ഉണ്ണിയുടെ ക്ലിന്റ്; പ്രേക്ഷക പ്രതികരണം

ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ക്ലിന്റ് സിനിമ തിയറ്ററുകളിലെത്തി. വരകളുടെ ലോകത്തെ മായാ പ്രതിഭയായ ക്ലിന്റിന്റെ ജീവിതമാണ് അതേപേരിൽ സിനിമയാകുന്നത്. ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ ‌ഈ വിസ്മയ പ്രതിഭയുടെ കഥ ‘ക്ലിന്റ്’ എന്ന പേരിൽ സിനിമയാക്കുന്നത് സംവിധായകൻ ഹരികുമാറാണ്. 

ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്. 

മൂന്നു വർഷത്തോളം നീണ്ട അണിയറ ജോലികൾക്കൊടുവിലാണ് ഫെബ്രുവരി മാസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന‍കുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സലിം കുമാർ, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും അഭിനയിക്കുന്നു. യഥാർഥ ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും സിനിമയുടെ ഒരു ഭാഗത്ത് അവരായി തന്നെ അഭിനയിക്കുണ്ട്. 

മധു അമ്പാട്ട്(ഛായാഗ്രഹണം), ഇളയരാജ(സംഗീതം), നേമം പുഷ്പരാജ്(കലാ സംവിധാനം), പ്രഭാവർമ(ഗാനരചന), പട്ടണം റഷീദ്(ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ അണിനിരക്കുന്നു.