതലൊന്നും വേണ്ട. ഒരു വൈകുന്നേര ഷോയെങ്കിലും പ്രധാന സെന്ററുകളിൽ അനുവദിക്കണം. അതു മാത്രം മതി.