ആശാ ശരത്തിന് നഷ്ടമായ കമലദളം

മോഹൻലാൽ, മോനിഷ, ആശ ശരത്

ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന കലാമൂല്യമുള്ള സിനിമകളിൽ ഒന്നാണ് സിബിമലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നൃത്തവിസ്മയമായി മാറിയ കമലദളം. ഇരട്ട നായികമാരായി പാർവതിയും മോനിഷയും അരങ്ങു തകർത്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും മോനിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് കമലദളത്തിലെ മാളവിക നങ്ങ്യാർ എന്ന കഥാപാത്രത്തിലൂടെയായിരുന്നു. മോനിഷ അനശ്വരമാക്കിയ ഈ കഥാപാത്രത്തിന്റെ രൂപത്തിൽ മറ്റൊരാളെ സങ്കൽപ്പിക്കാമോ? എന്നാൽ കേട്ടോളു, ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി തെരഞ്ഞെടുത്തത് ആശാ ശരത്തിനെയാണ്.

അത്ഭുതപ്പെടണ്ട, സീരിയലുകളിലൂടെ വന്നു വളരെ ചെറിയ സമയത്തിനുള്ളിൽ മലയാളം - തമിഴ് സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയും നർത്തകിയുമായ ആശ ശരത്തിനായിരുന്നു കമലദളത്തിലെ മാളവിക നങ്ങ്യാരാകാൻ ആദ്യം നറുക്ക് വീണത്‌. എന്നാൽ ആ അവസരം ആശ തന്നെ വേണ്ടെന്നു വക്കുകയായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെടും എന്ന് ഉറപ്പുള്ള സിനിമയിലെ അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രം വേണ്ടെന്നു വച്ചതിന്റെ കാരണവും ആ കഥാപാത്രം തന്നിലേക്ക് എത്തിയ സാഹചര്യവും ആശ തന്നെ വ്യക്തമാക്കുന്നു.

'' ഞാൻ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കമലദളത്തിലെ മാളവിക നങ്ങ്യാർ എന്ന കഥാപാത്രം എന്നെ തേടി വരുന്നത്. കലാപരമായി ഏറെ അടുത്തു നിന്ന കുടുംബം ആയിരുന്നു ഞങ്ങളുടേത്. അത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായം മുതൽ തന്നെ ഞാൻ നൃത്തം അഭ്യസിച്ചിരുന്നു .അമ്മ സുമതി കേരള കലാമണ്ഡലത്തിലെ നൃത്തധ്യാപികയായിരുന്നു. കഥാപാത്രത്തിന് വേണ്ടി ശാസ്ത്രീയ നൃത്തം അറിയാവുന്ന കുട്ടിയെതേടിയുള്ള സംവിധായകന്റെ അന്വേഷണമാണ് എന്നിൽ എത്തിച്ചേർന്നത്. ജയറാമേട്ടൻ (നടൻ ജയറാം ) ഒരു ദിവസം വിളിച്ചിട്ട്, ലോഹിതദാസ് സർ വിളിക്കും എന്ന് പറഞ്ഞു. അപ്പോഴും എനിക്ക് എന്താണ് കാര്യം എന്ന് പിടികിട്ടിയിരുന്നില്ല. പിന്നീട് ലോഹി സർ ആണ് കഥാപാത്രത്തെ കുറിച്ചു പറയുന്നത്.

കേട്ടപ്പോൾ കഥാപാത്രത്തോട് താൽപര്യം തോന്നി എങ്കിലും , സിനിമ ചെയ്യുന്നില്ല എന്ന് ഞാൻ തീരുമാനിച്ചു. കാരണം, പഠിത്തത്തിനാണ് അന്ന് ഞാനും കുടുംബവും മുൻ‌തൂക്കം നൽകിയത്. ഒപ്പം അറിയപ്പെടുന്ന ഒരു നർത്തകി ആകുക എന്നതും. എന്റെ ആ സ്വപ്‌നങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഞാൻ തന്നെയാണ് സിനിമ വേണ്ടെന്നു വച്ചത്. പോരെങ്കിൽ സിനിമയിൽ അഭിനയിക്കുക , നടിയാവുക തുടങ്ങിയ ആഗ്രഹങ്ങൾ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല'' ആശ ശരത്‌ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

സിനിമ റിലീസ് ആയപ്പോൾ , എടുത്ത തീരുമാനം തെറ്റായിപോയി എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും തന്നെ ആശയുടെ തീരുമാനത്തെയും ലക്ഷ്യബോധത്തെയും ബാധിച്ചില്ല. ''സിനിമ കണ്ടപ്പോൾ , ആ കഥാപാത്രത്തോട് വല്ലാത്ത ഇഷ്ടം തോന്നി . ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നും തോന്നി. എന്നാൽ അഭിനയിക്കേണ്ട എന്ന് ഞാനെടുത്ത തീരുമാനം തെറ്റാണെന്ന് ഇന്ന് വരെ തോന്നിയിട്ടില്ല.'' ആശ പറയുന്നു .

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് വിശ്വസിക്കുന്ന ആശ, കമലദളം ഇറങ്ങി ഏറെ നാളുകൾക്കു ശേഷം സിനിമയിൽ അരങ്ങേറ്റം കുറിച്ച നിമിഷത്തെ, അതാണ്‌ ശരിയായ സമയം എന്നാണ് വിശേഷിപ്പിക്കുന്നത്. ആഗ്രഹപ്രകാരം നൃത്തപഠനം പൂർത്തിയാക്കിയ ആശ ശരത്‌ വിവാഹ ശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഭർത്താവും മക്കളുമായി ദുബായിൽ സ്ഥിരതാമസമാക്കിയ ആശ അവിടെ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

ജീത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തിലെ ധീരയായ പോലീസ് ഓഫീസറുടെ കഥാപാത്രത്തിലൂടെ സിനിമയിൽ സജീവമായ ആശ ശരത്ത് 2016 നെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ വർഷത്തെ ആദ്യ ചിത്രമായ പാവാട റിലീസിന് തയ്യാറെടുക്കുകയാണ്. ബിജു മേനോൻ നായകനാകുന്ന അനുരാഗകരിക്കിൻ വെള്ളം , കിങ് ലയർ‌ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നു.

എന്തായാലും ആശാ ശരത്‌ കമലദളത്തിൽ അഭിനയിക്കാതിരുന്നത് കൊണ്ട് മലയാള സിനിമയുടെയും ഭാഗ്യമാണ് എന്ന് പറയാം, കാരണം അതുകൊണ്ട് മലയാള സിനിമയ്ക്ക് കരുത്തുറ്റ രണ്ടു അഭിനേത്രികളെ ലഭിച്ചു മോനിഷയെയും കുറച്ചു വൈകി എങ്കിലും ആശ ശരത്തിനെയും.