ദുൽഖറിന് പിറന്നാൾ

നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും തേടിയുള്ള വെള്ളിത്തിരയിലെ യാത്രയ്ക്കു ആഴമുറപ്പിച്ച നടന്റെ ജന്മദിനമാണിന്ന്. അഭിനയത്തിലെ നവപ്രതിഭ ദുൽഖർ സൽമാനു ജന്മദിനാശംസകൾ. അച്ഛനെ പോലെ അഭിനയത്തിനൊപ്പം കൂടി മകനും. പക്ഷേ മമ്മൂട്ടിയെന്ന മഹാ നടന്റെ മകൻ എന്ന ടാഗ് ലൈനിന്റെ വലിയ നിഴലിൽ അധികനാൾ ഒതുങ്ങിക്കൂടേണ്ടി വന്നില്ല. സെക്കൻഡ് ഷോ സിനിമയിലൂടെ വന്ന നടന്റെ സിനിമയുടെ പ്രദർശനങ്ങൾ തേടി വലിയ നിരകൾ പലപ്പോഴും തീയറ്ററിന്റെ മുറ്റത്തു കാണുവാനായി.

എന്റെ വിധി എന്റെ തീരുമാനമാണെന്നു ഒരു സിനിമയിൽ താരം പറഞ്ഞപോലെ, തിരഞ്ഞെടുത്ത വേഷങ്ങളിലെ വിവിധ മാനങ്ങൾ ദുൽഖറെന്ന നടനെ വാർത്തെടുത്തു. മറ്റേതു പുതുമുഖ താരത്തിനും കിട്ടാവുന്നതിനേക്കാൾ വ്യത്യസ്തവും ആഴമുള്ളതുമായ വേഷങ്ങള്‍ ദുൽഖർ സൽമാനെന്ന നടനെ തേടി വന്നു. അതു മികച്ച രീതിയില്‍ അവതരിപ്പിക്കുവാനുമായി ദുൽഖറിന്. ആ കഥാപാത്രങ്ങളുടെ മാനറിസങ്ങളും വർത്തമാനങ്ങളും തലമുറ ഭേദമന്യേ ജനമനസുകളിൽ പതിഞ്ഞു പോയി.

ദുൽഖറിനെ ഇത്രവേഗം ജനങ്ങൾ ഏറ്റെടുത്തതിലും അയാളുടെ സിനിമകൾ കാണുവാൻ ഏറെയിഷ്ടത്തോടെയും കൗതുകത്തോടെയും തീയറ്ററുകളിലേക്കു ചെന്നതും മമ്മൂട്ടിയുടെ മകനായതു കൊണ്ടു തന്നെയാണ്. പക്ഷേ ആ ആനുകൂല്യത്തിന്റെ ചിറകേറി നടന്നില്ല ദുൽഖർ അധികകാലം.

രുചിഭേദത്തിന്റെ നന്മയെ തിരിച്ചറിയുന്ന ഫൈസിയും എബിസിഡിയിലെ ഫ്രീക്ക് ബോയിയും ജീവിതത്തെ പട്ടം പോലെ അഴിച്ചുവിട്ട അജുവും ചാർലിയും കമ്മട്ടിപ്പാടത്തു വളർന്ന കൃഷ്ണനും ഉയരമുള്ള കെട്ടിടത്തിനുള്ളിൽ നിന്നു കാമറയിലൂടെ ജീവിതങ്ങളെ നോക്കി വ്യസനിട്ട അഞ്ചു സുന്ദരികളിലെ കഥാപാത്രവും മണിരത്നത്തിന്റെ പ്രണയനായകനായുമൊക്കെ വേഷപ്പകർച്ച നടത്തുവാനായതും അതുകൊണ്ടു തന്നെ.

സ്വതം തേടുന്നവരായിരുന്നു ദുൽഖർ അവതരിപ്പിച്ച അധികം കഥാപാത്രങ്ങളും. അവർക്കുള്ളിലെ വീർപ്പു മുട്ടലുകളെ ഭാവഭേദങ്ങളിലൂടെയും ശരീരഭാഷയിലൂടെയും മറ്റൊരു തലത്തിലേക്കു മാറ്റുവാനായി ദുൽഖറിന്. പോയവർഷം മികച്ച നടനുള്ള പുരസ്കാരവും തേടിയെത്തി. ഇനിയുള്ളകാലവും ഈ താളത്തിനു മാറ്റമുണ്ടാകാതിരിക്കട്ടെ. ദുൽഖറിനു എല്ലാവിധ ആശംസകളും നേരുന്നു.