പ്രേമം സ്റ്റൈലില്‍ അല്‍ഫോന്‍സ് പുത്രന് മനസമ്മതം

പ്രേമം സംവിധായകനു മനസമ്മതം. യുവസംവിധായകന്‍ അൽഫോൻസ് പുത്രനും നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയുടെയും മനസമ്മത ചടങ്ങ് എളംകുളം ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടന്നു. മനസമ്മതത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. പ്രേമത്തില്‍ മലരേ എന്ന ഗാനം ഉപയോഗിച്ചാണ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണു ക്ഷണിച്ചിരുന്നത്. സിനിമാരംഗത്തു നിന്നു നസ്രിയയും നിർമാതാവ് ആന്റോ ജോസഫും ചടങ്ങിൽ സംബന്ധിച്ചു. പ്രേമത്തിൽ അഭിനയിച്ച പുതുമുഖങ്ങളും ചടങ്ങിനെത്തിയിരുന്നു.

ആലുവ മാഞ്ഞൂരാൻ വീട്ടിൽ പോൾ പുത്രന്റെയും ഡെയ്സിയുടെയും മകനാണ് അൽഫോൻസ്. നിവിൻ പോളിയും നസ്രിയയും അഭിനയച്ച യുവ്ഹ് എന്ന ആൽബത്തിലെ ‘നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം’ എന്ന പാട്ടിന്റ വിഡിയോയിലൂടെയാണു അൽഫോൻസ് ശ്രദ്ധിക്കപ്പെടുന്നത്.

ഒട്ടേറെ ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്ത അൽഫോൻസിന്റെ ആദ്യം സിനിമ തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ നേരമായിരുന്നു. ആൽവിൻ ആന്റണിയുടെയും (അനന്യ ഫിലിംസ്) എഞ്ചലീനയുടെയും മകളായ അലീന മേരി ആന്റണി മാസ്റ്റർ ഒാഫ് ഇന്റ്ർനാഷണൽ ബിസിനസ് (എംഐബി) വിദ്യാർഥിനിയാണ്. 22ന് ആലുവയിലാണ് വിവാഹം.