രാമലീലയെ വാനോളം പുകഴ്ത്തി പ്രേക്ഷകരും സിനിമാലോകവും

ദിലീപ് ചിത്രമായ രാമലീലയെ വാനോളം പുകഴ്ത്തി മലയാള സിനിമാലോകവും പ്രേക്ഷകരും. മലയാളത്തിലെ പ്രധാന താരങ്ങളും സംവിധായകരുമൊക്കെ ചിത്രം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തെ താറടിക്കാനുള്ള ശ്രമങ്ങളും ചില ഭാഗങ്ങളിൽ നിന്നുണ്ടെന്നുള്ളത് വാസ്തവം.

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സിനിമയെയും സംവിധായകനെയും പുകഴ്ത്തി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. ദിലീപുൾപ്പടെ രാമലീലയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പേരെടുത്ത് അഭിനന്ദിക്കുന്ന കുറിപ്പിൽ രാമലീല ഇൗ വർഷത്തെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമെന്നാണ് വിനീത് എഴുതുന്നത്. സിനിമ ഒരു മാജിക്കാണെന്നും അതുണ്ടാക്കിയവരുടെ കഴിവിനും അപ്പുറത്താണ് അതിന്റെ സ്ഥാനമെന്നും വിനീത് തന്റെ കുറിപ്പിൽ പറയുന്നു.

ജനകീയ കോടതിയിലെ വിജയമെന്നാണ് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ലാൽ ജോസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. രാമലീല മികച്ച പൊളിറ്റിക്കൽ ത്രില്ലറാണെന്ന് സംവിധായകരായ രഞ്ജിത് ശങ്കറും ബോബൻ സാമുവലും അഭിപ്രായപ്പെട്ടപ്പോൾ ദൃശ്യത്തിനു ശേഷം മലയാളത്തിനു ലഭിച്ച ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് ദൃശ്യത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീർ പറഞ്ഞു.

ദിലീപുമായി ശത്രുതയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ലിബർട്ടി ബഷീറിന്റെ രണ്ടു തീയറ്ററിലും രാമലീല ആദ്യ ദിനം ഹൗസ് ഫുൾ ആയാണ് പ്രദർശിപ്പിച്ചത്. ചിത്രം മികച്ചതാണെന്നും വിജയിച്ചെന്നും ബഷീർ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.  

സമൂഹമാധ്യങ്ങളിലെ സിനിമാ സ്നേഹികളുടെ കൂട്ടായ്മകളിലൊക്കെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ മാത്രമാണ് വരുന്നത്. ദിലീപിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് കരുതിയിരുന്നവർക്കുള്ള തിരിച്ചടിയായി രാമലീലയുടെ വിജയം. ചിത്രത്തെ താറടിക്കാനുള്ള ശ്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ടെങ്കിലും സിനിമയ്ക്ക് ആദ്യ ദിനം തന്നെ ലഭിച്ച മികച്ച അഭിപ്രായം അവയെ മറികടക്കാൻ പോന്നതാണെന്നാണ് വിലയിരുത്തൽ.