തോപ്രാംകുടി കബഡി ടീമുമായി മമ്മൂട്ടി വരുന്നു

മമ്മൂട്ടി

മമ്മൂട്ടി കബഡി ആരാധകനാകുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കബഡി പ്രേമിയായി മമ്മൂട്ടി എത്തുന്നത്.

തോപ്പില്‍ ജോപ്പന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി വേഷമിടുന്ന തനി കട്ടപ്പനക്കാരന്‍ അച്ചായനായ ജോപ്പന്‍ തോപ്രാംകുടി കബഡി ടീമിന്റെ അമരക്കാരനാണ്.

കളത്തിന് പുറത്തിരുന്നു കൈയടിക്കുന്നയാളല്ല ജോപ്പന്‍. ടീം പ്രതിസന്ധിയിലാകുമ്പോള്‍ അരയും തലയും മുറുക്കി കളത്തിലിങ്ങി കബഡി കബഡി പറഞ്ഞ് കാലു വാരുകയും വാരിവീഴ്ത്തുകയും ചെയ്യും. നര്‍മ്മവും നായകത്വവും ഒത്തുചേർന്ന നാടന്‍ കഥാപാത്രമാണ് ജോപ്പൻ. കട്ടപ്പന ഭാഗത്തുള്ളവരുടെ സംസാരശൈലിയാവും മമ്മൂട്ടി ഇതില്‍ ഉപയോഗിക്കുക. മുണ്ടും ഷര്‍ട്ടുമാകും വേഷം.

നിഷാദ് കോയ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വിദ്യാസാഗറാണ്. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.