ഒടിയനെ ചെറുപ്പമാക്കാൻ ഫ്രഞ്ച് വിദഗ്ധർ

സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹൻലാൽ നടത്തുക. അദ്ദേഹം ഇപ്പോള്‍ കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണെന്നും ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘവും മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തുണ്ടെന്നും സംവിധായകൻ ട്വിറ്ററില്‍ വ്യക്തമാക്കി. ഏകദേശം 15 കിലോ ഭാരമാകും മോഹൻലാൽ കുറയ്ക്കുക.

ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ഫിറ്റ്നെസ് ലെവൽ പരിശോധിച്ച ടീം 35 മുതൽ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്.

ഫ്രാൻസിൽ നിന്നുള്ള ഈ ടീമിൽ 25 പേരുണ്ട്. അതിൽ ഉഴിച്ചില്‍ക്കാരന്‍,ആയുര്‍വ്വേദ വിദഗ്ധർ, ത്വക്‌രോഗവിദഗ്‌ദ്ധന്‍, ഫിറ്റ്നെസ് ട്രെയിനേർസ് എന്നിവർ ഉൾപ്പെടും. ഇതാദ്യമായാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്. ആ പഴയ മോഹൻലാലിനെ വീണ്ടും കാണാനാകുംഎന്നതാണ് ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്ന മറ്റൊരു കാര്യം. 

നിലവിൽ 65കാരനായ മാണിക്കന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയൻ ടീം എടുത്തുകഴിഞ്ഞു. 

പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ഒടിയന്‍റെ ക്ലൈമാക്സ്‌ രംഗങ്ങളാണ് മുമ്പ് ചിത്രീകരിച്ചിരുന്നത്. ഒക്ടോബര്‍ 6 ന് ആരംഭിച്ച ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നില്‍ക്കും എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്‍റെ ക്ലൈമാക്സ്‌. രണ്ടു പ്രധാന ചിത്രങ്ങള്‍ മാറി വച്ചാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയന്‍റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റര്‍ ഹെയ്നിനു മറ്റൊരു ദേശീയ പുരസ്കാരം നേടി കൊടുക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 12 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് ആകും ഒടിയന്റെ മറ്റൊരു പ്രത്യേകത.

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഒടിയന്‍റെ  ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒടിയന്‍റെ കഥയ്ക്ക്‌ അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട്‌ തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കൂറ്റൻ സെറ്റാണ് ഒടിയന് വേണ്ടി സൃഷ്ടിച്ചത്.