കാതല്‍ സന്ധ്യ പിറന്നാളിന് അമ്മയായി

കാതൽ സന്ധ്യയ്ക്കും ഭർത്താവ് വെങ്കട്ട് ചന്ദ്രശേഖരനുമൊപ്പം നടി സുജ

‘കാതൽ’ സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കും ‘ട്രാഫിക്’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ കാതൽ സന്ധ്യ അമ്മയായി. പെൺകുഞ്ഞാണ്. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞുമൊത്തുള്ള സന്ധ്യയുടെ ചിത്രവും സുജ പങ്കുവച്ചു.

സൈക്കിള്‍, ട്രാഫിക്,വേട്ടം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കാതല്‍ സന്ധ്യ. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയിൽ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.

ജീവിതത്തിൽ പുതിയ അതിഥി എത്തിയപ്പോൾ മറ്റൊരു അസുലഭനിമിഷത്തിന്റെ സന്തോഷത്തിലാണ് സന്ധ്യ. സെപ്റ്റംബര്‍ 27– നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ കുഞ്ഞിന് ജന്മം നൽകണം എന്നായിരുന്നു സന്ധ്യയുടെ ആഗ്രഹം. അതും നടി സാധിക്കുകയുണ്ടായി.

ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയും ഐടി ബിസിനസ് സ്ഥാപന ഉടമയുമായ വെങ്കിട് ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ആര്‍ഭാടമായി നടത്താനുദ്ദേശിച്ച കല്യാണം പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തയാറാക്കി കാത്തിരിക്കുന്നതിനിടെ ചെന്നൈയിൽ പ്രളയമായി.

വടപളനിയിലെ ആറാംനിലയിലെ ഫ്ലാറ്റിൽ കാതൽ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതായി.

വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറിൽ കയറിയപ്പോൾ എൻജിനൊപ്പം വെള്ളം. ഒടുവിൽ പണം കൊടുത്ത് കാർ അര കിലോമീറ്ററോളം തള്ളി നീക്കി വെള്ളമില്ലാത്ത സ്ഥലത്തെത്തി സ്റ്റാർട്ടാക്കി. ബസ് വാടകയ്ക്ക് വിളിച്ച് ഇരു കുടുംബങ്ങളും അർധരാത്രിയോടെ പുറപ്പെട്ടു. അങ്ങനെ ഗുരുവായൂരെത്തിയായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന്റെ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുകയായിരുന്നു.