യോദ്ധയിലെ ‘വിക്രു’ ഇവിടെ ഉണ്ട്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് യോദ്ധ. അരിശുംമൂട്ടില്‍ അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനുമൊക്കെ ഇപ്പോഴും പ്രേക്ഷകർക്കൊപ്പമുണ്ട്. സിനിമയിൽ അശോകനൊപ്പം അഭിനയിച്ചു തകർത്ത ഒരു കൊച്ചുമിടുക്കനെ ഓർക്കുന്നുണ്ടോ?. കാവിലെ പാട്ടുമത്സരത്തിനും ചെസുകളിക്കുമൊക്കെ അശോകന് പ്രോത്സാഹനവുമായി എപ്പോഴും ഒപ്പമുണ്ടായിരുന്ന വിക്രു കുട്ടികഥാപാത്രം.

വിനീത് അനിൽ എന്നാണ് ഈ നടന്റെ പേര്. വർഷങ്ങൾ കടന്നുപോയി. വിനീതും വലുതായി. വിനീതിന്റെ മനസ്സില്‍ ഇപ്പോഴും സിനിമ തന്നെയാണ്. 24 വര്‍ഷത്തിന് ശേഷം വിനീത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നടനായല്ല സംവിധായകനായി.

പ്രശസ്ത ചലച്ചിത്രനിരൂപകന്‍ വിജയകൃഷ്ണന്‍ രചിച്ച 'ഒസ്യത്ത്' എന്ന നോവൽ അതേപേരിൽ സിനിമയാക്കാൻ ഒരുങ്ങുകയാണ് വിനീത്. ജിത്തു ജോണിയാണ് ചിത്രത്തിൽ നായകന്‍. തിരക്കഥയും ഗാനരചനയും വിജയകൃഷ്ണനാണ്. ഛായാഗ്രഹണം യദു വിജയകൃഷ്ണന്‍. സംഗീതം ലിയോ ടോം. അരുണ്‍, പ്രകാശ് ബാരെ, കൊച്ചുപ്രേമന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഭാഗ്യലക്ഷ്മി, സംഗീത മോഹന്‍, കുളപ്പുള്ളി ലീല എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുശ്രീ പ്രൊഡക്ഷന്‍സ് ആണ് നിർമാണം.