മോഹൻലാലിന്റെ അച്ഛനായും മമ്മൂട്ടിയുടെ മകനായും മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനോടുള്ള ആദരസൂചകമായി മനോരമ ഓൺലൈൻ അവതരിപ്പിച്ച ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ ആദ്യ പ്രമോ വിഡിയോ കാണാം. മമ്മൂട്ടിയുടെ മകനായതും ഐശ്വര്യ റായിയുടെ ഭർത്താവായതും എന്തിന് മോഹൻലാൽ കഥാപാത്രത്തിന്റെ തന്നെ അച്ഛനായി ഡബിൾ റോളിൽ അഭിനയച്ചതുൾപ്പടെയുള്ള ‌അനുഭവങ്ങളെക്കുറിച്ച് മോഹൻലാൽ തന്നെ പറയുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് ഇത്. ‌കഴിഞ്ഞ ദിവസം ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനു നൽകി ആർട്ടിസ്റ്റ് നമ്പൂതിരിയാണ് വേഷങ്ങൾ ആപ് പുറത്തിറക്കിയത്. 

മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും അടുത്തറിയാൻ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് വിശേഷം പങ്കിടുന്നുവെന്നതാണ് ഇൗ ആപ്പിന്റെ മുഖ്യ സവിശേഷത. അദ്ദേഹം തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപ്പുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിലുള്ള ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.

ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപ്പിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളും ആപ്പിലെ പ്രധാന ആകർഷണങ്ങളാണ്. മോഹൻലാലുമായി നേരിട്ടു സംവദിക്കാൻ അവസരമുണ്ടെന്നുള്ളതാണ് ആപിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്.

വേഷങ്ങൾ ആപ് ഡൗൺലോഡ് ചെയ്യാം