സിനിമാ-നാടക അഭിനേത്രി ദേവകിയമ്മ വിടവാങ്ങി

സിനിമാ-നാടക അഭിനേത്രി കെ.ജി. ദേവകിയമ്മ (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ സിനിമകളിലെ  ദേവകിയമ്മയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു.

റേഡിയോ ആർട്ടിസ്റ്റ് കൂടിയായിരുന്നു ദേവകിയമ്മ. ചെറുപ്പത്തിൽ സംഗീതം അഭ്യസിക്കുകയും എട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് നാടകങ്ങളിൽ പാടി അഭിനയിച്ചു

ചെറുനാടക കമ്പനികളിൽ അഭിനയിച്ചു കൊണ്ടിരിക്കേ കലാനിലയം കൃഷ്ണൻ നായർ അവരെ അദ്ദേഹത്തിന്റെ നാടക കമ്പനിയിലേക്കു ക്ഷണിച്ചു. ലാവണ്യ ലഹരിയായിരുന്നു ആദ്യനാടകം. തുടർന്ന് കൃഷ്ണൻനായരുടെ ജീവിത സഖി കൂടിയായി ദേവകിയമ്മ. വിവാഹ ശേഷവും നാടക രംഗത്തു സജീവമായിരുന്നു . മലയാളത്തിനു പുറമെ തമിഴ് നാടകങ്ങളിലും അക്കാലത്ത് അവർ വേഷമിട്ടു. തുടർന്ന് ആള്‍ ഇന്ത്യാ റേഡിയോയുടെ സ്ഥിരം ആർട്ടിസ്റ്റായി.