മലയാളി സംവിധായകന്‍ ഷൂട്ടിങ്ങിനിടെ അതിശൈത്യത്തിൽപ്പെട്ട് മരിച്ചു

സാജന്‍ കുര്യൻ

മലയാളി യുവസംവിധായകന്‍ സാജന്‍ കുര്യൻ ‍(33) (സാജന്‍ സമായ എന്നും അറിയപ്പെട്ടിരുന്നു) സിനിമയുടെ ചിത്രീകരണത്തിനിടെ മരിച്ചു. ബിബ്ളിയോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഡാക്കിൽ അതിശൈത്യം മൂലം മരണമടയുകയായിരുന്നു.

ഷൈന്‍ ടോം ചാക്കോ, ജോയ് മാത്യു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ഈയിടെ നടന്നിരുന്നു. സാജന്റെ സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം.

പ്രതികൂലമായ കാലാവസ്ഥയാണ് ഇപ്പോൾ ലഡാക്കിലേത്. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ അവസാനഘട്ട ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. ജോയ് മാത്യു കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയാക്കി ലഡാക്കില്‍ നിന്ന് മടങ്ങിയത്.

കൊമേഴ്സ്യൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള പരീക്ഷണങ്ങളായിരുന്നു സാജന്റെ സിനിമകൾ. ദ് ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാജൻ തൃശൂർ സ്വദേശിയാണ്.