മോഹൻലാൽ ‘ഡയറക്ടേർസ് ആക്ടർ’; ജനതാ ഗ്യാരേജ് ഛായാഗ്രാഹകൻ

തമിഴിലും മലയാളത്തിലും ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത ഛായാഗ്രാഹകൻ തിരു ആണ് ജനതാ ഗ്യാരേജിന്റെ ഛായാഗ്രാഹകൻ. മോഹൻലാലിനും ജൂനിയർ എൻടിആറിനും ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് തിരു.

പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിന് തിരു ആയിരുന്നു ക്യാമറ ചലിപ്പിച്ചത്. എന്നാൽ ജനതാ ഗ്യാരേജിൽ മോഹൻലാലിന്റെ വ്യത്യസ്ത തലങ്ങൾ‌ കാണാൻ സാധിച്ചെന്ന് തിരു പറയുന്നു. ‘മോഹൻലാൽ സാർ സെറ്റിലെത്തി ഒരു രംഗം പഠിച്ചെടുക്കുന്നത് തന്നെ അനായാസേനയാണ്. സ്പോട്ടിൽ തന്നെ അദ്ദേഹം ഇത് കൂടുതൽ മികച്ചതാക്കും. നൈസര്‍ഗ്ഗികമായ ഒരു സിദ്ധി ഉണ്ട് അദ്ദേഹത്തിന്. മോഹൻലാൽ ഡയറക്ടേർസ് ആക്ടർ ആണ്‘. തിരു പറയുന്നു.

ഇത്തവണ അദ്ദേഹത്തിന് ഭാഷ പുതിയതായിരുന്നു. അതിസൂക്ഷ്‌മതയോടെയാണ് സിനിമയ്ക്കായുള്ള സംസാരരീതി അദ്ദേഹം പരിശീലിച്ചിരുന്നത്. തെലുങ്ക് ഭാഷ സംസാരിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടാണെന്ന് എന്നോട് പറയുകയും ചെയ്തു. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. തിരു പറഞ്ഞു.

മോഹൻലാലും ജൂനിയർ എൻടിആറും സ്ക്രീനിൽ ഒരുമിച്ച് നിൽക്കുമ്പോൾ തന്നെ വലിയൊരു ഊർജമാണ്. അത്രയും സ്ക്രീൻ പ്രസൻസ് ഉണ്ട് അവർക്ക്. അതുകൊണ്ടുതന്നെ എനിക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല. തിരു പറയുന്നു.