ദൃശ്യം ക്ലൈമാക്സും മോഹൻലാലിന്റെ തമാശയും; സിദ്ദിഖ് പറയുന്നു

ഈ അടുത്ത് മലയാളസിനിമകളിൽ ഏറ്റവും മികച്ച വികാരനിർഭരരംഗങ്ങളിലൊന്നാണ് ദൃശ്യം സിനിമയിെല ക്ലൈമാക്സ്. മോഹൻലാലിന്റെയും സിദ്ദിഖിന്റെയും മത്സരിച്ചുള്ള അഭിനയമായിരുന്നു പ്രധാനആകർഷണം. ആ രംഗത്തിൽ അഭിനയിക്കുമ്പോൾ താനായിരുന്നു ഏറ്റവുധികം ടെൻഷൻ അനുഭവിച്ചിരുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലായിരുന്നു സിദ്ദിഖ് ഈ അനുഭവം തുറന്നുപറഞ്ഞത്

‘ദൃശ്യം സിനിമയുടെ ക്ലൈമാക്സ് സീനിൽ ലാലിനോട് ചെന്ന് എന്റെ മകന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന രംഗമുണ്ട്. തൊടുപുഴ ഭാഗത്ത് ഒരു ഡാമിന്റെ അരികിലാണ് ഷൂട്ട് ചെയ്യുന്നത്. ഡാമിലെ വെള്ളം പൊങ്ങി കുറച്ച് കരയിലേക്ക് കയറിയിട്ടുണ്ട്. അവിടെ കാക്കകളും കൊക്കും ഒക്കെ മീനിനെ പിടിക്കാൻ വരുന്നുണ്ട്. 

വളരെ സീരിയസായി സംഭാഷണം പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് ലാൽ എന്റെ അടുത്ത് വന്നിട്ട് ‘ അണ്ണാ ഈ കാക്ക കുളിച്ചാൽ കൊക്ക് ആകില്ല എന്ന് പറയുന്നത് ചുമ്മാതെയാണ് എത്രയോ കാക്കകൾ കുളിച്ചിട്ട് കൊക്കായി’, ഇതു തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ സംഭാഷണം പറയുന്നതിന് മുമ്പ് വീണ്ടും ‘നിങ്ങൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ ഈ കാക്ക കുളിച്ച് കൊക്കാകുന്നത്’ എന്ന് ലാൽ പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഷോട്ട് തുടങ്ങുന്ന സമയം ലാൽ സംഭാഷണം പറയേണ്ടിടത്ത് കൃത്യമായി പറയുകയും ചെയ്യും. എന്റെ ഭാഗം വന്നപ്പോൾ അതെങ്ങനെയാണ് പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ.‌’–സിദ്ദിഖ് പറഞ്ഞു.

‘ലാലിന്റെ കൂടെ അഭിനയിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ലാൽ കഥാപാത്രമായി മാറുന്നു എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ഇതൊന്നും ഭാവിക്കാതെ അവിടെ ചുമ്മാ വന്ന് നിന്ന് സിനിമ കാണാൻ വരുന്ന ലാഘവത്തോടുകൂടി വരികയും സംഭാഷണം നോക്ക് ആ സമയത്ത് അത് പറയുകയും ചെയ്യും. അഭിനയമെന്ന ജോലി ഇത്രയും എളുപ്പമാണെന്ന് മനസിലാകുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ് . അഭിനയം ഭയങ്കര വിഷമമാകുന്നത് ഞാൻ അഭിനയിക്കുന്നത് കാണുമ്പോഴാണ്.

‘ലാലിനോടൊപ്പം ഒരുപാട് സിനിമകളിൽ വിവിധ കഥാപാത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഭൂമിയിലെ രാജാക്കന്മാർ മുതൽ ഇപ്പോൾ റിലീസായ വെളിപാടിന്റെ പുസ്തകം വരെ. എന്റെ കരിയറിലെ വളർച്ച മനസിലാക്കണമെങ്കിൽ ലാലിന്റെ കൂടെ അഭിനയിച്ച് കഥാപാത്രങ്ങളെ നോക്കിയാൽ മതിയാകും.  ഞാൻ പല വേദികളിലും പറയാറുള്ളതാണ് മോഹൻലാലിനെപ്പോലുള്ള പ്രഗത്ഭരായ നടന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് എന്നിലെ നടന് എന്തെങ്കിലും വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലുള്ള കാരണം .’

മറ്റ് നടന്മാരോടൊപ്പം അഭിനയിക്കുന്നതിനേക്കാൾ മോഹൻലാലിനോടൊപ്പം അഭിനയിക്കുമ്പോൾ ഉള്ള വിഷമം എന്നത് ഒരു സീൻ മോശമായാൽ മോഹൻലാലിന്റെ കുറ്റമായിരിക്കില്ല. ഞാൻ കാരണമാകും ആ സീൻ മോശമാവുക. ആ സീൻ നന്നാക്കാനുള്ള ബാധ്യത മോഹൻലാലിനേക്കാൾ കൂടുതൽ എനിക്കായിരിക്കും. ശ്രദ്ധിച്ച് സംഭാഷണങ്ങൾ പഠിച്ച് ഇതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാം എന്ന് വിചാരിച്ചാൽ ലാൽ സമ്മതിക്കില്ല. അദ്ദേഹം തമാശകൾ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹത്തിന് പറയുന്ന സെക്കന്റിൽ അഭിനയിക്കാൻ അറിയാം. നമുക്കത് അറിയില്ല. 

ബലൂൺ വീർപ്പിക്കുന്നതുപോലെ വീർപ്പിച്ചു കൊണ്ടുവന്നിട്ടുവേണം അവതരിപ്പിക്കാൻ. സംഭാഷണം ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല. നമ്മൾ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറയും ‘ഇപ്പോഴാണോ ഇതിനെക്കുറിച്ച് പറയേണ്ടത് വേറെ എന്തെങ്കിലും പറയാം’. സീനിന്റെ കാര്യമോ സംഭാഷണമോ ഒന്നു മൈൻഡ് ചെയ്യുക ഇല്ല.  ആക്ഷൻ പറയുന്ന സമയത്ത് ലാൽ എല്ലാം പറയുകയും ചെയ്യും. നമ്മൾ പഠിച്ചതെല്ലാം മറന്ന് പോവുകയും ചെയ്യും. എപ്പോഴു തമാശ പറഞ്ഞുകൊണ്ടേയിരിക്കും.–സിദ്ദിഖ് പറഞ്ഞു.

വേഷങ്ങൾ ആപ് ഡൗൺലോഡ് ചെയ്യാം.