ബീഫിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കടിപിടി

ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. സോഷ്യല്‍മീഡിയയിലും മറ്റും നഖ്‌വിയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നതും. ഈ വിഷയത്തില്‍ പ്രശസ്തരായ ചിലരുടെ പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.

ഞാന്‍ ഇന്ത്യ വിടുകയാണെന്നും ഇനി പാക്കിസ്ഥാനിലേക്ക് തിരിക്കുകയാണ് അവിടെ നന്നായി ബീഫ് കഴിക്കാമെന്നും നടിയും എഴുത്തുകാരിയുമായ മീന കന്ദസാമി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനും ബീഫും തമ്മില്‍ എന്തുബന്ധം. അദ്ദേഹം മുസ് ലിംസിനെയാണോ ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ ജൂതന്മാരും ക്രിസ്ത്യാനികളും തുടങ്ങിയവരെല്ലാം ബീഫ് കഴിക്കുന്നുണ്ട്. സംവിധായകനായ അനുഭവ് സിന്‍ഹ പറയുന്നു.

നഖ്‌വിയ്ക്കു മറുപടിയുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തി. ‘ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ ബീഫ് കഴിക്കാറുണ്ട്, ഇനിയും കഴിക്കും, ബീഫ് കഴിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല. ലോകത്ത് 90% ആളുകളും ബീഫ് കഴിക്കുന്നുണ്ട്. അവരെല്ലാം പാപികളാണോ‍ ? പശു പവിത്രയാണെന്നും മാതാവാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഒരു മൃഗം എങ്ങനെ മനുഷ്യവംശത്തിന്റെ അമ്മയാവും? അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇന്ത്യയിലെ 90 % ആളുകളും വിഡ്ഢികളാണെന്ന്. ഇക്കൂട്ടരിൽ മുഹമ്മദ് അബ്ബാസും ഉൾപ്പെടും. കട്ജു പറഞ്ഞു.