മീരയുടെ പെരുമാറ്റം സഹിക്കാൻ പറ്റാതെ കമൽ

നടി മീരാ ജാസ്മിനെതിരെ കടുത്ത വിമർശനവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രീകരണസമയത്തും മറ്റും നടിയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നുപറയുന്നു കമല്‍. തന്റെ സിനിമയിലെ അഭിനേതാക്കളെ ഒരു പരിധിവരെ മനസ്സിലാകാറുണ്ടെങ്കിലും മീര ജാസ്മിന്‍ എന്ന നടിയെ തനിക്കൊട്ടും മനസ്സിലായിട്ടില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മീരയും തന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നത് വേദനാപൂര്‍വം തിരിച്ചറിയുന്നെന്നും കമല്‍ പറയുന്നു. ഒരു വാരികയിലെഴുതുന്ന പംക്തിയിലാണ് കമല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞത്.

പെരുമഴക്കാലം, സ്വപ്നക്കൂട്, മിന്നാമിന്നിക്കൂട്ടം, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളിലാണ് കമലും മീര ജാസ്മിനും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. മീരാ ജാസ്മിനെവെച്ച് താനെടുത്ത നാല് സിനിമകളുടെ സെറ്റിലും മീര പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി കമല്‍ പറയുന്നു. തന്‍റെ ഭാഗത്തു നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് ഒരുപാട് വട്ടം ആലോചിച്ചുനോക്കിയിട്ടുണ്ട്. ഒരിക്കലും അങ്ങനെ പെരുമാറിയിട്ടുമില്ല. എന്നിട്ടും മീര ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. കമല്‍ പറഞ്ഞു.

ഗ്രാമഫോണ്‍ സിനിമയുടെ സെറ്റില്‍ ആദ്യമൊക്കെ സന്തോഷത്തോടെയായിരുന്നു മീര ഇടപെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ അവരൊരു താരമായി മാറിയോ എന്ന ധാരണകൊണ്ട് പലരീതിയില്‍ പലരോടും പെരുമാറുവാന്‍ തുടങ്ങി. അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യന്‍മാരോടൊക്കെ മോശമായി പെരുമാറിയ മീരാ ജാസ്മിനെ പലവട്ടം വിളിച്ച് ഈ കാര്യത്തില്‍ താക്കീത് ചെയ്തു. താക്കീത് ചെയ്യുമ്പോള്‍ പലപ്പോഴും മീരയുടെ മറുപടി ഇതായിരുന്നു ‘എനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കാന്‍ കഴിയൂ’ എന്നാണത്രെ.

ഗ്രാമഫോണ്‍ സിനിമയില്‍ എസ്.ബി സതീഷായിരുന്നു വസ്ത്രാലങ്കാരം‍. മൂന്ന് തവണ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ ആളാണ് അദ്ദേഹം. അദ്ദേഹത്തോടും മീര വളരെ മോശമായി പെരുമാറി. അദ്ദേഹം നല്‍കിയ കോസ്റ്റ്യൂം ധരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ആ വസ്ത്രം വലിച്ചു കീറുകയായിരുന്നു.

സതീഷിന് ആ അനുഭവം വലിയ വേദനയുണ്ടാക്കിയിരുന്നു. ഇതുവരെ ഒരുനടിയും എന്റെ സെറ്റില്‍ ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, നിങ്ങടെ അറിവില്ലായ്മകൊണ്ടും പക്വതക്കുറവ് കൊണ്ടുമാണ് നിങ്ങളിങ്ങനെ പെരുമാറുന്നതെന്നും അന്നും ഞാന്‍ മീരാ ജാസ്മിനെ വിളിച്ച് ശകാരിച്ചിരുന്നു. പിന്നീട് എല്ലാവരോടും വന്ന് ക്ഷമപറഞ്ഞ് അവര്‍ സ്‌നേഹത്തോടെ പെരുമാറി.

അതിന് ശേഷം സ്വപ്‌നക്കൂട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനവരുടെ ശത്രുവിനെ എന്നപോലെയായിരുന്നു പെരുമാറ്റം. സെറ്റില്‍ സമയത്ത് വരാതിരിക്കുക എന്നത് ശീലമാക്കി. അങ്ങനെ മോശമായ പല പെരുമാറ്റങ്ങളും സ്വപ്‌നക്കൂടിന്റെ സെറ്റിലുമുണ്ടായി. സിനിമയുടെ ഡബ്ബിങ് സമയത്ത് തന്നോട് പറയാതെ ഇറങ്ങി പോവുകയും ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു മീരയുമായി ഇനിയൊരു പടം ഉണ്ടാകില്ലെന്ന്, അത്രമാത്രം ഞാന്‍ വിഷമിച്ചിരുന്നു.

മീരാ ജാസ്മിന്‍ കാമറയ്ക്ക് മുന്നില്‍ വിസ്മയമാണെന്നത് മറന്നിട്ടല്ല ഇത് പറയുന്നതെന്നും എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പെരുമാറ്റം അവരില്‍ നിന്നും സഹിച്ചിട്ടുണ്ടെന്നും കമല്‍ പറയുന്നു. മിന്നാമിന്നിക്കൂട്ടമെന്ന തന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സഹോദരനുമായുളള അഭിപ്രായ ഭിന്നതകള്‍ മൂലം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നും കമല്‍ പറയുന്നു. അവസാനം സിംഗപ്പൂരില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവസാന ഷോട്ടെടുക്കും മുന്‍പെ മീരാ ജാസ്മിനോട് ഇത് നമ്മുടെ അവസാന ഷോട്ടാണ്. ഇനി ഒരുമിച്ചൊരു സിനിമ നിങ്ങളെവെച്ച് എനിക്ക് ആലോചിക്കുവാന്‍ പറ്റുമോ എന്നറിയില്ലെന്നും ഞാന്‍ പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് ശേഷം മലയാളത്തിലുണ്ടായ നായികാവസന്തമായിരുന്നു മീര. അത് അവര്‍ തന്നെ ഇല്ലാതാക്കി. അതെന്നെങ്കിലും അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍...എന്നെഴുതിയാണ് കമല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.