തൊടുപുഴക്കാർക്ക് ലാലിന്റെ ആശീർവാദം; സിനിപ്ലെക്സ്

തൊടുപുഴക്കാർക്ക് ദൃശ്യവിരുന്നേകാൻ ആശീർവാദ് സിനിപ്ലെക്സ്. ആന്റണി െപരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിപ്ലെക്സ് തിയറ്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സംവിധായകൻ ജോഷി , സാബു ചെറിയാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിനെത്തിയിട്ടുണ്ട്.

നാല് സ്ക്രീനുകളാണ് സിനിപ്ലെക്സിൽ ഉള്ളത്. രണ്ട് തിയറ്ററുകൾക്ക് മോഹൻലാലിന്റെ മക്കളുടെ പേരുകളാണ്. പ്രണവ്, വിസ്മയ. അടുത്ത രണ്ട് തിയറ്ററുകൾക്ക് ആന്റണി പെരുമ്പാവൂരിന്റെ മക്കളുടെ പേരും. ആശിഷ്, അനീഷ.

ഫോർ കെ ഡോൾബി അറ്റ്മോസ് സൗണ്ട് ഇഫക്ടിലാണ് സ്ക്രീനുകൾ തീർത്തിരിക്കുന്നത്. നാല് സ്ക്രീനുകളിലായി 600, 400, 200, 100 എന്നിങ്ങനെയാണ് സീറ്റുകൾ.

ഔദ്യോഗിക ഉദ്ഘാടന ചിത്രം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ കബാലിയാകും. റിലീസ് ദിവസമായ 22ന് നാല് സ്ക്രീനുകളിലും കബാലി സിനിമയായിരിക്കും. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ്‌ലാബും ആശീർവാദും ചേർന്നാണ് കേരളത്തിൽ കബാലി വിതരണത്തിനെത്തിക്കുന്നത്.

എട്ടര കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഇവർ സ്വന്തമാക്കിയത്. കേരളത്തിൽ 250 തിയറ്ററുകളിലാകും കബാലി റിലീസിനെത്തിക്കുക.