സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി ഡോ. ബിജു

ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഡോ. ബിജു. ഹിന്ദി സിനിമളെ പ്രോത്സാഹിപ്പിക്കുകയും ദക്ഷിണേന്ത്യന്‍ സിനിമകളെ അവഗണിക്കുകയും ചെയ്യുന്ന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ആണ് എൻ എഫ് ഡി സി എന്നും സുരേഷ് ഗോപിയുടെ വരവോടെ ഇതുമാറുമെന്നാണ് പ്രതീക്ഷയെന്നും ബിജു പറയുന്നു.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. ‘ എൻ എഫ് ഡി സി യെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ വിശേഷിപ്പിക്കുന്നത് നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നല്ല മറിച്ചു നാഷണൽ "ഹിന്ദി" ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നാണ് . എൻഎഫ്ഡിസി, മലയാളം തമിഴ് കന്നഡ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടും താല്പര്യം കാണിക്കാറില്ല .

എൻ എഫ് ഡി സി ഗോവാ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് എല്ലാ വർഷവും ഫിലിം ബസാർ നടത്താറുണ്ട്‌ . അന്തർദേശീയ നിലവാരമുള്ള സിനിമകളുടെ നിർമാണത്തിനായി കോ പ്രൊഡക്ഷൻ മാർക്കറ്റ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം . ലോക രാജ്യങ്ങളിലെ പ്രശസ്തമായ ചലച്ചിത്ര മേളകളിൽ പ്രവേശനം സാധ്യമാകുന്ന തരത്തിൽ കലാമൂല്യവും നിലവാരവും ഉള്ള ചിത്രങ്ങളുടെ നിർമാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത നിർമാണ കമ്പനികളെ ക്ഷണിക്കുകയും അവർക്ക് മുൻപിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏതാണ്ട് 25 ഓളം പ്രോജക്ടുകൾ ഓരോ വർഷവും അവതരിപ്പിച്ച് കോ പ്രൊഡക്ഷൻ സാധ്യതകൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം .

സമകാലിക ഇന്ത്യൻ സിനിമയിലെ മികച്ച കുറെ ഏറെ ചിത്രങ്ങൾ ഇതിലൂടെ നിർമിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് . ലഞ്ച് ബോക്സ്‌ , ഷിപ്‌ ഓഫ് തെസുസ്, തുടങ്ങി ഹിന്ദിയിലെയും മറാത്തിയിലെയും നിരവധി കലാമൂല്യ സിനിമകൾ ഇങ്ങനെ നിർമിക്കപ്പെട്ടതാണ് . പക്ഷെ ഫിലിം മാർകറ്റ്‌ തുടങ്ങി കഴിഞ്ഞ ഏഴു വർഷങ്ങൾ ആയിട്ടും മലയാളം തമിഴ് കന്നഡ ഉൾപ്പെടെയുള്ള സൌത്ത് ഭാഷകളിൽ നിന്നും ഒരു പ്രൊജക്റ്റ് പോലും കോ പ്രൊഡക്ഷൻ മാർക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല . അതു കൊണ്ടു തന്നെ ഫിലിം മാർക്കറ്റിൽ പങ്കെടുക്കുന്ന ദക്ഷിണേന്ത്യൻ പ്രതിനിധികൾ എൻ എഫ് ഡി സി യെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശേഷിപ്പിക്കുന്നത് നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നല്ല മറിച്ചു നാഷണൽ ഹിന്ദി ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നാണ്.

എൻ എഫ് ഡി സി യുടെ മറ്റൊരു പ്രധാന ജോലി ഇന്ത്യയിലെ ശ്രദ്ധേയമായ കലാമൂല്യ സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രൊമോട്ട് ചെയ്യുക, വിപണനം നടത്തുക എന്നിവയാണ് . ഇതിനായി ലോകത്തിലെ എല്ലാ പ്രധാന ചലച്ചിത്ര മേളകളിലും എൻ എഫ് ഡി സി പങ്കെടുക്കാറുണ്ട് . ഇവിടെയും അവർ പ്രാമുഖ്യം കൊടുക്കുന്നത് ഹിന്ദി , മറാത്തി , ബംഗാളി , പഞാബി ചിത്രങ്ങൾക്കാണ് . ലോകത്തെ പ്രശസ്തമായ മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് നേരെ പോലും എൻ എഫ് ഡി സി മുഖം തിരിക്കുകയാണ് പതിവ് . എൻ എഫ് ഡി സി യുടെ തലപ്പത്ത് നടൻ സുരേഷ് ഗോപി വരാൻ സാധ്യത എന്ന് കേട്ടപ്പോൾ ഇത്രയും കുറിക്കണം എന്ന് തോന്നി.

ദക്ഷിണേന്ത്യയിലെ കലാമൂല്യ സിനിമകൾക്കും അർഹമായ പരിഗണന നല്‍കാൻ സുരേഷ് ഗോപിയുടെ സ്ഥാനാരോഹണത്തിലൂടെ സാധിക്കുമോ. നടൻ എന്ന നിലയിൽ സുരേഷ് ഗോപിക്ക് ഇത്രയും നാൾ പരിചിതമായ തരത്തിലുള്ള സിനിമകളുടെ ഇടമല്ല എൻ എഫ് ഡി സി കൈകാര്യം ചെയ്യുന്നത് . കച്ചവട സിനിമകളുടെ ലോകത്തിലല്ല എൻ എഫ് ഡി സി പ്രവർത്തിക്കുന്നത് . നമ്മുടെ കെ എസ് എഫ് ഡി സി യെ പോലെ തീയേറ്ററുകളുടെ നടത്തിപ്പും , ലാബ് പ്രവർത്തനങ്ങളും മാത്രമല്ല മറിച്ച് നിരവധി രാജ്യങ്ങളിലെ അന്തർദേശീയ ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും , ഇന്ത്യയിൽ നിരവധി ഭാഷകളിൽ കലാമൂല്യ സിനിമകൾ നിർമിക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കലും ഒക്കെയാണ് .

ഇതൊന്നും സുരേഷ് ഗോപി എന്ന നടൻ ഇതുവെരെ പരിചയിച്ച ഇടങ്ങൾ അല്ല . പക്ഷെ അദ്ദേഹം ഇതിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം . അങ്ങനെയെങ്കിൽ എൻ എഫ് ഡി സി ഇപ്പോൾ മലയാളം ഉൾപ്പെടെ ഉള്ള ദക്ഷിണേന്ത്യൻ ഭാഷയിലെ കലാമൂല്യ ചിത്രങ്ങളോട് പുലർത്തുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കുവാൻ അദ്ദേഹത്തിന് സാധ്യമാകട്ടെ . താരമൂല്യം നോക്കാതെയും വിട്ടുവീഴ്ചകൾ ഇല്ലാതെയും അന്തർ ദേശീയ നിലവാരമുള്ള കലാമൂല്യ ചിത്രങ്ങൾ നിർമിക്കുന്നതിനു എൻ എഫ് ഡി സി യുടെ സഹായം മറാത്തിയിലെയും ഹിന്ദിയിലെയും സംവിധായകർക്ക് ഇപ്പോൾ ലഭ്യമാകുന്ന പോലെ തന്നെ മലയാളത്തിലെ പുതിയ ചെറുപ്പക്കാർക്കും ലഭ്യമാകട്ടെ. ബിജു പറയുന്നു.