നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളിതാരം മോഹൻലാൽ അല്ല

ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം മോഹൻലാലിന് ലഭിച്ചിരുന്നു. മലയാളികൾക്ക് അഭിമാനമായി മാറിയ വാർത്ത ആരാധകരും സിനിമാപ്രേക്ഷകരും ഏറ്റെടുത്തു.

നന്തി പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളിതാരമാണ് മോഹൻലാൽ എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ നന്തി പുരസ്‌ക്കാരം ഇതിന് മുമ്പും മലയാളിതാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

2010ൽ ‘ആള മൊഡലൈന്തി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നന്തി പുരസ്കാരം നേടിയത് നിത്യ മേനോൻ ആണ്. 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് നയൻതാരയ്ക്ക് ലഭിച്ചിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍താര ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 2013 ലായിരുന്നു പുരസ്കാര പ്രഖ്യാപനം.

പിന്നീട് നടൻ സിദ്ദിഖിനെ തേടിയും നന്തി പുരസ്കാരം എത്തി. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ദിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. ഇത് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നു. രാജേ്ഷ് ടച്ച് റിവര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

കെഎസ് ചിത്ര, യേശുദാസ് തുടങ്ങിയ ഗായകർക്കും നന്തി പുരസ്കാരം നിരവധി തവണ ലഭിച്ചിരുന്നു. ഈ വർഷവും കെ.എസ്. ചിത്ര ഈ പുരസ്കാരം നേടിയിരുന്നു.

ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് മോഹന്‍ലാല്‍. ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളുടെ വിഭജനത്തോടെ പുരസ്‌ക്കാര പ്രഖ്യാപനം നിന്നുപോയിരുന്നു. തുടര്‍ന്ന് 2012, 2013 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ചിലും 2014, 2015, 2016 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.