ശസ്ത്രക്രിയ വിജയകരം, നന്ദി: ശരണ്യ

നടി ശരണ്യ ശശി ശാരു മൂന്നാം വട്ടവും ട്യൂമറിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. നടി തന്നെയാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകുമെന്നും എല്ലാവരുടെയും പ്രാർഥന ആവശ്യമാണെന്നും ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥയ്ക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ശരണ്യ അറിയിച്ചു. വലിയൊരു ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സംഭവിച്ചത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെന്നും ശരണ്യ പറഞ്ഞു.

ആഗസ്റ്റ് ആറിനാണ് നടിയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിച്ചത്. ട്യൂമറിനുള്ള മൂന്നാമത്തെ ശസ്ത്രക്രിയായിരുന്നു ഇത്. സീരിയലുകളില്‍ സജീവമായിരുന്ന സമയത്താണ് നടിയ്ക്ക് ട്യൂമറിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. പിന്നീട് നാട്ടിലെത്തി ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തിയപ്പോഴാണ് അറിയുന്നത് ട്യൂമറാണെന്ന്. രണ്ടാമത്തെ സര്‍ജറിയില്‍ നല്ല പേടി തോന്നിയിരുന്നതായി നടി പറഞ്ഞിരുന്നു. ചിലപ്പോള്‍ തളര്‍ച്ച സംഭവിച്ചേക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് അന്നും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശരണ്യ പറഞ്ഞു.

തനിക്ക് കാൻസർ അല്ലെന്നും ട്യൂമർ ആണെന്നും മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ശരണ്യ വെളിപ്പെടുത്തിയിരുന്നു. രണ്ടു സർജറികളിലൂടെ അതു ഭേദമായതായും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

വെറുതേ അങ്ങനെ പറയരുത്!

ഓര്‍മകള്‍ ചെപ്പ് പോലെ സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്, നടി ശരണ്യയ്ക്ക്. ആല്‍ബത്തില്‍ അ ഭിനയിച്ചപ്പോള്‍ ആദ്യം കിട്ടിയ പ്രതിഫലം എഴുന്നൂറ്റിയമ്പതു രൂപ, ചെന്നൈയിലേക്കുള്ള ആദ്യ വിമാനയാത്രയുടെ ടിക്കറ്റ്, ഗള്‍ഫില്‍ നിന്ന് ആരാധകന്‍ അയച്ചുകൊടു ത്ത സമ്മാനപ്പെട്ടി അങ്ങനെ നീളുന്നു സ്മരണകളുടെ ശേഖ രം. ഒടുവില്‍ ഓര്‍മയുടെ ആമാടപ്പെട്ടിയില്‍ ഇടം പിടിച്ചത് ശ രണ്യയുടെ നീണ്ട മുടിയിഴകള്‍. തലയില്‍ രണ്ടു ശസ്ത്രക്രിയകള്‍ നല്‍കിയ ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനില്‍ സജീവമാകുകയാണ് ശരണ്യ. 'കറുത്തമുത്ത്' സീരിയലിലെ ക്രൂരയായ വില്ലത്തി കന്യയായി.

സങ്കടങ്ങളുടെ തിരയൊടുങ്ങി. വിഗ്ഗുകളുടെ ബലം ഇനി അധികകാലം ശരണ്യയ്ക്ക് ആവശ്യമില്ല. പഴയ ബലമില്ലെങ്കി ലും മുടി വളരുന്നു, വേഗം. ശരണ്യയുടെ പ്രതീക്ഷകള്‍ പോലെ. കൊച്ചിയിലെ വീട്ടിലിരുന്ന് ശരണ്യ പറയുന്നു, ഒരിക്കല്‍ അവസാനിച്ചുവെന്നു കരുതിയ ജീവിതം തിരിച്ചു പിടിച്ച കഥ.

ശരണ്യയുടെ അസുഖത്തെക്കുറിച്ച് പല കഥകളും കേള്‍ക്കുന്നുണ്ട്?

അസുഖം തന്ന വേദനയേക്കാള്‍ സങ്കടം തോന്നിയത് കാന്‍സര്‍ ആണെന്ന് പലരും പറഞ്ഞു കേട്ടപ്പോഴാണ്. അങ്ങനെ കേള്‍ക്കുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. വേദനകള്‍ സഹിച്ച അനുഭവമുണ്ട്. പക്ഷേ, പലരും അങ്ങനെ പറയുമ്പോള്‍ എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. ട്യൂമറായിരുന്നു. പക്ഷേ, അത് കാന്‍സറസ് അല്ല. രണ്ട് സര്‍ജറികളിലൂടെ അത് ഭേദമായി.

തലവേദനയായിരുന്നു തുടക്കം. അന്ന് ഹൈദരാബാദില്‍ 'സ്വാതി' എന്ന തെലുങ്ക് സീരിയല്‍ ചെയ്യുകയാണ്. വേദന സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഡോക്ടറെ കണ്ടു. പെയിന്‍ കില്ലര്‍ ഇന്‍ജക്ഷന്‍ എടുത്ത് ആ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. നാട്ടിലെത്തി ഡോക്ടറെ കണ്ടപ്പോഴും മൈഗ്രേനുള്ള ചികില്‍സയാണു ചെയ്തത്. രണ്ടു മാസം അങ്ങനെ പോയി. അസുഖം കുറഞ്ഞതു പോലെ തോന്നി. അതുവരെ പനിക്കു പോലും മരുന്നു കഴിക്കേണ്ടി വരാത്തയാളാണു ഞാന്‍. ഒ രു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിനു മുന്നിലൂടെ ലൊക്കേഷനിലേക്കു പോകുമ്പോള്‍ ഞാന്‍ അമ്മ യോടു പറഞ്ഞു. ഇവിടെ വന്നിട്ട് ഏഴുകൊല്ലമായി. ഇതുവരെ ഈ മെഡിക്കല്‍ കോളജിന്റെ ഉള്‍വശം ഒന്ന് കയറിക്കണ്ടിട്ടില്ല. അമ്മ അപ്പോള്‍ തന്നെ ഒരു അടി തന്നു. 'അങ്ങനെ ഒന്നും പറയാന്‍ പാടില്ല' അമ്മ പറഞ്ഞു. അതിന്റെ ആറാംദിവസം ഞാന്‍ ആശുപത്രിയിലായി. അറംപറ്റുക എന്നു പറയുന്നതിലൊന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് അറിയാതെ ചില സൂചനകള്‍ നമ്മളില്‍ നിന്നു തന്നെ വരും. പക്ഷേ, സംഭവിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ നമുക്കത് മനസ്സിലാകൂ. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയില്‍ ആകുന്നത്.

രോഗത്തെക്കുറിച്ചു സൂചന കിട്ടിയതെങ്ങനെ?

കണ്ണൂരിലെ പഴയങ്ങാടിയാണ് എന്റെ സ്വന്തം സ്ഥലം. അഞ്ചാം ക്ലാസ് മുതല്‍ കൂത്തുപറമ്പ് നവോദയ സ്‌കൂളി ലായിരുന്നു പഠനം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ് പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കുന്നു. കൂട്ടുകാരി എറിഞ്ഞ ഷോട്പുട് വന്നു വീണത് എന്റെ തലയില്‍. അപ്പോള്‍ തന്നെ ബോധം പോയി. അന്നാണ് ആദ്യമായി ആശുപത്രി കണ്ടത്. സിടി സ്‌കാന്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അപ്പോള്‍ കുഴപ്പമൊന്നും തോന്നാതിരുന്നതു കൊണ്ട് അതു ചെയ്തില്ല. വീണ്ടും തലവേദനയുമായി ഡോക്ടറെ കണ്ടപ്പോള്‍ അമ്മ ഗീത ഈ പഴയ സംഭവം പറഞ്ഞു. അതുമായി ബന്ധമുണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു ഡോക്ടറുടെ നിഗമനം. സിടി എടുത്തു. അതു കഴിഞ്ഞപ്പോള്‍ എംആര്‍ഐ സ്‌കാന്‍ കൂടി ചെയ്യണമെന്ന് പറഞ്ഞു. അതുവരെ എനിക്ക് തമാശയായിരുന്നു. റിപ്പോര്‍ട്ടുമായി ഡോക്ടറെ കാണാന്‍ അമ്മയുമൊത്തു ചെന്നപ്പോള്‍ അത് വായിച്ചതിനുശേഷം എന്നോട് അഞ്ചു മിനിറ്റ് പുറത്തിരിക്കാന്‍ പറഞ്ഞു. മാരകരോഗം വരുമ്പോളാണല്ലോ സിനിമയിലൊക്കെ ഡോക്ടര്‍മാര്‍ അങ്ങനെ പറയുന്നത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അമ്മ തളര്‍ന്ന് പാവപോലെയായി. അമ്മയ്‌ക്കൊപ്പം അനുജന്‍ ശരണ്‍ജിത്തുമുണ്ട്. അമ്മയും അനിയനും മാറിനിന്നു സംസാരിക്കുന്നു. അമ്മയെ താങ്ങിപ്പിടിച്ചാണ് ഞാന്‍ ഇറങ്ങിയത്.

കാറിനുള്ളില്‍ കയറിയതും അനിയന്‍ സ്റ്റിയറിങ്ങില്‍ മുഖം അമര്‍ത്തി ഏങ്ങലടിച്ചു കരയുന്നു. ഒന്നും പറയുന്നില്ല. അ നിയന്‍ അത്രമേല്‍ കരയുന്നതു ആദ്യമായാണ് കാണുന്നത്. എനിക്കെന്തോ സംഭവിക്കാന്‍ പോകുന്നു, ഇനി അധികനാളില്ല. ഒടുവില്‍ കാര്യം മനസ്സിലായി. തലയില്‍ ട്യൂമറാണ്. ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുള്ളൂ.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം