മൊയ്തീന്‍-കാഞ്ചന പ്രണയത്തെ ചോദ്യം ചെയ്ത ഹമീദിന് വക്കീല്‍ നോട്ടീസ്

കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആരോപിച്ച എഴുതുകാരനും സമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍ നോട്ടീസ്. മുക്കം സേവാ മന്ദിറില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയുടെ ആദ്യമെംബറും സംസ്‌ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ഷിബു കല്ലൂരാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചത്‌. ഹമീദിന്‍റെ പ്രസ്‌താവന പിന്‍വലിക്കണമെന്നാണ്‌ ആവശ്യം.

അഡ്വ. വി.കെ അന്‍വര്‍ സാദിഖ്‌ മുഖേനയാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. എന്ന്‌ നിന്റെ മൊയ്‌തീന്‍ എന്ന സിനിമയ്‌ക്ക് ആധാരമായ വ്യക്‌തികള്‍ തന്റെ കക്ഷിയായ ഷിബു ആരാധിക്കുന്ന മൊയ്‌തീനും കാഞ്ചനമാലയുമാണെന്നും അവരെ അവഹേളിച്ച്‌ ഹമീദ്‌ നടത്തിയ പ്രസ്‌താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്‌തമാക്കി. ഹമീദ്‌ നടത്തിയ പ്രസ്‌താവന പ്രശസ്‌തിക്ക്‌ വേണ്ടിയാണെന്നും ആരോപിക്കുന്നു.

25 വര്‍ഷം പ്രണയിച്ചിട്ടും അത്‌ വിവാഹത്തിലെത്തിക്കാന്‍ മൊയ്‌തീനും കാഞ്ചനമാലയ്‌ക്കും സാധിക്കാത്തത്‌ പ്രണയത്തില്‍ ആത്മാര്‍ത്ഥയില്ലാത്തത്‌ കൊണ്ടാണെന്നായിരുന്നു ഹമീദിന്റെ ആരോപണം. പത്തുപതിനഞ്ചു വര്‍ഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലത്തെിക്കാന്‍ മൊയ്തീനും കാഞ്ചനമാലയ്ക്കും സാധിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രണയം കാപട്യമായിരുന്നു. പ്രണയം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ അവര്‍ക്ക് ഒരുമിക്കാന്‍ കഴിയുമായിരുന്നെന്നും ഹമീദ് പറഞ്ഞു. ഇത്രയും സ്‌നേഹച്ചിരുന്ന മൊയ്‌തീന്‌ വേണ്ടി സ്വന്തം സ്വത്തില്‍ നിന്ന്‌ 10 സെന്റ്‌ സ്‌ഥലം വിറ്റ്‌ സ്‌മാരകം പണിയാന്‍ കാഞ്ചനമാല തയ്യാറാകാത്തത്‌ എന്തു കൊണ്ടാണെന്നും ഹമീദ്‌ ചോദിച്ചിരുന്നു.