രാജിവക്കുമ്പോള്‍ ഏറെ സങ്കടം തോന്നി: രമ്യ നമ്പീശൻ

നീതി ലഭിക്കേണ്ടവരിൽ നിന്ന് ലഭിച്ചത് നീതി നിഷേധമെന്ന് സിനിമാതാരം രമ്യ നമ്പീശൻ. സിനിമയിലെ ക്രിമിനൽ വല്‍ക്കരണത്തിന് ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ. തൃശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് ഇരുവരുടെയും അഭിപ്രായപ്രകടനം. 

ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു.  ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഡബ്ലു.സി.സി. പ്രവർത്തകർക്ക് ഐക്യദാർഡ്യം പഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു ചലച്ചിത്ര താരം രമ്യനമ്പീശന്റെ പ്രതികരണം.  

അമ്മയില്‍ നിന്ന് രാജിവക്കുമ്പോള്‍ ഏറെ സങ്കടം തോന്നിയിരുന്നു. പ്രഗല്‍ഭരായ ആളുകള്‍ ഞങ്ങളുടെ പ്രവൃത്തി അനിവാര്യമായിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്നതില്‍ സന്തോഷമുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ആരോപിതനായ വ്യക്തി അതു തെളിയിക്കട്ടെ. ചില അവസരങ്ങളില്‍ പ്രതിഷേധം അനിവാര്യമാണ്. ഞങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.

സിനിമയിലും പുറത്തും മാതൃത്വം പറയുന്ന അമ്മയിലെ അമ്മമാർ എടുത്ത നിലപാടിനെ സംവിധായകർ കമൽ വിമർശിച്ചു. ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്തതില്‍ പകുതിയും സ്ത്രീകളായിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

അനുനയചര്‍ച്ചകളെല്ലാം കെണികളാണെന്ന് ഡബ്ലു.സി.സി. പ്രവര്‍ത്തകര്‍ മറക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഓര്‍മ്മപ്പെടുത്തി. എഴുത്തുകാരി സാറാ ജോസഫ്, സംവിധായകരായ പ്രിയനന്ദൻ, പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങി നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, കോടതി തീരുമാനം വരുന്നതു വരെ നടൻ ദീലീപിനെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടൻ മാമുക്കോയ. ഇതു ദിലീപിന്റെ കാര്യത്തിൽ മാത്രമല്ല ആരുടെ കാര്യത്തിലായാലും ഏതു സംഘടനയിലായാലും മറിച്ചുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും മാമുക്കോയ കുവൈത്തില്‍ പറഞ്ഞു. ഇപ്പോൾ തിരിച്ചെടുത്താൽ പിന്നീട് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വീണ്ടും പുറത്താക്കേണ്ടി വരില്ലേയെന്നും മാമുക്കോയ ചോദിച്ചു.